ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ വളരെ സാധാരണമായി കാണുന്നവയാണ് സിങ്ക് ഹോളുകള്‍ എന്നറിയപ്പെടുന്ന വമ്പന്‍ കുഴികള്‍. നനവുള്ള പ്രദേശങ്ങളില്‍ ഇവ സര്‍വസാധാരണമാണെങ്കിലും മരുഭൂമികളില്‍ അത്രയധികം കാണാറില്ല. അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങളില്‍ കുഴികള്‍ പ്രത്യക്ഷപ്പെടുന്നത് അദ്ഭുതത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. അത്തരമൊരു വിസ്മയകരമായ കാഴ്ചയാണ് യു എസിലെ നെവാഡയില്‍ ബങ്കര്‍വില്ലില്‍ ഉള്ള ഡെവിൾസ് ത്രോട്ട് എന്ന ഭീമന്‍ കുഴി.
സഞ്ചാരികളെ കാത്ത്
ഹൈക്കിങ്, വേട്ടയാടൽ, കുതിരസവാരി , ക്യാംപിങ്, പിക്നിക്കിങ്, ഓഫ്-ഹൈവേ ഡ്രൈവിങ്, സൈക്കിൾ സവാരി തുടങ്ങിയ വിനോദങ്ങള്‍ ഈ പ്രദേശത്ത് അനുവദനീയമാണ്. സഞ്ചാരികള്‍ക്ക് പരമാവധി 14 ദിവസം വരെ ഈ പ്രദേശത്ത് ക്യാംപിങ് ചെയ്യാം. ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‌മെന്റാണ് സ്മാരകം നിയന്ത്രിക്കുന്നത്.
ഡെവിൾസ് ത്രോട്ട്
1908- ൽ വളരെ ഈ കുഴി രൂപപ്പെട്ടത്. ധാരാളം ആളുകള്‍ ഈ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം നോക്കുമ്പോള്‍ വലിയ ശബ്ദത്തോടെ ഭൂമി ഇടിഞ്ഞുതാഴുന്നത് അവര്‍ കണ്ടു. എങ്ങും പൊടിപടലങ്ങളായിരുന്നു. നോക്കിനില്‍ക്കെ ഭൂമിയില്‍ പെട്ടെന്നുണ്ടായ ഈ കുഴിയെ അവര്‍ അമാനുഷികമായ ശക്തികളുമായി ബന്ധപ്പെടുത്തി. അങ്ങനെയാണ് ‘ചെകുത്താന്‍റെ തൊണ്ട’ എന്നര്‍ത്ഥം വരുന്ന ഡെവിൾസ് ത്രോട്ട് എന്ന പേര് അവര്‍ ഈ കുഴിക്ക് നല്‍കിയത്.
ഈ പ്രദേശത്തിന് താഴെയുള്ള മണ്ണ് ധാതുക്കളാൽ സമ്പന്നമാണ്. ഒഴുകുന്ന ഭൂഗർഭജലം മൂലം, ഉപരിതലത്തിൽ ജിപ്സം അലിഞ്ഞുചേർന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നു പറയപ്പെടുന്നു. ചുണ്ണാമ്പുകല്ല് പോലെ ജിപ്സം, കാൽസ്യം സൾഫേറ്റ് എന്നിവ വെള്ളത്തിൽ ലയിക്കുന്നില്ല.
ഗോൾഡ് ബട്ട് ദേശീയ സ്മാരകത്തിനുള്ളിലാണ് ഇപ്പോള്‍ ഈ കുഴി ഉള്ളത്. ലാസ് വെഗാസിന് വടക്കുകിഴക്ക് , നെവാഡയിലെ ക്ലാർക്ക് കൗണ്ടിയിൽ, മെസ്ക്വിറ്റിനും ബങ്കർവില്ലിനും തെക്ക് സ്ഥിതി ചെയ്യുന്ന ഒരു ദേശീയ സ്മാരകമാണ് ഇത്. പ്രകൃതിദത്തവും സാംസ്കാരികവുമായ നിരവധി കാഴ്ചകള്‍ ഉൾക്കൊള്ളുന്ന ഏകദേശം 300,000 ഏക്കർ മരുഭൂമിയാണ് ഈ പ്രദേശം. വംശനാശ ഭീഷണി നേരിടുന്ന മൊജാവെ ഡെസേർട്ട് ആമ, ബിഗ്ഹോൺ ആടുകൾ, മൗണ്ടന്‍ ലയണ്‍ തുടങ്ങിയ ജീവജാലങ്ങളും പാറക്കെട്ടുകളും മറ്റും ഇവിടെ സംരക്ഷിച്ചിരിക്കുന്നു. 2016 ഡിസംബറിൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമയാണ് പുരാവസ്തു നിയമപ്രകാരം ഇവിടം സ്മാരകമായി പ്രഖ്യാപിച്ചത്.
English Summary: Devils Throat Sink Hole in Nevada