സാരിയുടുത്ത് അങ്ങ് മാലദ്വീപിൽ; ഭൂമിയിലെ പറുദീസ ഇതുതന്നെ: സാധിക
Mail This Article
‘‘ഇന്ത്യ വിട്ട് എവിടേക്കും പോകാത്തതിനാൽ എന്റെ ആദ്യത്തെ പാസ്പോർട്ട് അലമാരയ്ക്കുള്ളിലുള്ള ലോകം മാത്രമേ കണ്ടിട്ടുള്ളു, അതങ്ങനിരുന്നു കാലാവധി കഴിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല, രണ്ടാമത്തെ പാസ്പോർട്ട് എടുത്ത് അധികം താമസിക്കാതെ യാത്ര പോയി. അതും ഭൂമിയിലെ സ്വർഗത്തിലേക്ക്. പാസ്പോർട്ടിൽ ആദ്യമായി ഒരു സീൽ പതിച്ച് കിട്ടിയപ്പോൾ ഒരു പ്രത്യേക സന്തോഷം ആയിരുന്നു.’’ – യാത്രയെ പ്രണയിക്കുന്ന, മലയാളികളുടെ പ്രിയങ്കരിയായ സാധികയുടെ വാക്കുകളാണിവ.
വിദേശയാത്രകൾ അധികം നടത്തിയിട്ടില്ലെങ്കിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി യാത്രകൾ പോയിട്ടുണ്ട് സാധിക. ‘‘കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടുകയുള്ളൂ എന്നുപറയുന്നതു പോലെ, വലിയ മോഹങ്ങളൊന്നും എനിക്കില്ല, എങ്കിലും ആഗ്രഹിച്ചതൊക്കെ ദൈവം തന്നിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലെ വിലപ്പെട്ടത്’’ – സാധിക പറയുന്നു.
‘‘വീട്ടിലെ യാത്രാപ്രേമി എന്റെ അമ്മയാണ്. യാത്രകളോടുള്ള അമ്മയുടെ പ്രണയമാണ് എന്നെയും യാത്രകളിലേക്കു നയിച്ചത്. സ്കൂളിൽ വിനോദയാത്രയ്ക്ക് പോകുവാൻ വീട്ടുകാരോട് വാശിപിടിച്ച് കരയുന്ന കുട്ടികളുടെ മുമ്പിൽ എപ്പോഴും നിറപുഞ്ചിരിയോടെയായിരുന്നു എന്റെയും അനിയന്റെയും വരവ്. കാരണം സ്കൂളിലെ എല്ലാ വിനോദയാത്രയ്ക്കും അമ്മ കട്ടസപ്പോർട്ടായിരുന്നു.
ഇനി ആ സ്വർഗത്തെക്കുറിച്ച് പറയാം
ശരിക്കും ഇതാണ് പറുദീസ, അക്ഷരാർഥത്തിൽ ശരിയാണ്. നീലാകാശത്തെ മുട്ടിയുരുമ്മി പ്രണയിക്കുന്ന കടലും കടലിനെ ചുംബിച്ച് നിൽക്കുന്ന താമസയിടങ്ങളും വിനോദങ്ങളും കാഴ്ചകളുമെല്ലാമായി വല്ലാത്തൊരു വൈബ്.
മാലദ്വീപ് സ്വർഗതുല്യം തന്നെ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം എന്ന് കൊതിപ്പിച്ച ഇടമായിരുന്നു അത്. ചിത്രങ്ങളിലും വിഡിയോകളിലുമൊക്കെ കാണുന്നതിനെക്കാൾ ഭംഗിയേറിയ ഇടം. കടൽ കണ്ടുള്ള താമസവും രുചിയൂറും വിഭവങ്ങളും എല്ലാം പൊളിയായിരുന്നു.
സാരിയുടുത്ത് ദ്വീപില്‍
ഏത് സ്ഥലത്തേക്കുള്ള യാത്രയായലും മിക്കവരും ആ ഡെസ്റ്റിനേഷനു യോജിച്ച വസ്ത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ബീച്ച് യാത്രകൾക്ക് മിക്കവരും ബിക്കിനിയാണ് ധരിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി ഞാൻ ദ്വീപിൽ സാരിയുടുത്തു.
മാലദ്വീപിൽ സാരിയുടുത്ത് ഫോട്ടോഷൂട്ട് നടത്തണമെന്നത് എന്റെ മോഹമായിരുന്നു അത് സാധിച്ചു. മാലദ്വീപിന്റെ നീലിമയിൽ കടൽക്കാറ്റിന്റെ ഇൗണത്തിൽ സാരിയുടുത്ത് ചിത്രങ്ങൾ എടുക്കാനായതിൽ ഏറെ സന്തോഷമുണ്ട്. ഒരുപക്ഷേ ഞാനാണോ ഇനി മാലദ്വീപിൽ ആദ്യമായി സാരിയുടുത്ത് എത്തിയത് എന്നാണ് ഇപ്പോഴത്തെ ചിന്ത. എന്തായാലും എന്റെ ഉള്ളിലെ ആഗ്രഹം നടത്താനായി.
