ADVERTISEMENT

1896 ലെ വേനൽക്കാലം. ഹോട്ട് എയര്‍ ബലൂണില്‍ ഉത്തരധ്രുവത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു സ്വീഡിഷ് പര്യവേക്ഷകനായ സലോമൻ ഓഗസ്റ്റ് ആൻഡ്രിയും സംഘവും. യാത്രയ്ക്കിടയില്‍ ഭക്ഷണം പാകം ചെയ്യാനായി പ്രത്യേകതരം അടുപ്പും അതിലുണ്ടായിരുന്നു. എന്നാല്‍ ബലൂണിന്‍റെ ഗ്യാസിനു തൊട്ടുതാഴെ തീ കത്തിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ആരും ബോധവാന്‍മാരായിരുന്നില്ല; ആര്‍ട്ടിക് പ്രദേശത്ത് ആ ബലൂണ്‍ തകര്‍ന്നുവീഴുന്നതു വരെ.

ആൻഡ്രിക്കു പറ്റാതിരുന്നത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഒരു നൂറ്റാണ്ടിനിപ്പുറം ശാസ്ത്രം വഴിയൊരുക്കി. ഹോട്ട് എയര്‍ ബലൂണില്‍ അടുക്കളയൊരുക്കുക എന്ന സ്വപ്നം സഫലമായി. ഇന്നാകട്ടെ, ഹോട്ട് എയര്‍ ബലൂണില്‍ ഒരു റസ്‌റ്ററന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാലോചിച്ചു നോക്കൂ, വിവിധ വര്‍ണങ്ങളില്‍ ആകാശത്തേക്ക് പറന്നുയരുന്ന ബലൂണിലെ റസ്‌റ്ററന്‍റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. എത്ര റൊമാന്റിക് ആണല്ലേ!

ഡച്ച് മാസ്റ്റർ ഷെഫായ ആഞ്ജലിക് ഷ്മൈങ്ക് ആണ് ഈ സ്വപ്നതുല്യമായ അനുഭവത്തിന് പിന്നിലെ ജീനിയസ്. 25 വർഷത്തെ ഷെഫ് ജീവിതത്തിനു ശേഷം പുതിയതെന്തെങ്കിലും ചെയ്യണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായി. അങ്ങനെയിരിക്കെ, 2003 ൽ ഒരു ഹോട്ട് എയർ ബലൂൺ കണ്ടപ്പോഴാണ് അവരുടെ മനസ്സിലേക്ക് ഇത്തരമൊരു ആശയം കടന്നു വന്നത്; ഹോട്ട് എയര്‍ ബലൂണ്‍ തന്നെ യഥാര്‍ത്ഥത്തില്‍ വലിയൊരു അടുപ്പിനു സമാനമാണ്, എങ്കില്‍ എന്തുകൊണ്ട് അതില്‍ ഭക്ഷണം പാകം ചെയ്തുകൂടാ?

അവര്‍ ഒരു ഹോട്ട് എയർ ബലൂൺ കമ്പനിയുമായി ബന്ധപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍, ബലൂണിനുള്ളില്‍ കത്തുന്ന ഇന്ധനത്തിന്‍റെ തീജ്വാല ഉപയോഗിച്ച് ചിക്കനും മീനും പാകം ചെയ്തു. അങ്ങനെ ആ സ്വപ്നം ആകാശംതൊട്ടു. അതായിരുന്നു ലോകത്തിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ റസ്റ്ററന്റായ കുലിഎയറിന്‍റെ തുടക്കം. രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഷ്മൈങ്ക് നെതർലൻഡ്സിലുടനീളം പ്രതിവര്‍ഷം 50 യാത്രകൾ നടത്തി.

ബലൂൺ കൊട്ടയുടെ വശത്ത് തൂങ്ങിക്കിടക്കുന്ന ഒരു പാചക കൗണ്ടറും കസ്റ്റമൈസ്ഡ് സ്റ്റീൽ കണ്ടെയ്നറുകളുമായി ഘടിപ്പിച്ചിരിക്കുന്ന ഒരു കപ്പിയുമുണ്ട്. ഇതുപയോഗിച്ചാണ് ബലൂണിന്‍റെ തീജ്വാലയിലേക്കും തിരിച്ചും ഭക്ഷണം എത്തിക്കുന്നത്. യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് റസ്റ്ററന്‍റ് പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥ കണക്കിലെടുത്ത്, ബലൂണ്‍ പുറപ്പെടുന്ന സ്ഥലങ്ങളില്‍ മാറ്റം ഉണ്ടാകും. പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഈ ലൊക്കേഷന്‍ ആളുകളെ അറിയിക്കും. ഓറഞ്ചും വെള്ളയും നിറമുള്ള ബലൂണില്‍ പന്ത്രണ്ടു പേര്‍ക്ക് ഇടമുണ്ട്. ബലൂണിലെ യാത്രക്കാരായ 10 പേർക്ക്, ഒന്നര മണിക്കൂര്‍ സമയത്തിനുള്ളില്‍ മൂന്ന് കോഴ്‌സുള്ള ഭക്ഷണമാണ് വിളമ്പുന്നത്. ആദ്യം മത്സ്യവിഭവങ്ങളാണ് വിളമ്പുന്നത്. 45 മിനിറ്റിനുശേഷം രണ്ടാമത്തെ കോഴ്സ് വിളമ്പും. മൂന്നാമത്തെ കോഴ്സ് സാധാരണയായി ചിക്കന്‍ വിഭവങ്ങളാണ്. യാത്രക്കാര്‍ക്ക് ഇടയ്ക്കിടെ വൈനും നല്‍കും. തിരിച്ചിറങ്ങുമ്പോള്‍ ലൈവ് മ്യൂസിക്കും മധുരപലഹാരങ്ങളുമാണ് അവരെ വരവേല്‍ക്കുന്നത്.

സാഹസികയാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് വളരെ മികച്ച അനുഭവമാണ് ഈ ഹോട്ട് എയര്‍ ബലൂണ്‍ ഹോട്ടല്‍. നെതര്‍ലൻഡിലെത്തിയാൽ തീർച്ചയായും ഹോട്ട് എയര്‍ ബലൂണിൽ കയറാം.  രുചിയും സാഹസികതയും ഒരുമിച്ചു കൊണ്ടുവരിക എന്ന പ്രയാസമേറിയ കാര്യം വളരെ വൃത്തിയായി ചെയ്തു എന്നതാണ് ഈ റസ്‌റ്ററന്‍റിനെ വേറിട്ട്‌ നിര്‍ത്തുന്നത്.

English Summary: Hot Air Balloon Restaurant in Netherlands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com