ADVERTISEMENT

മനുഷ്യരോട് വളരെയധികം ഇണങ്ങുന്ന ജീവികളായാണ് കാലങ്ങളായി ഡോള്‍ഫിനുകളെ കണക്കാക്കിപ്പോരുന്നത്. കാണാനും വളരെയധികം ക്യൂട്ടാണ് ഈ ജലജീവികള്‍. ഇവയ്ക്കൊപ്പം നീന്താനും കളിക്കാനുമെല്ലാം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇനി നീന്തുമ്പോള്‍ അല്‍പമൊന്നു ശ്രദ്ധിക്കുന്നത് നന്നാവും, ഡോള്‍ഫിനുകള്‍ ഇപ്പോള്‍ മനുഷ്യരെ കടിക്കാനും തുടങ്ങിയിട്ടുണ്ട്!

ജപ്പാനിലെ ഫുകുയി മേഖലയിലാണ് ഈയിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം തന്നെ മനുഷ്യരെ ഡോള്‍ഫിനുകള്‍ ആക്രമിച്ച പത്തോളം കേസുകള്‍ ഇവിടെ ഉണ്ടായി. ഇതെല്ലാം ചെയ്യുന്നത് ഒരു ഡോള്‍ഫിന്‍ തന്നെയാണോ അതോ വേറെയും ഡോള്‍ഫിനുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. 

Sea
Hawk777/ shutterstock

‌വിനോദസഞ്ചാരികളെ വിലക്കി

സംഭവവുമായി ബന്ധപ്പെട്ട്, വിനോദസഞ്ചാരികള്‍ കടലിലേക്ക് ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. കടിക്കുന്ന ഡോള്‍ഫിനുകളെ തുരത്താനായി അൾട്രാസോണിക് ഫ്രീക്വൻസി പുറപ്പെടുവിക്കുന്ന ഒരു ഉപകരണവും കടൽത്തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഡോൾഫിനിനെ തൊടരുതെന്ന് പറഞ്ഞുകൊണ്ട് അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും ഇവിടെയുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ജൂലൈ ഒന്‍പതിനാണ് ബീച്ച് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നത്. ജപ്പാനിലെ അതിസുന്ദരമായ ഒരു ഭൂപ്രദേശമാണ് ഫുകുയി. ബീച്ചുകള്‍ മാത്രമല്ല, ധാരാളം പര്‍വതങ്ങളും താഴ്‌‌‌വരകളുമെല്ലാം നിറഞ്ഞ പ്രകൃതിയാണ് ഇവിടുത്തേത്. കെഹി നോ മത്സുബറ, സുഷോഹാമ, മിസുഷിമ, വകാസ വാഡ, എക്കിസെൻ, മിക്കുനി, തനൂറ, ഇറ മുതലായവയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകള്‍.

ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പൈതൃക കേന്ദ്രങ്ങളിലൊന്നായ ഇച്ചിജോഡാനി അസകുറ ചരിത്രാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നത് ഫുകുയിയിലാണ്. യോകോക്കൻ ഗാർഡൻ, ഫുകുയി കാസിൽ, ഫുകുയി ഫൈൻ ആർട്സ് മ്യൂസിയം, കിറ്റനോഷോ കാസിൽ, അസുവ നദി, ഹാർമണി ഹാൾ, ഫുകുയി ഇന്റർനാഷണൽ ആക്ടിവിറ്റീസ് പ്ലാസ, ലോകത്തിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ പീസ് പഗോഡ എന്നിവയെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പുരാതന എക്കിസെൻ പ്രവിശ്യയുടെ ഭാഗമായിരുന്നു ഫുകുയി. പടിഞ്ഞാറ് ജപ്പാൻ കടലും കിഴക്ക് റൈഹാകു പർവതനിരയുമാണ് ഇതിന്‍റെ അതിർത്തി. കുഴൂർ നദി നഗരത്തിലൂടെ ഒഴുകുന്നു. മെയ് മാസമാണ് ഇവിടേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത്. മാർച്ച് മുതല്‍ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഹോട്ടലുകൾക്കും ഫ്ലൈറ്റുകൾക്കും നിരക്ക് വളരെ കൂടുതലായിരിക്കും. ജൂലൈ മാസമാണ് ഏറ്റവും കുറഞ്ഞ ചിലവില്‍ ഫുകുയി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

English Summary: "Don't Go Near": Biting Dolphin Menace In Japanese Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com