ADVERTISEMENT

കാനഡയിലെ ഫെർണിക്ക് സമീപം ഈയിടെയായി ഒട്ടേറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയാണ് കോട്ടണ്‍വുഡ് മരങ്ങള്‍ക്കിടയിലൂടെ നീളുന്ന നടപ്പാത. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കോട്ടണ്‍വുഡ് മരങ്ങളാണ് ഇവിടെയുള്ളത്. സാധാരണയായി ഇത്തരം മരങ്ങള്‍ക്ക് ഒന്നര നൂറ്റാണ്ടു വരെയാണ് ആയുസ്സുണ്ടാവുക. എന്നാല്‍ നാന്നൂറ് വര്‍ഷത്തിലധികം പ്രായമുള്ള കൂറ്റന്‍ കോട്ടണ്‍വുഡ് മരങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്ക് കൗതുകമേകി ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. 

പുരാതന കോട്ടൺവുഡ് ട്രെയില്‍ ഉൾപ്പെടുന്ന എൽക്ക് വാലി ഹെറിറ്റേജ് കൺസർവേഷൻ ഏരിയ 25,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നു. അതിൽ മൗണ്ട് ബ്രോഡ്‌വുഡും ഉള്‍പ്പെടുന്നു. ചുറ്റുമുള്ള താഴ്‌വര ഇവിടെയുള്ള മരങ്ങളെ മരങ്ങളെ ശക്തിയേറിയ കാറ്റിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു. കൃഷ്ണമൃഗങ്ങൾ, വംശനാശഭീഷണി നേരിടുന്ന വെസ്റ്റേൺ സ്‌ക്രീച്ച് മൂങ്ങകൾ, വിവിധയിനം പക്ഷികൾ, പലതരം പ്രാണികൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾക്ക് ഈ കാട് ഭക്ഷണവും പാർപ്പിടവും നൽകുന്നു.

രണ്ടു കിലോമീറ്റര്‍ നീളമുള്ള നടപ്പാത കാട്ടിലൂടെ സന്ദര്‍ശകരെ കൊണ്ടുപോകുന്നു. സമൃദ്ധമായ വനപ്രദേശത്തു കൂടിയും എൽക്ക് നദിയ്ക്ക് മുകളിലൂടെ നിര്‍മിച്ച പാലങ്ങളിലൂടെയും സഞ്ചരിച്ച് ഏറ്റവും വലിയ മരങ്ങള്‍ക്കടുത്തേക്ക് എത്താം. പച്ചപ്പായല്‍ നിറയെ പറ്റിപ്പിടിച്ച്, 10 നിലകളുള്ള ഒരു കെട്ടിടത്തോളം ഉയരത്തിൽ നിൽക്കുന്ന ഈ മരങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. 

 പ്രധാനമായും തടിക്ക് വേണ്ടി ഉപയോഗിക്കുന്ന മരമാണ് ബ്ലാക്ക് കോട്ടണ്‍വുഡ്. കൂടാതെ, ഇതിന്‍റെ തടി, വേരുകൾ, പുറംതൊലി എന്നിവ വിറക്, തോണി നിർമ്മാണം, കയർ, മീൻ കെണികൾ, കൊട്ടകൾ എന്നിവ നിര്‍മ്മിക്കാനും ഉപയോഗിക്കുന്നു. ഇതിനുള്ളിലെ സ്രവം പശയായും വാട്ടർപ്രൂഫിംഗിനും ഉപയോഗിക്കുന്നു. തദ്ദേശീയരായ അമേരിക്കക്കാർ കൂടുതല്‍ കരുത്തിന്നായി ഈ മരത്തിന്‍റെ പുറംതൊലിയും സ്രവവും തങ്ങളുടെ കുതിരകള്‍ക്ക് നല്‍കിയിരുന്നു. മാത്രമല്ല, ഇവയുടെ മുകുളങ്ങള്‍ സൗന്ദര്യവർദ്ധക വസ്തുക്കളിൽ സുഗന്ധദ്രവ്യമായും ഉപയോഗിക്കുന്നു. കൂടാതെ, പ്ലൈവുഡ്, പേപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. ഒറിഗോണിലെ സേലത്തിനടുത്തുള്ള വില്ലാമെറ്റ് മിഷൻ സ്റ്റേറ്റ് പാർക്കിലാണ് ഇന്ന് ലോകത്തേറ്റവും വലിയ കോട്ടണ്‍വുഡ് മരമുള്ളത്. 2008 ഏപ്രിലിൽ അവസാനമായി അളന്നപ്പോള്‍ ഇതിനു 47 മീറ്റർ ഉയരവും 8.8 മീറ്റർ ചുറ്റളവുമുണ്ടായിരുന്നു. 

2004 മുതല്‍ കാനഡയിലെ നേച്ചർ കൺസർവൻസിയാണ് എൽക്ക് വാലി ഹെറിറ്റേജ് കൺസർവേഷൻ ഏരിയ പരിപാലിക്കുന്നത്. ഫെർണിയിൽ നിന്ന് ഏകദേശം 10-15 മിനിറ്റ് ഡ്രൈവ് ചെയ്താണ് ഇവിടേയ്ക്ക് എത്തുന്നത്. ക്രൗസ്നെസ്റ്റ് ഹൈവേയിൽ നിന്ന് എളുപ്പത്തില്‍ ഇവിടേക്ക് എത്താം. വനപ്രദേശമായതു കൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്കുള്ള പാര്‍ക്കിംഗ് പരിമിതമാണ്. ഏകദേശം 15-20 മിനിറ്റാണ് ഈ ചെറിയ ഹൈക്കിംഗിന് എടുക്കുന്ന സമയം. കിളികളുടെ ശബ്ദവും കാടിന്‍റെ കുളിരും നദിയുടെ കളകളവുമെല്ലാം ആസ്വദിച്ചുള്ള ഈ യാത്ര ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുന്ന ഒരു അനുഭവമായിരിക്കും.

റോക്കി പർവതനിരകളാൽ ചുറ്റപ്പെട്ട കാനഡയിലെ ഏക സിറ്റി ക്ലാസ് മുനിസിപ്പാലിറ്റിയാണ് ഫെർണി. നഗരത്തിന്‍റെ വടക്ക് ഭാഗത്ത് മൗണ്ട് ഫെർണി, മൗണ്ട് ക്ലൗർ, ദി ത്രീ സിസ്റ്റേഴ്സ്, മൗണ്ട് പ്രോക്ടർ എന്നീ പര്‍വ്വതങ്ങള്‍ സ്ഥിതിചെയ്യുന്നു. വടക്കുകിഴക്ക് മൗണ്ട് ഹോസ്മർ , കിഴക്ക് ഫെർണി റിഡ്ജ്, തെക്കുകിഴക്ക് മോറിസ്സി റിഡ്ജ് എന്നിവയും തെക്ക് പടിഞ്ഞാറ് ലിസാർഡ് റേഞ്ചിന്‍റെ ഭാഗമായ വിവിധ കൊടുമുടികളുമുണ്ട്. കാനഡയിലെ ഏറ്റവും വലിയ സ്കീ റിസോർട്ടുകളിൽ ഒന്നായ ഫെർണി ആൽപൈൻ റിസോർട്ടും ഐലൻഡ് ലേക്ക് കാറ്റ്സ്കീയിംഗ് റിസോർട്ടും ലിസാർഡ് റേഞ്ചിലാണ് സ്ഥിതിചെയ്യുന്നത്.

English Summary: Ancient Cottonwood Trail Morrissey, British Columbia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com