തിമിംഗലങ്ങളും പാട്ടുപാടും; ഇവയ്ക്കൊപ്പം നീന്താൻ ധൈര്യമുണ്ടോ?

whales2
Image: Mark Nyman/shutterstock
SHARE

ഭൂമിയിലെ ഏറ്റവും വലിയ പാട്ടുകാരുടെ പാട്ട് നമ്മളില്‍ ഭൂരിഭാഗം പേരും കേട്ടിട്ടു പോലുമില്ലെന്നതാണ് സത്യം. കടലിലെ കൂനന്‍ തിമിംഗലങ്ങളുടെ പാട്ടിനെക്കുറിച്ചാണ് പറയുന്നത്. തങ്ങളുടെ ഇണയെ ആകര്‍ഷിക്കാനായി 10 മുതല്‍ 15 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന പാട്ടുകള്‍ പല കുറി ആവര്‍ത്തിക്കും ഇവര്‍. പലപ്പോഴും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടു പോകാറുണ്ട് ഈ തിമിംഗലഗാനങ്ങള്‍. കൂനന്‍ തിമിംഗലങ്ങള്‍ക്കൊപ്പം നീന്തിക്കൊണ്ട് അവരുടെ പാട്ടു കേള്‍ക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുകയാണ് ടോങ്ക എന്ന കൊച്ചു ദ്വീപുരാഷ്ട്രം.

തിമിംഗലങ്ങളെ കണ്ടു അവരുടെ പാട്ടു കേള്‍ക്കാം

ഒാസ്ട്രേലിയയും ന്യൂസിലാന്‍ഡും ഉള്‍പ്പെടുന്ന ദക്ഷിണ പസഫിക്ക് സമുദ്രത്തിലെ ഓഷ്യാനിയയിലാണ് ടോങ്കയുടെ സ്ഥാനം. 171 ദ്വീപുകളുടെ സമൂഹമാണ് ടോങ്ക. എന്നാല്‍ ഇതില്‍ 45 എണ്ണത്തില്‍ മാത്രമാണ് മനുഷ്യവാസമുള്ളത്. എട്ട് പകലും ഏഴ് രാത്രികളും നീണ്ടു നില്‍ക്കുന്ന യാത്രയാണ് ടോങ്കയില്‍ തിമിംഗലങ്ങളെ കാണാനും അവരുടെ പാട്ടു കേള്‍ക്കാനുമായി എത്തുന്ന സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

whales1
Image: Willyam Bradberry/shutterstock

ഈ യാത്രക്കിടെ സുരക്ഷിതമായി തിമിംഗലങ്ങള്‍ക്കൊപ്പം നീന്താനുള്ള അവസരം സഞ്ചാരികള്‍ക്കുണ്ടാവും. അനുഭവസമ്പന്നരായ മറെയ്ന്‍ മമ്മല്‍ ബയോളജിസ്റ്റുകള്‍ കൂടെയുണ്ടാവും. തിമിംഗലങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും എടുക്കാനും തിമിംഗലത്തിന്റെ ശബ്ദം റെക്കോഡു ചെയ്യാനുമുള്ള സൗകര്യങ്ങളുണ്ടാകും. ഒപ്പം ടോങ്കോയുടെ സാംസ്‌ക്കാരിക വൈവിധ്യം അടുത്തറിയാന്‍ സഹായിക്കുന്ന പരിപാടികളും പ്രധാന ദ്വീപായ ടോങ്കടാപുവില്‍ വച്ച് നടക്കും. 

ആദ്യ ദിവസം

നുകുഅലോഫ വിമാനത്താവളത്തില്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിച്ച് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ ടൂര്‍ കമ്പനിയുടെ പ്രതിനിധികളുണ്ടാവും. ഹോട്ടലില്‍ വച്ച് ഏഴു പേരടങ്ങുന്ന സംഘത്തിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടാം. ആദ്യ ദിവസം തന്നെ ടോങ്കയിലെ കൂനന്‍ തിമിംഗലങ്ങളെക്കുറിച്ച് ഗൈഡ് വിശദീകരിച്ചു തരും. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം സമുദ്രത്തിലെ ആദ്യ നീന്തല്‍ ആദ്യ ദിവസം തന്നെയുണ്ടാവും. തിരിച്ചെത്തിയാല്‍ നിങ്ങള്‍ക്ക് ഹോട്ടലിലേക്ക് തിരിച്ചു പോവുകയോ ഒരു ബിയറൊക്കെ രുചിച്ച് പ്രാദേശിക മീന്‍പിടുത്തക്കാരുടെ ക്ലബില്‍ കഴിയുകയോ ചെയ്യാം. 

രണ്ടാം ദിനം തിമിംഗലങ്ങള്‍ക്കൊപ്പം നീന്താം

whales
Image: Earth theater/shutterstock

രണ്ടാം ദിവസം മുതലുള്ള അഞ്ച് ദിവസങ്ങള്‍ തിമിംഗലങ്ങളെ തെരയാനും അവര്‍ക്കൊപ്പം നീന്താനുമുള്ളതാണ്. ഈ ദിവസങ്ങളില്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങളിലായിരിക്കും തിമിംഗലങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം കഴിയുക. പൊതുവെ രാവിലെ മുതല്‍ ബോട്ടില്‍ തിമിംഗലങ്ങള്‍ക്ക് പിന്നാലെയായിരിക്കും. വൈകുന്നേരത്തോടെ മാത്രമേ തിരിച്ചെത്തുകയുള്ളൂ. 

