ADVERTISEMENT

ഇറ്റലിയിലെ കാമ്പാനിയയിലെ നേപ്പിൾസ് ഉൾക്കടലിൽ, നേപ്പിൾസിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വെസൂവിയാസ് അഗ്നിപര്‍വതം ഏറെ പ്രശസ്തമാണ്. ആഫ്രിക്കൻ, യുറേഷ്യൻ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയുടെ ഫലമായി ഏകദേശം കാല്‍ ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പര്‍വതം രൂപപ്പെടുന്നത്. 

കഴിഞ്ഞ ആഴ്ച വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഇൗ പ്രദേശം. അഗ്നിപർവതമായ മൗണ്ട് വെസൂവിയസില്‍, സെല്‍ഫിയെടുക്കവേ സഞ്ചാരി അഗാധമായ ഗര്‍ത്തത്തിലേക്ക് വീണിരുന്നു. ഫിലിപ്പ് കരോൾ എന്ന അമേരിക്കന്‍ യുവാവ് കുടുംബത്തോടൊപ്പമായിരുന്നു അഗ്നിപർവതത്തിലേക്ക് വിനോദയാത്രക്കെത്തിയത്. 4,000 അടി ഉയരമുള്ള അഗ്നിപർവതത്തിന്‍റെ മുകളിൽ എത്തിയപ്പോള്‍എല്ലാവരും ഒരുമിച്ച് സെൽഫി എടുക്കുന്നതിനിടെ ഫോൺ കയ്യിൽ നിന്ന് തെന്നി താഴെയുള്ള ഗർത്തത്തിലേക്ക് വീഴുകയായിരുന്നു.  പ്രാദേശിക ഗൈഡുകളുടെയും പൊലീസിന്‍റെയും അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

vesuvius-crater
Versta/shutterstock

പതിയിരിക്കുന്ന അപകടം

വെസൂവിയസ് നിരവധി തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. എഡി 79- ൽ വെസൂവിയസ് പര്‍വതം പൊട്ടിത്തെറിച്ച്, റോമൻ നഗരങ്ങളായ പോംപൈ, ഹെർക്കുലേനിയം, ഓപ്‌ലോണ്ടിസ്, സ്‌റ്റാബിയേ എന്നിവയും മറ്റ് നിരവധി വാസസ്ഥലങ്ങളും നശിച്ചു. കഴിഞ്ഞ നൂറ് വർഷത്തിനുള്ളിൽ യൂറോപ്പിലെ പ്രധാന ഭൂപ്രദേശത്ത് പൊട്ടിത്തെറിച്ച ഒരേയൊരു അഗ്നിപർവ്വതമാണിത്. ഇന്ന്, ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവതങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള അഗ്നിപർവ്വത മേഖലയാണ്. ഏകദേശം 600,000 പേർ അപകടമേഖലയില്‍ വസിക്കുന്നു. 

vesuvius-crater3
indrova/shutterstock

വെസൂവിയസ് ദേശീയോദ്യാനം

വെസൂവിയസിന് ചുറ്റുമുള്ള പ്രദേശം 1995 ജൂൺ 5-ന് ഔദ്യോഗികമായി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. വെസൂവിയസിന്‍റെ കൊടുമുടി പ്രദേശം സന്ദർശകർക്കായി തുറന്നിരിക്കുന്നു, കൂടാതെ അഗ്നിപർവതത്തിന് ചുറ്റുമുള്ള പാതകളിലൂടെ വാരാന്ത്യങ്ങളിൽ നടക്കാം. കൊടുമുടിയുടെ 200 മീറ്ററിര്‍ അടുത്തുവരെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാം,  അതിനുശേഷം കാൽനടയായി മാത്രമേ പ്രവേശനമുള്ളൂ. റോഡിൽ നിന്ന് ഗർത്തത്തിലേക്ക് എത്താന്‍, അഗ്നിപർവതത്തിന് ചുറ്റുമായി സർപ്പിളാകൃതിയുള്ള ഒരു നടപ്പാതയുണ്ട്.

സഞ്ചാരികള്‍ക്കായി വെസൂവിയസ് പർവതത്തിലെ ആദ്യത്തെ ഫ്യൂണിക്കുലാർ കേബിൾ കാർ "ഫ്യൂനികുലി, ഫ്യൂനികുല" 1880-ൽ ആരംഭിച്ചിരുന്നു, എന്നാല്‍, 1944 മാർച്ചിലെ പൊട്ടിത്തെറിയിൽ ഇത് നശിപ്പിക്കപ്പെട്ടു.

English Summary: Trying to Take a Selfie,Tourist Falls Into Mount Vesuvius Crater

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com