മനസ്സമാധാനം ഇല്ലാതാക്കുന്നയാൾ ആകരുത് കൂട്ടിന്
ഒറ്റയ്ക്കുള്ള യാത്രകളും പ്രിയമാണ്. കൂടെയുള്ളത് ഫ്രണ്ട്‌സോ ഫാമിലിയോ പാർട്ണറോ ആരുതന്നെ ആയാലും ഒന്നു മാത്രം നോക്കിയാൽ മതി. നമ്മുടെ മനസ്സമാധാനം ഇല്ലാതാക്കുന്നയാൾ ആകരുതെന്നു മാത്രം.
കാരണം യാത്രകൾ ആസ്വദിക്കാനുള്ളതാണ്. എന്‍ജോയ് ചെയ്യാനായി പോയിട്ട്, യാത്രയുടെ മൂഡ് കളഞ്ഞും കുറ്റം പറഞ്ഞും, അത് വേണ്ട, ഇത് ശരിയായില്ല, അങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞും നമ്മുടെ പോസിറ്റിവിറ്റിയെ ഇല്ലാതാക്കുന്ന ആളുകളുടെ കൂടെ പോകുന്നതിനേക്കാൾ നല്ലത് പോകാതിരിക്കുന്നതാണ്.
ഞാൻ എപ്പോഴും താൽപര്യപ്പെടുന്നത് മനസ്സമാധാനം മാത്രം ആണ്. എനിക്ക് പൊതുവേ എല്ലാ കാര്യങ്ങളെയും പുച്ഛത്തോടെ കാണുന്ന, എല്ലാത്തിനും കുറ്റം കാണുന്ന ആളുകളെ ഇഷ്ടമല്ല. പിന്നെ ചിലപ്പോഴൊക്കെ നമ്മുടെ മനസ്സമാധാനത്തിനായി ഒന്നും കണ്ടില്ല, കേട്ടില്ല എന്നു നടിക്കും. കുറ്റം പറയാനും ഗോസിപ് അടിക്കാനും ആണെങ്കിൽ ഇവിടെത്തന്നെ എവിടെയെങ്കിലും റൂം എടുത്ത് അവിടിരിക്കുന്നതാണ് നല്ലത്. എനിക്ക് അങ്ങനെയുള്ള യാത്രകളോടു താൽപര്യമില്ല.
ആഗ്രഹിച്ച് യാത്ര പോകുന്നത് ആ സ്ഥലത്തെ എക്സ്പ്ലോർ ചെയ്യാനാണ്. അതാണ് എന്റെ ലക്ഷ്യവും. യാത്രകൾ എപ്പോഴും മനോഹരം ആയിരിക്കണം. ഓരോ നിമിഷവും എല്ലാം മറന്ന് ആസ്വദിക്കാൻ സാധിക്കണം.
അതിനു സാധിക്കുന്ന ഒരേ മനസ്സുള്ള പെണ്ണുങ്ങളെ യാത്രയ്ക്കൊപ്പം കൂട്ടാം. പരസ്പരം സപ്പോർട്ട് ചെയ്യുന്ന, ഒപ്പം നിൽക്കുന്ന നല്ല പെൺസുഹൃത്തുക്കൾ ഉണ്ടാവുക എന്നത് വിരളം ആണ്. എന്റെ ഒക്കെ സ്വഭാവത്തിന് അതൊരു വലിയ ടാസ്ക് ആണെന്ന് പറയേണ്ടിവരും.
ട്രിപ്പടിക്കാൻ ലൈസൻസ് ഇല്ല
സോളോ ട്രിപ്പ് നടത്താറുണ്ട് എന്ന് പറയാനൊക്കില്ല. എന്റെ ഷൂട്ടിന്റെയും പ്രോഗ്രാമിന്റെയും ഭാഗമായി മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ രണ്ടു മൂന്നു ദിവസം കൂടുതൽ താമസിച്ച് ആ സ്ഥലങ്ങൾ, അവിടെ ഉള്ള സുഹൃത്തുക്കൾ, ഫൂഡ് അങ്ങനെയെല്ലാം എക്സ്പ്ലോർ ചെയ്താണ് തിരിച്ചു വരാറ്.
