ADVERTISEMENT

2005- ല്‍ ‘പൊൻമുടിപ്പുഴയോരത്ത്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ലോകത്ത് എത്തിയ ഗായികയാണ് മഞ്ജരി. പിന്നീടിങ്ങോട്ട്‌ ഒരുപാട് ഹിറ്റ്‌ ഗാനങ്ങള്‍ മഞ്ജരി മലയാളികള്‍ക്ക് സമ്മാനിച്ചു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും മഞ്ജരിയെ തേടിയെത്തി. ഈയിടെ ബാല്യകാല സുഹൃത്തായ ജെറിനും മഞ്ജരിയും തമ്മിലുള്ള വിവാഹത്തിന്‍റെ വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൂണിലായിരുന്നു വിവാഹം. 

ഇപ്പോഴിതാ, ഭര്‍ത്താവിനൊപ്പം തായ്‌ലൻഡിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് മഞ്ജരി. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഫുക്കെറ്റിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഫ‌ുക്കെറ്റിലെ 29 ബുദ്ധ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാട്ട് ചാലോംഗില്‍ നിന്നാണ് ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്ത വിഡിയോ എടുത്തിട്ടുള്ളത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ നിർമിച്ച ഈ ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ‘വാട്ട് ചായതരാം’ എന്നാണ്. മൂന്ന് നിലകളിലായാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. ബുദ്ധന്‍റെ ജീവിതം ചിത്രീകരിക്കുന്ന മനോഹരമായ പെയിന്റിങ്ങും നിരവധി സ്വർണ പ്രതിമകളുമെല്ലാം ഇവിടുത്തെ കാഴ്ചകളില്‍പ്പെടുന്നു. ഫുകേതിലെ രുചിവിഭവങ്ങൾ നിറഞ്ഞ സ്ട്രീറ്റും വിവിധ പ്രകൃതിദൃശ്യങ്ങളുടെ വിഡിയോയും ഇതിനൊപ്പമുണ്ട്.

തായ്‌ലൻഡിന്‍റെ പടിഞ്ഞാറൻതീരത്ത് ആൻഡമാൻ കടലിലാണ് ഫുക്കെറ്റ് സ്ഥിതിചെയ്യുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ വര്‍ഷംതോറും ഇവിടേക്ക് ഒഴുകിയെത്തുന്നു. സുന്ദരമായ ഒട്ടനവധി ബീച്ചുകളും സ്‌കൂബ ഡൈവിങ്, സ്‌നോർക്കെലിങ്, കയാക്കിങ്, സ്‌പീഡ് ബോട്ടിങ് തുടങ്ങിയ സമുദ്ര സാഹസികവിനോദങ്ങളും തിളക്കമേറിയ രാത്രിജീവിതവുമെല്ലാം ഫുക്കെറ്റിന്റെ മുഖമുദ്രകളാണ്. 

ബോട്ട് ടൂറുകൾക്ക് പേരുകേട്ട ഫാങ് എൻഗാ ബേ, ചൈനീസ്, കൊളോണിയൽ വാസ്തുവിദ്യയുടെ അതിശയകരമായ കാഴ്ചയൊരുക്കുന്ന ഓള്‍ഡ്‌ ഫുക്കെറ്റ് ടൗണ്‍, നക്കർഡ് കുന്നുകൾക്ക് മുകളിലായി, ബർമീസ് വെളുത്ത മാർബിൾ കൊണ്ട് നിർമിച്ച, 45 മീറ്റർ ഉയരമുള്ള ഭീമന്‍ ബുദ്ധ പ്രതിമ, തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന പ്രോംതെപ് കേപ്പ് വ്യൂ പോയിന്‍റ്, ഖാവോ ലക് പാർക്കിലും ഖാവോ സോക്ക് നാഷണൽ പാർക്കിലും വൈൽഡ് സഫാരി ടൂറുകൾ, ഡോൾഫിൻ ബേ നെമോ തീം പാർക്കിലെ ഡോൾഫിൻ ഷോ, വീക്കെൻഡ് നൈറ്റ് മാർക്കറ്റ്, ഫിഫി ഐലന്‍ഡ്സ്, കരോൺ വ്യൂ പോയിന്‍റ്, മങ്കി ഹിൽ എന്നിവ ഫുക്കെറ്റിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത അനുഭവങ്ങളാണ്. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഫ‌ുക്കേറ്റ് സന്ദർശിക്കാൻ അനുയോജ്യമായ സമയം.

English Summary: Manjari Enjoys Holiday in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com