മലയാളത്തിന്റെ പ്രിയപാട്ടുകാരി സയനോരയ്ക്ക് സംഗീതം പോലെ പ്രിയപ്പെട്ടവയാണ് യാത്രകളും ഡ്രൈവിങ്ങും. അവ രണ്ടും സയനോരക്ക് നല്‍കുന്നത് സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാന്‍ അമ്മയും കൂട്ടുവരാന്‍ മകളുമുളളപ്പോള്‍ സയനോരയ്ക്ക് ഓരോ യാത്രകളും പൊളിയാണ്. തന്റെ യാത്രാ വിശേഷങ്ങള്‍ മനോരമയുമായി സയനോര പങ്കുവയ്ക്കുന്നു...
യാത്രകള്‍...
'യാത്രകളെനിയ്ക്ക് ഒരുപാടിഷ്ടമാണ്. രണ്ട് മോഡാണ്. ഒന്ന് തോട്ട്ഫുള്‍ മോഡ്. മറ്റൊന്ന് പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ സ്പീഡില്‍ ഒക്കെ ഡ്രൈവ് ചെയ്ത് പോവുന്ന ലെവലും. നല്ല ഭംഗിയുളള സ്ഥലങ്ങള്‍ കാണുമ്പോള്‍ ഒന്ന് സ്ലോ ആക്കും. ഒറ്റയ്ക്ക് യാത്ര പോവുന്നതാണ് കൂടുതല്‍ ഇഷ്ടം. പ്രത്യേകിച്ചും സ്വയം വണ്ടിയോടിച്ച് പോവുമ്പോള്‍. അല്ലെങ്കില്‍ സ്പീഡ് കൂടി എന്നൊക്കെ പറഞ്ഞ് മമ്മിയെല്ലാം ചീത്ത പറഞ്ഞുകൊണ്ടിരിക്കും. അപ്പോള്‍ ഡ്രൈവിങ്ങും ആസ്വദിക്കാന്‍ പറ്റില്ല.

പിന്നെ കേരളത്തിനകത്ത് യാത്ര പോവാന്‍ ഭയങ്കര ഇഷ്ടമാണ്. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം മൂന്നാറാണ്. വീണ്ടും വീണ്ടും പോവാന്‍ തോന്നുന്ന ഒരിടമാണത്'
വിദേശ യാത്ര
'ഷോയ്ക്ക് പോവുമ്പോള്‍ യാത്ര ചെയ്യാന്‍ അവസരം കിട്ടാറുണ്ട്. എന്നാലും ശബ്ദം ശ്രദ്ധിക്കേണ്ടതുകൊണ്ട് അത്ര എഞ്ചോയ് ചെയ്യാന്‍ പറ്റാറില്ല. നാലഞ്ചു ദിവസം കിട്ടിയാല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലൊക്കെ പോവാന്‍ ഇഷ്ടമാണ്. യു.എസില്‍ പോയപ്പോള്‍ സിക്‌സ് ഫ്‌ളാഗ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ പോയിരുന്നു. അതൊരു ഗംഭീര അനുഭവമായിരുന്നു.

പിന്നെ യു.കെയില്‍ ആദ്യമായി റഹ്‌മാന്‍ സാറിനൊപ്പം പോയപ്പോൾ ഷോയില്ലാത്ത ദിവസം ഭക്ഷണത്തിനൊക്കെ പണം തരികയാണ് ചെയ്യുക.

അന്ന് പുറത്തിറങ്ങി ഭക്ഷണം വാങ്ങാനൊന്നും പരിചയമില്ല. അങ്ങനെ ഒരു ദിവസം മുഴുവന്‍ വിശപ്പ് അടക്കിപിടിച്ച് മുറിയിലിരുന്നിട്ടുണ്ട്. പിറ്റേ ദിവസം വിശപ്പ് സഹിക്കാനാവാതെ പുറത്തിറങ്ങി. പ്ലേബാക്ക് സിംഗര്‍ രഞ്ജിത്താണ് അയ്യോ, നീ വിശന്നിരിക്കുകയായിരുന്നോ എന്നൊക്കെ ചോദിച്ച് ഭക്ഷണം കഴിക്കാനൊക്കെ കൂടെ കൂട്ടിയത്. അങ്ങനെ ആളുകളേയും രീതികളേയുമൊക്കെ പരിചയമാവുകയും ചെയ്തു'
സ്വപ്‌ന ഡെസ്റ്റിനേഷനുകള്‍?