എനിക്കിപ്പോഴും ഡ്രൈവിങ് ലൈസൻസ് ഇല്ല എന്നതാണ് സത്യത്തിൽ സോളോ യാത്ര പോകാത്തതിന്റെ പ്രധാന കാരണം. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഒറ്റയ്ക്ക് ഇന്ത്യ മൊത്തത്തിൽ ഒന്നു കറങ്ങി വന്നേനെ. അത്രയ്ക്കു പ്രണയമാണ് എനിക്ക് യാത്രകളോട്.
പുതിയ സ്ഥലങ്ങൾ, പുതിയ ആളുകൾ, ഭാഷകൾ, രീതികൾ, സംസ്കാരങ്ങൾ, വസ്ത്രധാരണം, ഭക്ഷണങ്ങൾ അങ്ങനെ ഒരുപാട് വ്യത്യസ്തതകൾ ആസ്വദിക്കാൻ യാത്രകൾ കൊണ്ട് സാധിക്കും. ഓരോ പ്രദേശത്തെ കാറ്റിനും മണ്ണിനും വരെ വ്യത്യസ്ത സുഗന്ധം ആണ്. കടലിന്റെയും കുന്നിന്റെയും മണലിന്റെയും ചെടിയുടെയും പൂക്കളുടെയും ഭംഗി വ്യത്യസ്തമാണ്.
തുറിച്ചു നോട്ടവും മുനവച്ചുള്ള സംസാരങ്ങളും; യാത്രയിലെ അനുഭവം
പൊതുവേ കേരളത്തിന് പുറത്തുള്ള യാത്രകൾ എപ്പോഴും എനിക്ക് സേഫ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. തുറിച്ചു നോട്ടങ്ങൾ, മുനവച്ചുള്ള സംസാരങ്ങൾ, ഗോസിപ്സ് ഒക്കെ കുറവാണ്. പിന്നെ സഹായ മനസ്കതയുള്ളവരും ഒരുപാടുണ്ട്. കേരളത്തിലെ ട്രെയിൻ യാത്രകളിലും ബസ് യാത്രകളിലും തുറിച്ചുനോട്ടം കൂടുതലാണ്.
മറക്കാനാവില്ല ആ രസകരമായ യാത്രകൾ
ഓരോ യാത്രയും നമുക്ക് ഓരോ തരം അനുഭവമാണു തരുന്നത്. അതിൽ നമ്മൾ മറക്കാൻ ആഗ്രഹിക്കുന്നതും മറക്കാതിരിക്കുന്നതുമായ ഒരുപാടു കാര്യങ്ങൾ ഉണ്ടാകും. ഒരിക്കൽ ഷൂട്ടിനായി ഹൈദരാബാദ് ഫിലിം സിറ്റിയിൽ പോയപ്പോൾ അവിടുത്തെ ക്ഷണിക്കാത്ത കല്യാണത്തിന് പോയി ഫുഡടിച്ചതും ഇത്തവണ മാലദീപിൽ പോയപ്പോൾ ഉൾക്കടലിൽ പോയി കടലിനടിയിലെ സൗന്ദര്യം ആസ്വദിച്ചതും ബോംബയിൽ ജൂഹു ബീച്ചിൽ പോയി ജെറ്റ് സ്കി ചെയ്തതും ഒക്കെ മറക്കാത്ത ഓർമകൾ ആണ്.’’
മുംബൈ, ചെെെന്ന എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്. ഷോപ്പിങ്ങാണ് ഹൈലൈറ്റ്. അവധിയാഘോഷത്തിനായി ഹിൽസ്റ്റേഷൻനാണ് തിരഞ്ഞെടുക്കുന്നത്. പ്രകൃതിയുമായി അടുത്ത് നിൽക്കുന്ന പ്രദേശങ്ങളും ബീച്ചുകളും പ്രിയമാണ്. മൂന്നാർ, വയനാട്, ഇടുക്കി, കോവളം, പൂവാർ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കാറുണ്ട്.
കൂടാതെ കൂർഗ്, മുരുഡേശ്വര്‍, കന്യാകുമാരിയൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളാണ്. ഗോവ ഇന്നുവരെ പോകാൻ പറ്റിയിട്ടില്ല, അവസരം ഒത്തുവന്നാൽ ഗോവയിലേക്ക് പോകാണം.
സ്വപ്നമാണ് ഇൗ യാത്ര
കാഴ്ചകൾ കണ്ട് ലോകം ചുറ്റണമെന്നതാണ് ഡ്രീം. എന്നിരുന്നാലും കശ്മീർ, കസോൾ, ഹിമാചൽ, മണാലി, ആൻഡമാൻ, ബാലി, സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് ഇൗ മനോഹര ഇടങ്ങളിലേക്കും യാത്ര പോകണം. കാഴ്ചകളുടെ മായലോകത്തേയ്ക്ക് സഞ്ചരിക്കണം.
English Summary: Celebrity Travel, Sadhika Venugopal Travel Experience