കാഴ്ച കണ്ട് രാവുറങ്ങാം; ലോകത്തിലെ ഏറ്റവും മനോഹരമായ താമസസ്ഥലങ്ങള്‍

langkawi
Image: The Datai Langkawi Official site
SHARE

യാത്രയ്ക്കിടെ താമസിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തുക എന്നത് ഇക്കാലത്ത് അത്ര ബുദ്ധിമുട്ടല്ല. ഹോട്ടലുകളും റിസോര്‍ട്ടുകളും എല്ലായിടത്തും കൂണുപോലെ മുളച്ചു പൊന്തുന്ന ഇക്കാലത്ത്, അവയില്‍ ഒന്ന് തിരഞ്ഞെടുക്കുക എന്നതാണ് അല്‍പം കഷ്ടപ്പാടുള്ള കാര്യം. ഓരോ ദിവസം കഴിയുന്തോറും മത്സരം കൂടുന്നതു കൊണ്ടുതന്നെ ഇവിടങ്ങളില്‍ താമസക്കാര്‍ക്ക് നല്‍കുന്ന സേവനത്തിന്‍റെ നിലവാരവും സൗകര്യങ്ങളും കൂടിവരുന്നുണ്ട്. ലോകത്ത് ഇന്നുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ താമസസ്ഥലങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചില ഹോട്ടലുകളും റിസോര്‍ട്ടുകളും പരിചയപ്പെടാം.

അനന്തര അൽ ജബൽ അൽ അഖ്ദർ റിസോർട്ട്, ഒമാന്‍

ബാങ്കോക്ക് ആസ്ഥാനമായ അനന്തര ഗ്രൂപ്പിന്‍റെ ഭാഗമാണ് അനന്തര അൽ ജബൽ അൽ അഖ്ദർ റിസോർട്ട്. അറേബ്യയിലെ അതിമനോഹരമായ മലയിടുക്കില്‍ ഉയര്‍ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ റിസോര്‍ട്ടിന്‍റെ ഡിസൈന്‍, ഒമാന്‍റെ മധ്യകാല പൈതൃകത്തിന്‍റെ പ്രതിഫലനമാണ്.

anantara-stay
Image: anantara Official Site

ഗൾഫ് രാജകുടുംബാംഗങ്ങളും റഷ്യൻ ഡോക്ടർമാരും അമേരിക്കൻ വ്യവസായികളും ബ്രിട്ടീഷ് ടിവി താരങ്ങളുമെല്ലാമാണ് ഇവിടുത്തെ സ്ഥിരം അതിഥികള്‍. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരത്തിലുള്ള ടെന്നിസ് കോർട്ടും ഇൻഫിനിറ്റി പൂളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു 

താജ് ലേക്ക് പാലസ്, ഉദയ്പുര്‍

മുഗള്‍ വാസ്തുവിദ്യയുടെ സൗന്ദര്യം ആവാഹിച്ച് പിച്ചോല തടാകനടുവില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്ന താജ് ലേക്ക് പാലസ് ലോകപ്രശസ്തമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ മഹാറാണ ജഗത് സിങ് രണ്ടാമൻ നിർമ്മിച്ച ജഗ് നിവാസ്,  1963-ൽ മേവാര്‍ രാജകുടുംബത്തിലെ മഹാറാണ ഭഗവത് സിങ് ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റി.

taj-lake-palace
Image: photoff/shutterstock

പിന്നീട്, ജയിംസ് ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യില്‍ ചിത്രീകരിക്കപ്പെട്ടതോടെ പാലസിന്‍റെ പ്രശസ്തി ലോകമെമ്പാടും ഉയരുകയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുകയും ചെയ്തു. ഇന്ന് ഇവിടെ 65 ആഡംബര മുറികളും 18 ഗ്രാൻഡ് സ്യൂട്ടുകളും ഉണ്ട്. 

സെന്‍റ് റെജിസ് മാല്‍ദീവ്സ് വോമ്മുലി

ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് മാലദ്വീപിലെ സെന്‍റ് റെജിസ് മാല്‍ദീവ്സ് വോമ്മുലി റിസോര്‍ട്ട്. 33 ഓൺ-ലാൻഡ് വില്ലകളും 44 ഓവർ-വാട്ടർ വില്ലകളുമുള്ള സ്വര്‍ഗ്ഗസമാനമായ ഒരിടമാണ് ഇവിടം.

maldives-resort
Image: The St. Regis Maldives Vommuli Resort official site

ധാലു അറ്റോളിലുള്ള ഈ റിസോര്‍ട്ടിലേക്ക് വിമാനത്തിൽ മാത്രമേ എത്താനാവൂ. ഓവര്‍വാട്ടര്‍ ലോഞ്ച്, ലക്ഷ്വറി സ്പാ, ഇറിഡിയം സ്പാ, സ്വകാര്യ ലക്ഷ്വറി വില്ലകള്‍, രുചികരമായ ഭക്ഷണം വിളമ്പുന്ന ഏഴു റസ്റ്ററന്റുകള്‍ എന്നിവയെല്ലാമുള്ള ആഡംബര റിസോര്‍ട്ട് ആണിത്. ഡൈവിങ്, സ്നോർക്കെലിങ്, സ്പീഡ് ബോട്ടിങ്, വിൻഡ്‌സർഫിങ് മുതലായ വിനോദങ്ങള്‍ക്കും ധാരാളം അവസരമുണ്ട്.

ഡാറ്റായ് ലങ്കാവി, മലേഷ്യ

മലേഷ്യയിലെ ലങ്കാവി ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ അറ്റത്താണ് ഡാറ്റായ് ലങ്കാവി സ്ഥിതി ചെയ്യുന്നത്. 10 ദശലക്ഷം വർഷം പഴക്കമുള്ള സമൃദ്ധമായ ഉഷ്ണമേഖലാ മഴക്കാടിന് നടുവിലാണ് ഈ റിസോര്‍ട്ട്.

Datai-Langkawi
Image: The Datai Langkawi Official site

റിസോർട്ടിൽ 54 മുറികൾ, 40 വില്ലകൾ, 12 സ്യൂട്ടുകൾ, 14 ബീച്ച് വില്ലകൾ എന്നിവയാണ് ഉള്ളത്. മാത്രമല്ല മനോഹരമായ ബീച്ചും ഇവിടെയുണ്ട്. ഈ ബീച്ച്, നാഷനൽ ജിയോഗ്രാഫിക് ലോകത്തെ മികച്ച 10 ബീച്ചുകളിൽ ഒന്നായി തിരഞ്ഞെടുത്തിരുന്നു. താമസക്കാര്‍ക്കായി, ഗോള്‍ഫ്, സ്പാ മുതലായ വിനോദങ്ങളും മലായ്, തായ്, ഇന്ത്യൻ റസിഡന്റ് ഷെഫുകളുടെ പാചക ക്ലാസുമെല്ലാമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}