ഗോവ ഇഷ്ട സ്ഥലമാണെങ്കില്‍ ലേ ലഡാക്കാണ് സ്വപ്‌ന ഡെസ്റ്റിനേഷന്‍. ലേ ലഡാക്ക് ബൈക്കില്‍ റൈഡ് ചെയ്യണമെന്നല്ല. കാറില്‍ പോകാനാണ് ആഗ്രഹം. കുറേ കാലമായി പദ്ധതിയുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഒരു മാസം ബ്രേക്ക് എടുത്ത് യാത്ര ചെയ്യണമെന്നൊക്കെ പ്ലാനുണ്ടെന്നും സയനോര പറയുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് തന്നെയാണ് ഏറ്റവും ഇഷ്ടം. ചെന്നൈയിലെ തിരുവണ്ണാമലെയിലേക്ക് ഒറ്റക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. ഭൂമിശാസ്ത്രപരമായി തന്നെ വളരെ പോസിറ്റീവായ സ്ഥലമാണിതെന്ന് കേട്ടിട്ടുണ്ട്. പുറത്ത് ഗ്രീസും ആഫ്രിക്കയുമൊക്കെയാണ് ഇതുവരെ പോവാത്ത എന്നാല്‍ പോകണമെന്ന് ആഗ്രഹമുള്ള സ്ഥലങ്ങള്‍.
മമ്മിയാണ് വഴികാട്ടി, മകളാണ് കൂട്ട്
യാത്രയുടെ കാര്യത്തില്‍ സയനോരയുടെ മമ്മിയും മകളും ഒരേ പൊളിയാണ്. മമ്മി സ്വന്തം കാറെടുത്ത് സോളോ ട്രിപ്പ് പോവുന്നയാളാണ്. ഒരു മാറ്റം വേണമെന്ന് തോന്നുമ്പോള്‍ ഒന്ന് യാത്ര പോയിവരാന്‍ അമ്മ തന്നെയാണ് പറയാറെന്നും സയനോര പറയുന്നു. കൊച്ചിയില്‍ തന്നെയാണെങ്കിലും ഫോര്‍ട്ട് കൊച്ചിയിലോ മറ്റോ എതെങ്കിലും റിസോര്‍ട്ടില്‍ പോയി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടിങ്ങ് പോരും. ഒറ്റക്കുള്ള ബ്രേക്ക് വളരെ പ്രധാനമാണ്. ആ രീതിയിലുള്ള സോളോ ട്രിപ്പുകള്‍ ഒരുപാട് ഗുണം ചെയ്യാറുണ്ട്.
മകള്‍ ജനയുമൊത്തുള്ള യാത്രകള്‍ വേറെ വൈബാണ്. യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ അധികം സംസാരിക്കാറൊന്നുമില്ല. ഡ്രൈവ് ചെയ്യുമ്പോള്‍ സയനോര വളരെ കുറവേ സംസാരിക്കാറുളളൂ. അപ്പോള്‍ മോളാണ് പാട്ട് പ്ലേ ചെയ്യുന്നതും നാവിഗേഷന്‍ നിയന്ത്രിക്കുന്നതുമെല്ലാം. ഒപ്പം പുറത്തെ കാഴ്ചകളുമൊക്കെ കണ്ടങ്ങനെ ഇരിക്കും. എനിക്ക് പറ്റിയ ഒരു പെര്‍ഫക്ട് ട്രാവല്‍ പാട്ണറാണ് ജന.
