ADVERTISEMENT

അഭിനയം പോലെ തന്നെ യാത്രകളെയും പ്രണയിക്കുന്ന താരകുടുംബമാണ് അഹാന കൃഷ്ണയുടേത്. സഹോദരിമാർക്കൊപ്പവും സുഹൃത്തുക്കൾ ചേർന്നുമൊക്കെ നിരവധി യാത്രകൾ അഹാന നടത്താറുണ്ട്. കഴിഞ്ഞിടെയാണ് അഹാനയുടെ സഹോദരി ദിയ കൃഷ്ണ അവധിയാഘോഷത്തിനായി തായ്‍‍ലന്‍ഡിലേക്ക് പറന്നത്. ഇപ്പോഴിതാ ഫാമിലി ട്രിപ്പിലാണ് അഹാന.

ahaana-travel1
Image Source: Instagram/Ahaana Krishna

അമ്മ സിന്ധു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിംഗപ്പൂരില്‍ വെക്കേഷനിലാണ് അഹാന കൃഷ്ണ. യാത്രയ്ക്കിടെ എടുത്ത മനോഹര ചിത്രങ്ങള്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സഹോദരിമാര്‍ക്കൊപ്പം സിംഗപ്പൂരിലെ ബീച്ചില്‍ നിന്നെടുത്ത കിടിലന്‍ ഡാന്‍സ് വിഡിയോയും അഹാന ആരാധകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അധികം ചെലവില്ലാതെ പോയി വരാവുന്ന സ്ഥലം കൂടിയാണിത്. സിംഗപ്പൂരിന്‍റെ സമ്പദ്‍‍‍വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് ടൂറിസം. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിൽ അഞ്ചാമത്തെയും ഏഷ്യ-പസിഫിക്കിലെ രണ്ടാമത്തെ നഗരവുമാണ് സിംഗപ്പൂർ. 2018 ൽ 18.5 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്. സിംഗപ്പൂരിലെ മൊത്തം ജനസംഖ്യയുടെ മൂന്നിരട്ടിയിലധികമാണിത്.

ahaana1
Image Source: Instagram/Ahaana Krishna

ബഹുനില ഷോപ്പിങ് സെന്ററുകളും ഹോട്ടലുകളും നിറഞ്ഞ ഓർച്ചാർഡ് റോഡ് ജില്ലയാണ് സിംഗപ്പൂരിലെ ഷോപ്പിങ്ങിന്റെയും ടൂറിസത്തിന്‍റെയും കേന്ദ്രമായി കണക്കാക്കുന്നത്. സിംഗപ്പൂർ മൃഗശാല, റിവര്‍ വണ്ടേഴ്സ്, നൈറ്റ് സഫാരി എന്നിവയാണ് മറ്റ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഒരു തുറന്ന മൃഗശാലയായാണ്‌ സിംഗപ്പൂർ മൃഗശാല പ്രവര്‍ത്തിക്കുന്നത്. മൃഗങ്ങളെ കൂട്ടില്‍ അടയ്ക്കുന്ന രീതി ഇവിടെയില്ല. പകരം സന്ദർശകരിൽ നിന്ന് അവയെ വേര്‍തിരിക്കാനായി കിടങ്ങുകൾ നിര്‍മിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെ 300 ഇനം ജീവജാലങ്ങള്‍ ഇവിടെയുണ്ട്.

സിംഗപ്പൂർ ഒരു മെഡിക്കൽ ടൂറിസം ഹബ്ബ് കൂടിയാണ്. ഓരോ വർഷവും ഏകദേശം 200,000 വിദേശികൾ വിവിധ ചികിത്സകള്‍ക്കായി ഇവിടേക്ക് എത്തുന്നു. പ്രതിവർഷം കുറഞ്ഞത് ഒരു ദശലക്ഷം വിദേശ രോഗികൾക്ക് സേവനം നൽകാനും അതിലൂടെ 3 ബില്യൻ യുഎസ് ഡോളർ വരുമാനം നേടാനുമാണ് സിംഗപ്പൂര്‍ ലക്ഷ്യമിടുന്നത്. 

മെർലിയോൺ, എസ്പ്ലനേഡ്, മറീന ബേ സാൻഡ്സ്, ഗാർഡൻസ് ബൈ ദ് ബേ, ജുവൽ ചാംഗി എയർപോർട്ട്, നാഷനൽ ഗാലറി തുടങ്ങിയവയും ഓർച്ചാർഡ് റോഡ് ഷോപ്പിങ് ബെൽറ്റ്, റിസോർട്ട് ദ്വീപായ സെന്റോസ എന്നിവയുമെല്ലാം സിംഗപ്പൂരിലെ ഏറ്റവും അറിയപ്പെടുന്ന സ്ഥലങ്ങളാണ്. സിംഗപ്പൂരിൽനിന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ സ്ഥലമാണ് സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻസ്.

വർഷം മുഴുവനും സന്ദര്‍ശിക്കാവുന്ന സ്ഥലമാണെങ്കിലും, ഡിസംബർ മുതൽ ജൂൺ വരെയാണ് സിംഗപ്പൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങൾ നല്ല ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും.

English Summary: Ahaana Krishna Family Trip in Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com