ADVERTISEMENT

ഒരു ഹണിമൂണ്‍ എത്ര കാലം നീണ്ടുനില്‍ക്കും? പെട്ടെന്നൊരു ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യമല്ല അത്. ആളുകള്‍ക്കനുസരിച്ച് ഉത്തരം മാറും എന്നതുതന്നെ കാരണം. എന്നാലും സാധാരണയായി ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ ശേഷം, തിരക്കുകളിലേക്കും ജീവിതത്തിന്‍റെ മറ്റു യാഥാര്‍ഥ്യങ്ങളിലേക്കും കടക്കുന്നതോടെ മധുരമേറിയ ഹണിമൂണ്‍ സമയം അവസാനിക്കുകയാണ് പതിവ്. എന്നാല്‍ അങ്ങനെ ആവേണ്ടതില്ല എന്നു ലോകത്തിനു മുന്നില്‍ തെളിയിക്കുകയാണ് ന്യൂയോര്‍ക്കുകാരായ ആനും ഭര്‍ത്താവ് മൈക്ക് ഹോവാര്‍ഡും. ജീവിതം മുഴുവന്‍ ആഘോഷമാക്കി, പതിനൊന്നു വര്‍ഷമായി ലോകം ചുറ്റി നടക്കുകയാണ് ഈ ദമ്പതികള്‍.

 

Mike-and-Anne2
Mike and Anne - Image Courtesy: honeytrek/Instagram

സഞ്ചാരപ്രേമികളെ വിസ്മയഭരിതരാക്കുന്ന ജീവിതമാണ് ഇവരുടേത്. 2012 -ലായിരുന്നു ആനും ഹോവാര്‍ഡും വിവാഹിതരായത്. ഹണിമൂണ്‍ യാത്രകള്‍ വര്‍ഷങ്ങളിലേക്ക് നീണ്ടുപോകുമെന്ന് അന്ന് അവരും കരുതിയില്ല. ഇക്കഴിഞ്ഞ കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുവരും ചേര്‍ന്ന് 64 രാജ്യങ്ങൾ സന്ദർശിച്ചു. വെറുതേ, ചുറ്റിനടക്കുക മാത്രമല്ല, അവിടങ്ങളിലെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവര്‍ ശ്രമിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ രാജ്യങ്ങളുമെല്ലാം അവര്‍ സന്ദര്‍ശിച്ചു.

Anne1
Anne - Image Courtesy: honeytrek/Instagram

 

ഈ ഓഗസ്റ്റ് മാസം ആദ്യവാരം, തങ്ങള്‍ യാത്രചെയ്യുന്ന 65-ാമത് രാജ്യമായി അവര്‍ ഇന്ത്യ തിരഞ്ഞെടുത്തു. മാത്രമല്ല, ദൈവത്തിന്‍റെ സ്വന്തം നാടായ കേരളമാണ് ആദ്യം അവര്‍ കാണാനെത്തിയത്. ഭൂട്ടാന്‍ യാത്രയ്ക്ക് ശേഷം നേരെ കേരളത്തിലേക്ക് പറക്കുകയായിരുന്നു. ഇതിനു മുന്നേ കോളേജ് പഠനകാലത്ത് ഇരുവരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഒരുമിച്ച് ഇതാദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.

Mike-and-Anne
Mike and Anne - Image Courtesy: honeytrek/Instagram

 

Mike-and-Anne1
Mike and Anne - Image Courtesy: honeytrek/Instagram

കേരളത്തെക്കുറിച്ച് പറയുമ്പോള്‍ ഇരുവര്‍ക്കും നൂറുനാവാണ്. വിനോദസഞ്ചാരികൾക്കുള്ള ഇന്ത്യയുടെ കവാടമാണ് കേരളം. ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളുടെ സംഗമസ്ഥാനം കൂടിയായതിനാൽ ഇത് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ ലളിതമാണ്. സസ്യാഹാരികളായതിനാല്‍, കേരളത്തില്‍ പച്ചക്കറികൾ പാചകത്തിന് ഉപയോഗിക്കുന്ന വിവിധ രീതികൾ തങ്ങളെ അത്ഭുതപ്പെടുത്തിയതായും മൈക്ക് പറയുന്നു.

 

ഓരോ നാട്ടിലും എത്തുമ്പോള്‍ ബസുകളിൽ യാത്ര ചെയ്യാനും പ്രാദേശിക ഭക്ഷണം കഴിക്കാനും താമസക്കാരുമായി ഇടപഴകാനും ശ്രമിക്കുന്നു. ഇത് ചെലവ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ആളുകളുമായി ബന്ധപ്പെടാനും അവസരമൊരുക്കുന്നുവെന്ന് ആനി. ഒരു സ്ഥലത്തെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്നതിന് പകരം ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാനുള്ള മികച്ച മാർഗം കൂടിയാണിതെന്നും അവര്‍ പറയുന്നു. രണ്ടാഴ്ചത്തേക്ക് തുടര്‍ച്ചയായി യാത്ര ചെയ്ത ശേഷം, അല്‍പ്പം വിശ്രമമെടുക്കുകയും വീണ്ടും യാത്ര തുടരുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. 

 

ഈ യാത്രക്കായി പ്രതിദിനം ഇവര്‍ക്ക് ചിലവാകുന്നത് ശരാശരി ഏകദേശം 2,700 രൂപയാണ്. യാത്രയെക്കുറിച്ച് ഇരുവരും ചേര്‍ന്നെഴുതിയ പുസ്‌തകങ്ങളുടെ വില്‍പ്പന വഴിയും 'ഹണി ട്രെക്ക്' എന്ന ബ്ലോഗിലൂടെയുമാണ്‌ യാത്രയ്ക്ക് വേണ്ട പണം കണ്ടെത്തുന്നത്. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ, ഹൗസ് സിറ്റിംഗ് ചെയ്യാറുണ്ട്. ഉടമകള്‍ ഇല്ലാത്ത സമയത്ത് അവരുടെ വീടുകളില്‍ താമസിച്ച് അവ പരിപാലിക്കുന്ന രീതിയാണിത്. ഇതിലൂടെ ഹോട്ടല്‍ താമസത്തിനുള്ള പണം ലാഭിക്കാം. കൂടാതെ തങ്ങള്‍ സന്ദര്‍ശിക്കുന്ന വിവിധ രാജ്യങ്ങളിലെ ടൂറിസം ബോര്‍ഡുകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിക്കാനും അവര്‍ സമയം കണ്ടെത്തുന്നു.

 

ന്യൂജേഴ്‌സിയിലെ ഹോബോക്കനിൽ ടു-ഓൺ-ടു വോളിബോൾ കളിക്കുന്നതിനിടെയാണ് നാല്‍പ്പതുകാരിയായ ആനും നാല്‍പ്പത്തഞ്ചുകാരനായ മൈക്കും കണ്ടുമുട്ടിയത്. യാത്രയോടുള്ള ഇഷ്ടം ഇരുവരെയും ഒരുമിപ്പിച്ചു. ഇനിയും യാത്ര തുടരാനാണ് ഇവരുടെ പ്ലാന്‍. ഗോവയും മുംബൈയുമാണ് ഇവരുടെ ഇന്ത്യയിലെ അടുത്ത ലക്ഷ്യസ്ഥാനങ്ങൾ. അവിടെ നിന്ന് അവർ തങ്ങളുടെ 66-ാമത്തെ രാജ്യമായ ക്രൊയേഷ്യയിലേക്ക് പറക്കും.

 

English Summary: US Couple arrived in kerala for never ending honeymoon trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com