മൂന്നാം ദിനം വിശ്രമം

ഒരുപാട് വിശ്വാസപരമായ കെട്ടുപാടുകളുള്ള സമൂഹമാണ് ടോങ്കോയിലേത്. അതിലൊന്നാണ് ഞായറാഴ്ച്ച വിശ്രമിക്കാനുള്ളതാണെന്നത്. ടോങ്കോയിലെ സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനും പാങെയ്‌മോട്ടു ദ്വീപില്‍ സ്‌നൂക്കര്‍ കളിക്കാന്‍ പോവാനും യാത്രികര്‍ അവസരമുണ്ടാവും. 

നാലാം ദിനത്തിലെ തിമിംഗലത്തിന്റെ പാട്ട്

നാലാം ദിവസം പകല്‍ ഏതാണ്ട് മുഴുവനായി കടലിലാണ് നമ്മള്‍ കഴിയുക. അതും തിമിംഗലങ്ങള്‍ക്കൊപ്പം. എങ്ങനെ ഹൈഡ്രോഫോണ്‍ ഉപയോഗിച്ച് തിമിംഗലത്തിന്റെ പാട്ട് നമുക്ക് കേള്‍ക്കാനാകുമെന്ന് വിദഗ്ധര്‍ വിശദീകരിച്ചു തരും. പാട്ടു മാത്രമല്ല തിമിംഗലങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ഇതുവഴി കേള്‍ക്കാനാകും. 

നമ്മള്‍ എന്താണ് കേള്‍ക്കുന്നതെന്ന് അനുഭവസമ്പന്നരായ ഗൈഡുകള്‍ വിശദീകരിച്ചു തരും. സമുദ്രത്തിലെ ഈ അപൂര്‍വ ജീവികളുടെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ കിളിവാതിലായി ഈ ദിവസം മാറും. ഈ യാത്രകളില്‍ നമുക്ക് തിമിംഗലങ്ങളുടെ ശബ്ദം കേള്‍ക്കാനാവുമെന്നത് മാത്രമല്ല ഗുണം തിമിംഗലങ്ങളെക്കുറിച്ച് നടക്കുന്ന ഗവേഷണങ്ങള്‍ക്കുള്ള വിവരങ്ങളും ഓരോ യാത്രയിലും ശേഖരിക്കപ്പെടുന്നുണ്ട്. 

അഞ്ചാം ദിനവും തുടരുന്ന പഠനം

അഞ്ചാം ദിനത്തിലും തിമിംഗലങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനും നീന്താനും അവരുടെ പാട്ടു കേള്‍ക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. തിമിംഗലങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള പല അപൂര്‍വ വിവരങ്ങളും ഇതിനകം തന്നെ നിങ്ങളുടെ അറിവിന്റെ ഭാഗമായി കഴിഞ്ഞിരിക്കും. ഓരോ ദിവസവും ഒരുപാട് പുതിയ കടലറിവുകളായിരിക്കും നമുക്ക് ലഭിക്കുക. 

ആറാം ദിനം ദ്വീപില്‍

പ്രധാന ദ്വീപായ ടോങ്കടാപുവിലായിരിക്കും ആറാം ദിനം പൂര്‍ണമായും കഴിയുക. ഇവിടുത്തെ ജീവിതവും സംസ്‌ക്കാരവും കൂടുതലായി അടുത്തറിയാനുള്ള അവസരം സഞ്ചാരികള്‍ക്ക് ലഭിക്കും. ഇതിന് പ്രാദേശിക ടോങ്കന്‍ ഗൈഡും സഹായിക്കും. ടോങ്കയുടെ ചരിത്രവും സങ്കീര്‍ണ സംസ്‌ക്കാരവും പുരാണങ്ങളും നിങ്ങളറിയും. 

ഏഴാം ദിനം വീണ്ടും സമുദ്രത്തിലേക്ക്

ഏഴാം ദിവസം വീണ്ടും മുഴുവനായും സമുദ്രത്തിലായിരിക്കും. തിമിംഗലങ്ങളുടെ കൂട്ടങ്ങളെ കൂടുതല്‍ അറിയാനും അവയുടെ എണ്ണമെടുക്കാനുമെല്ലാം ശ്രമം നടക്കും. തിമിംഗലങ്ങളുടെ ദേശാടനത്തെക്കുറിച്ച് നടക്കുന്ന പഠനങ്ങളുടെ ഭാഗമായുള്ള വിവരശേഖരണവും ഇതിനിടെയുണ്ടാകും. എല്ലാ വര്‍ഷവും കൂനന്‍ തിമിംഗലങ്ങള്‍ ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നും അന്റാര്‍ട്ടിക്കയിലേക്കും തുടര്‍ന്ന് ടോങ്കയിലെ സമുദ്രത്തില്‍ വച്ച് ഇണചേരുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യും. തിമിംഗലങ്ങളുടെ പാട്ടു കേള്‍ക്കുന്നതിനൊപ്പം അവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുക കൂടിയാണ് ഇത്തരം യാത്രകള്‍ ചെയ്യുന്നത്. 

എട്ടാം ദിനം വിട

ഒരാഴ്ച്ച നീണ്ട സമുദ്ര യാത്രകള്‍ക്കും നീന്തലുകള്‍ക്കും തിമിംഗലങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തിനും ശാസ്ത്രീയ പഠനങ്ങള്‍ക്കുമെല്ലാം ശേഷം എട്ടാംദിനം യാത്ര അവസാനിക്കും. ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ടോങ്കയും കൂനന്‍ തിമിംഗലങ്ങളും അതിനകം തന്നെ നിങ്ങള്‍ക്ക് നല്‍കിയിരിക്കും.

English Summary: Swim with the Singing Whales of Tonga

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}