നിവര്‍ന്നു നില്‍ക്കണം ബോഡി ഷെയ്മിങ്ങിനെതിരെയും
'ബോഡിഷെയ്മിംങ് ആദ്യം വരാന്‍ തുടങ്ങിയപ്പൊ എന്റെ പ്രശ്‌നമാണെന്നാണ് കരുതിയത്. ഞാന്‍ തടി കുറക്കാത്തതുകൊണ്ടാണ് ഇവരിങ്ങനെ പറയുന്നതെന്നാ കരുതിയത്. പിന്നെ ഞാന്‍ ആലോചിച്ചപ്പോ നമ്മള്‍ നമ്മുടെ ലൈഫ് ജീവിക്കുക എന്നേയുള്ളൂ, അതിനെ ആളുകളെങ്ങനെ കാണുന്നു എന്നതില്‍ കാര്യമില്ലെന്ന് മനസിലായി. പലരും അവരുടെ തെറ്റായ അറിവും അറിവില്ലായ്മയും കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ മനസിലായതോടെ എനിക്കിഷ്ടമുള്ള ഡ്രെസ് എടുത്തിടാന്‍ തുടങ്ങിയത്. ഫുള്‍ കുര്‍ത്ത മാത്രം ഇട്ട് നല്ല കുട്ടി ചമഞ്ഞ് നടക്കലായിരുന്നു ആദ്യം. ഇപ്പൊ അങ്ങനെയൊന്നുമില്ല. സ്ലീവ്‌ലസും ഷോര്‍ട്‌സും ക്രോക്‌സും ഒക്കെ ഇപ്പൊ ഇടും. അതില്‍ എന്റെ ശരീരം തടിച്ചിട്ടാണോ കാണുന്നത് എന്നൊന്നും ചിന്തിക്കാറില്ല. ഇത്തരം ചിന്തകള്‍ മുഴുവന്‍ പോയെന്ന് പറയില്ല. എന്നാല്‍ അത് മുഴുവനായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്.
ചില വസ്ത്രങ്ങളിട്ട് ചില ആളുകള്‍ക്കിടയിലേക്കിറങ്ങാനൊക്കെ എനിക്കിന്നും മടിയുണ്ട്. എനിക്കാണെങ്കില്‍ ഒരുപാട് ശ്രദ്ധ കിട്ടാനും ഇഷ്ടമില്ല. ഓരോ ആള്‍ക്കൂട്ടത്തിന്റെ ഇഷ്ടം മനസിലാക്കി അതിനനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കാറൊക്കെയുണ്ട്. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായിരിക്കുക എന്നതാണ് വസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുപാടാളുകള്‍ വിമര്‍ശനമൊക്കെയായി വന്നപ്പോഴാണ് ഞാനിങ്ങനെയൊക്കെയാണെന്ന് സ്വയം തിരിച്ചറിഞ്ഞതും. ഇങ്ങനെ തന്നെയാണ് മുന്നോട്ട് പോവുകയെന്ന് തീരുമാനിച്ചതും.
എന്റെ മോളാണെങ്കിലും അതു കണ്ടാണ് വളരുന്നത്. അവളുടെ ശരീരത്തെക്കുറിച്ച് അവക്ക് തന്നെ ആത്മവിശ്വാസം കുറയാന്‍ പാടില്ല. മോളാണെങ്കില്‍ അല്‍പം ഉയരമൊക്കെയുള്ള കുട്ടിയാണ്. അവളുടെ ക്ലാസില്‍ തന്നെ ഏറ്റവും വലിയ കുട്ടികളിലൊരാളാണ്. അതുകൊണ്ട് പലപ്പോഴും കുനിഞ്ഞാണ് നടക്കാറ്. ഞാനും മമ്മിയും എപ്പോഴും അവളോടു പറയും ഒരിക്കലും കുനിഞ്ഞു നടക്കരുതെന്ന്. നട്ടെല്ല് നിവര്‍ത്തി തന്നെ വേണം നടക്കാനെന്ന് അവളോട് പറയാറുണ്ട്' എന്നു പറഞ്ഞ് സയനോര നിര്‍ത്തുന്നു.
English Summary: Sayanora Travel Experience