ADVERTISEMENT

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ്‌, നടന്‍ കൃഷ്ണകുമാറിന്‍റെ രണ്ടാമത്തെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ‘ഓസി’ എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ദിയ, അഭിനയം, ഡാൻസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞു. കൂടാതെ സ്വന്തമായി വസ്ത്രാഭരണ ബിസിനസ്സും ദിയ നടത്തുന്നുണ്ട്. ഇപ്പോഴിതാ ഈ തിരക്കുകള്‍ക്കിടയില്‍ നിന്നെല്ലാം മാറി തായ്‌ലൻഡിലെ ജെയിംസ് ബോണ്ട്‌ ദ്വീപില്‍ വെക്കേഷനിലാണ് ദിയ. സുഹൃത്തുക്കൾ ഒത്തൊരുമിച്ച യാത്രയാണ്. 

സഹോദരിമാർ ഒരുമിച്ചും സുഹൃത്തുക്കൾ മാത്രമായുമൊക്കെ യാത്ര ചെയ്യാറുണ്ട് ദിയ. കഴിഞ്ഞിടയ്ക്ക് അഹാനയോടൊപ്പം മാലദ്വീപ് യാത്രയും നടത്തിയിരുന്നു. ഇക്കുറി സുഹ‍ൃത്തിനൊപ്പമാണ് തായ്‍‍ലൻഡിലേക്ക് എത്തിയിരിക്കുന്നത് മനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ദിയയും ആൺസുഹൃത്തും ഒരുമിച്ച് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഹൈലൈറ്റ്. നിരവധിപ്പേർ കമന്റുകളും ചെയ്തിട്ടുണ്ട്. കൂടാതെ പങ്കുവച്ച ചിത്രങ്ങളോടൊപ്പം തായ്‍‍ലൻഡിലേക്ക് സ്വാഗതം എന്നും കുറിച്ചിട്ടുണ്ട്. 

അഹാനയെ പോലെ ദിയയും യാത്രാപ്രേമിയാണ്. മണാലി, മൂന്നാർ,ദുബായ് തുടങ്ങി മനോഹരമായ നിരവധി ഇടത്തേയ്ക്ക് യാത്ര പോയ ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റഗ്രാമിലുണ്ട്. 

ഫുകേത്തിൽ അടിച്ചുപൊളിച്ച് താരം

തായ്‍‍ലൻഡ് യാത്ര നടത്തുന്നവർ ഇൗ  ജെയിംസ് ബോണ്ട്‌ ദ്വീപിന്റെ കാഴ്ചകളിലേക്കും എത്തിച്ചേരാറുണ്ട്. തായ്‌ലൻഡിലെ ഫുകേതിന് വടക്കുകിഴക്കായി, ഫാങ് എൻഗാ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചുദ്വീപാണ് ജെയിംസ് ബോണ്ട്‌ ദ്വീപ്‌.  ഖാവോ ഫിങ് കാൻ എന്നാണ് ശരിക്കും ഈ ദ്വീപിന്‍റെ പേര്. 1974 മുതൽ, ജെയിംസ് ബോണ്ട് ചിത്രമായ ‘ദി മാൻ വിത്ത് ദി ഗോൾഡൻ ഗണ്ണി’ൽ പ്രത്യക്ഷപ്പെടുന്ന ഇടമായതിനാലാണ് ഇതിന് ‘ജെയിംസ് ബോണ്ട് ദ്വീപ്’ എന്ന് പേരുവന്നത്. ലോകപ്രശസ്തമായ ബോണ്ട്‌ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ഇടമെന്ന നിലയിലാണ് ഇവിടം വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത്‌. ബോണ്ടിന്‍റെ എതിരാളിയായ ഫ്രാൻസിസ്കോ സ്കാരമാംഗയുടെ ഒളിത്താവളമായാണ് സിനിമകളില്‍ ഈ സ്ഥലം കാണിക്കുന്നത്. ഇന്ന്, ദീപിന്‍റെ യഥാർത്ഥ പേര് പ്രദേശവാസികൾ പോലും വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ഖാവോ ഫിങ് കാൻ എന്നാൽ തായ് ഭാഷയിൽ "പരസ്പരം ചാരിയിരിക്കുന്ന കുന്നുകൾ" എന്നാണ് അർത്ഥമാക്കുന്നത്. ഖാവോ ഫിങ് കാന്‍റെ തീരത്ത് നിന്ന് ഏകദേശം 40 മീറ്റർ മാത്രം അകലെയായി ഒരു ഭീമന്‍ ചുണ്ണാമ്പുകല്ല്‌ കടലില്‍ നിന്നും ഉയര്‍ന്നു നില്‍പുണ്ട്. 20 മീറ്റർ ഉയരമുള്ള ഇതിനെ കോ ടാ പു എന്നാണ് വിളിക്കുന്നത്. പലപ്പോഴും ജെയിംസ് ബോണ്ട്‌ ദ്വീപുകളുടെ ഭാഗമായി ഇതും കൂട്ടാറുണ്ട്. എന്നാല്‍, 1998 മുതൽ, ടൂറിസ്റ്റ് ബോട്ടുകൾ കോ ടാ പുവിനടുത്തേക്ക് വരുന്നത് നിരോധിച്ചു. ചുണ്ണാമ്പുകല്ലുകളുടെ മണ്ണൊലിപ്പ് മൂലം ഇവിടം നശിച്ചുപോകാതിരിക്കാനാണ്‌ ഈ നടപടി.

1974- ന് മുമ്പ്, ജെയിംസ് ബോണ്ട്‌ ദ്വീപ് വളരെ അപൂർവമായി മാത്രം സഞ്ചാരികള്‍ സന്ദർശിക്കുന്ന ഒരിടമായിരുന്നു. 1981- ൽ,  ഈ പ്രദേശം പുതുതായി സ്ഥാപിതമായ ഓ ഫാംഗ് ങ്ങാ മറൈൻ നാഷണൽ പാർക്കിന്‍റെ ഭാഗമായി മാറി. ദ്വീപിന്‍റെ പരിസരപ്രദേശത്തായി, കുറച്ച് ഗുഹകളും രണ്ട് മണൽ ബീച്ചുകളും ഉണ്ട്. ഇവയില്‍ ചില ഗുഹകളിലേക്ക് വേലിയേറ്റ സമയത്ത് മാത്രമേ പ്രവേശനം സാധ്യമാകൂ. 

English Summary: Diya Krishna Enjoys Holiday in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com