ADVERTISEMENT

മരുഭൂമികളില്‍ ഉണ്ടാകുന്ന തടാകങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ? വടക്കൻ കെനിയയിലെ, കെനിയൻ റിഫ്റ്റ് വാലിയിൽ സ്ഥിതിചെയ്യുന്ന ടർക്കാന തടാകത്തിനാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം തടാകങ്ങളില്‍ ഏറ്റവും വലുത് എന്ന ബഹുമതിയുള്ളത്. കൂടാതെ, കാസ്പിയൻ കടൽ, ഇസിക്-കുൾ, വാൻ തടാകം എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉപ്പ് തടാകവും, ലോകത്തിലെ ഏറ്റവും വലിയ സ്ഥിരമായ മരുഭൂ തടാകവും, ലോകത്തിലെ ഏറ്റവും വലിയ ക്ഷാര തടാകവും കൂടിയാണ് ഇത്.

യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഈ ടർക്കാന തടാകപ്രദേശം, മനുഷ്യവാസയോഗ്യമല്ല. എന്നാല്‍, ഈ പ്രദേശത്തിന്‍റെ പ്രകൃതിഭംഗിയും ജൈവവൈവിധ്യവും ആരെയും അദ്ഭുതപ്പെടുത്തും. തടാകത്തില്‍ സ്ഥിതിചെയ്യുന്ന മൂന്ന് ദ്വീപുകൾ ദേശാടന പക്ഷികളുടെ ഇടത്താവളവും മുതലകളുടെയും ഹിപ്പോകളുടെയും പ്രജനന കേന്ദ്രവുമാണ്. ഏറ്റവും മധ്യഭാഗത്തുള്ള ദ്വീപില്‍ ഏകദേശം 120,000 നൈൽ മുതലകൾ പ്രജനനം നടത്തുന്നു. സഞ്ചാരികള്‍ക്ക് ഇവിടേക്ക് ബോട്ടില്‍ എത്തിച്ചേരാം. 

തടാകതീരത്തുള്ള  സിബിലോയ് നാഷണൽ പാർക്കിൽ വലിയ സസ്തനികളുമുണ്ട്. വടക്കന്‍ കെനിയയില്‍ കണ്ടുവരുന്ന റെറ്റിക്യുലേറ്റഡ് ജിറാഫ്, ബെയ്‌സ ഓറിക്‌സ്, ലെസർ കുഡു, ജെറെനുക്, ഗ്രെവി സീബ്ര തുടങ്ങിയവ കൂടാതെ, സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി എന്നിവയും ഇവിടെയുണ്ട്.

LakeTurkana
Belikova Oksana/shutterstock

അഗ്നിപര്‍വത പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന പാറകളാണ് തടാകത്തിന് ചുറ്റും. കൂടാതെ മരുഭൂമി പ്രദേശങ്ങളില്‍ മാത്രം കാണുന്ന നിരവധി സസ്യങ്ങളും കാണാം. അതിമനോഹരമായ നീലനിറമാണ് തടാകത്തിലെ ജലത്തിനുള്ളത്. 

മഴ വളരെ കുറവാണെങ്കിലും, ഏപ്രിൽ, നവംബർ മാസങ്ങളിൽ ഇവിടെ അത്യാവശ്യം മഴ പെയ്യാറുണ്ട്. അതിനു ശേഷമുള്ള സമയമാണ് തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. നെയ്‌റോബിയിൽ നിന്ന് 665 കിലോമീറ്റര്‍ വടക്കാണ്‌ തുർക്കാന തടാകം സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കൻ തീരത്തുള്ള ലോയംഗലാനിയിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റില്‍ എത്തിച്ചേരാനാകും. കൂടാതെ, അടുത്തുള്ള സിബിലോയിയിലേക്കും തടാകത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ലോദ്‌വാറിലേക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുണ്ട്.

തുർക്കാന തടാകം കൂടാതെ, മരുഭൂമി മ്യൂസിയം, എൽമെന്റെയ്റ്റ തടാകം, മൗണ്ട് കുലാൽ ബയോസ്ഫിയർ റിസർവ്, മാര്‍ട്ടി റോക്ക് ആര്‍ട്ട്, കൂബി ഫോറ മ്യൂസിയം തുടങ്ങിയവയും ഇവിടെ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാരും ഈ മേഖലയില്‍ സജീവമാണ്.

English Summary: Lake Turkana: The Life of A Desert in Kenya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com