വിനീതിനോട് സ്മരണ വേണമെന്ന് മാത്തുക്കുട്ടി; മനോഹര യാത്രാചിത്രങ്ങൾ പങ്കുവച്ച് താരം

vineeth-2
SHARE

മലയാളികള്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിട്ടുള്ള ശ്രീനിവാസന്‍ സംഭാഷണങ്ങളിലൊന്നാണ് 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്നത്. ആ ഡയലോഗ് അങ്ങ് പോളണ്ടില്‍ പോയി പറയാതെ പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യ ദിവ്യ എടുത്ത ചിത്രം വിനീത് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ശ്രീനിവാസന്റെ ചിത്രവും പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന സന്ദേശത്തിലെ ഡയലോഗുമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് വിനീത് ചിത്രത്തിലുള്ളത്. വിരല്‍ ചുണ്ടില്‍ വച്ച് മിണ്ടരുതെന്ന ആംഗ്യവും കാണിക്കുന്നുണ്ട്. ഈ ടീ ഷര്‍ട്ടിന് ആര്‍.ജെയും സുഹൃത്തുമായ മാത്തുക്കുട്ടിക്ക് നന്ദിയും വിനീത് പറയുന്നുണ്ട്. പങ്കുവച്ച ചിത്രത്തിന് താഴെ  മാത്തുക്കുട്ടി 'സ്മരണ വേണം സ്മരണ' എന്ന കമന്റും ചെയ്തിട്ടുണ്ട്. തിരക്കിട്ട സിനിമ ജീവിതത്തിനിടയിലെ അവധിക്കാലം ആഘോഷിക്കാനാണ് വിനീത് കുടുംബസമേതം പോളണ്ടിലെത്തിയത്. 

സാലിപെയ്, പോളണ്ടിലെ മനോഹര ഗ്രാമം

തെളിഞ്ഞ ആകാശത്തിന് താഴെ മനോഹരമായ ചിത്രങ്ങളുള്ള ഒരു കെട്ടിടത്തിന് മുന്നിലുള്ള ചിത്രമാണ് വിനീത് പോസ്റ്റു ചെയ്തിരിക്കുന്നത്. പോളണ്ടിലെ ടര്‍നൗ നഗരത്തിലെ ഒരുപാട് പ്രത്യേകതകളുള്ള സലിപിയ ഗ്രാമത്തില്‍ നിന്നാണ് വിനീത് ഈ ചിത്രമെടുത്തിരിക്കുന്നത്. 

കാട്ടുപൂക്കളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച വര്‍ണ്ണാഭമായ ഒരു പോളിഷ് ഗ്രാമമാണ് സലിപിയ. ഇവിടെയെല്ലാം കെട്ടിടങ്ങളും പാലങ്ങളും മതിലുകളുമെല്ലാം മനോഹരമായ ചുവര്‍ചിത്രങ്ങള്‍ പോലെയുള്ളവയാണ്. പോളണ്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ മനോഹര കാഴ്ച്ചകളൊരുക്കുന്ന മറഞ്ഞിരിക്കുന്ന രത്‌നം തന്നെയാണ് ഈ നഗരത്തില്‍ നിന്നും ഉള്ളിലേക്ക് മാറിയുള്ള ഗ്രാമം. 

നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട് സലിപിയ ഗ്രാമത്തിലെ ഈ തനതു കലയ്ക്ക്. അവിടുത്തെ വീടുകളില്‍ വിറകടുപ്പുകളുണ്ടായിരുന്നെങ്കിലും ചിമ്മിനികളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വീടിന്റെ പുറംഭിത്തിയിലും മറ്റും പെട്ടെന്നു തന്നെ പുക പറ്റി അഴുക്ക് വരാറുണ്ടായിരുന്നു. ഇത് മറികടക്കാനായി സാലിപെയിലെ വീട്ടമ്മമാരാണ് വീടുകള്‍ക്ക് ചുറ്റും മനോഹരമായി പെയിന്റു ചെയ്ത് പൂക്കളുടെ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്. 

യുദ്ധത്തിലും തുടര്‍ന്ന് ചിത്രം വര

ഇന്ന് സലിപിയ എന്ന ഗ്രാമത്തിന്റെ വ്യക്തിത്വം തന്നെ ഈ ചിത്രങ്ങളിലായിരിക്കുന്നു. ലോകമഹായുദ്ധകാലത്ത് പോലും തുടര്‍ന്ന ഈ പ്രതീക്ഷയുടെ വരകള്‍ അവരുടെ പാരമ്പര്യമായി മാറുകയും ചെയ്തു. വര്‍ഷങ്ങള്‍ ചെല്ലുകയും പുതിയ തലമുറകള്‍ വരുകയും ചെയ്തതോടെ കൂടുതല്‍ വിശാലമായ രീതിയില്‍ ഈ പെയിന്റിംങുകള്‍ മാറുകയായിരുന്നു. വീടുകളുടെ പുറം ചുമരിന് മാത്രമല്ല ഉള്ളിലും മതിലുകളിലും കോഴിക്കൂട്ടിലും പട്ടിക്കൂട്ടിലുമെല്ലാം ഈ ചിത്രങ്ങള്‍ നിറഞ്ഞു. വീട്ടുപകരണങ്ങളിലേക്കും ആഭരണങ്ങളിലേക്കും വസ്ത്രങ്ങളിലെ തുന്നല്‍പണികളിലേക്കും വരെ ഈ പൂക്കള്‍ പടര്‍ന്നു. 

തങ്ങളുടെ ഈ സംസ്‌കാരം വിപുലമാക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ടാര്‍നൗവിലെ എത്‌നോഗ്രാഫിക് മ്യൂസിയം ഗ്രാമീണര്‍ക്കിടയില്‍ ഒരു മത്സരം തന്നെ സംഘടിപ്പിക്കുന്നുണ്ട്. സലിപിയയിലെ എല്ലാ വീട്ടുകാര്‍ക്കും ഇതില്‍ പങ്കെടുക്കാം. മികച്ച ചിത്രങ്ങള്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. സാധാരണ വീടുകളും ഇത്തരത്തില്‍ മനോഹരമായി പെയിന്റടിക്കാറുണ്ട്. വീടുകള്‍ക്ക് മുന്നില്‍ പോയി ചിത്രങ്ങളെടുക്കുമ്പോള്‍ അവിടെയുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കാറുണ്ട്. ഫെലിസിയ കുറിലോ എന്ന ഗ്രാമീണ സ്ത്രീയുടെ വീട് വില്ലേജ് മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്. മനോഹരമായി ചിത്രങ്ങള്‍ വരിച്ചിരുന്ന ഫെലിസിയയുടെ ചിത്രങ്ങള്‍ അതേ മട്ടില്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

പോളണ്ടിലെ ക്രാകൗ നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ കിഴക്കുമാറിയാണ് സലിപിയ ഗ്രാമമുള്ളത്. ഇതൊരു ഉള്‍നാടന്‍ ഗ്രാമമായതിനാല്‍ സഞ്ചാരികള്‍ക്കുള്ള താമസ സൗകര്യങ്ങള്‍ പരിമിതമാണ്. അതുകൊണ്ട് ക്രാകൗവിലോ വാര്‍സോയിലോ താമസിച്ച് ഇവിടം സന്ദര്‍ശിക്കുന്നതാണ് ഉചിതം.

English Summary: vineeth sreenivasan share poland travel pictures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}