ADVERTISEMENT

ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഇനിയും കാലഹരണപ്പെട്ടിട്ടില്ലാത്ത ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും അവയുടെ വില ആരും മനസ്സിലാക്കാറില്ല എന്നതാണ് സത്യം. ജനങ്ങളുടെ ജീവിതരീതിക്കും സാംസ്‌കാരികമൂല്യങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ട്. 

അതേസമയം, ഇപ്പോഴും വിചിത്രമായ നിയമങ്ങളും ജീവിതശൈലികളും പിന്തുടരുന്ന ചില രാജ്യങ്ങളുണ്ട്. പുറമേനിന്ന് നോക്കുന്നവര്‍ക്ക് വിചിത്രമെന്നു തോന്നാമെങ്കിലും ആ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് അത്തരം നിയമങ്ങളും ചട്ടക്കൂടുകളും തികച്ചും അനിവാര്യമായിരിക്കും. ഇത്തരം നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഗുണകരമാകും. അത്തരം ചില വിചിത്ര നിയമങ്ങളെക്കുറിച്ച് അറിയാം.

സിംഗപ്പൂരില്‍ ച്യൂയിങ‌്ഗം കൊണ്ടുപോവല്ലേ!

ലോകമെങ്ങും ആരാധകരുള്ള ച്യൂയിങ്ഗമ്മിന് പക്ഷേ സിംഗപ്പൂരില്‍ കടക്കാന്‍ യോഗമില്ല. ച്യൂയിങ‌്ഗം ഇവിടെ നിയമവിരുദ്ധമാണ്.1992 മുതൽ സിംഗപ്പൂരിൽ ച്യൂയിങ‌്ഗത്തിന്‍റെ വിൽപന, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവ നിരോധിച്ചിരിക്കുന്നു. നിയമം തെറ്റിച്ചാല്‍ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കും.

singapore
SINGAPORE. Boule/shutterstock

അഴുകാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന ച്യൂയിങ‌്ഗം ആരോഗ്യത്തിനും പ്രകൃതിക്കും ഒരേപോലെ നാശമുണ്ടാക്കുന്നു എന്നാണ് ഇതിനു കാരണമായി അധികൃതര്‍ ഉന്നയിക്കുന്ന വാദം. 2004 ൽ ഈ നിയമത്തിനു ചെറിയൊരു അയവ് വരുത്തി. ഇതു പ്രകാരം, ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രം ച്യൂയിങ‌്ഗം ചവയ്ക്കാം.

srilanka
Buddha statue. Val Shevchenko/shutterstock

ബുദ്ധനൊപ്പം സെൽഫിയെടുത്താല്‍ പണികിട്ടും

ശ്രീലങ്കയിൽ ബുദ്ധപ്രതിമകൾക്കു മുന്നില്‍ നിന്ന് ചിത്രങ്ങൾ എടുക്കുന്നത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. ഒരിക്കലും മനുഷ്യര്‍ക്ക് പിന്നിൽ ബുദ്ധനെ കാണാന്‍ ഇവിടുത്തെ വിശ്വാസികള്‍ ആഗ്രഹിക്കുന്നില്ല. ബുദ്ധന്‍റെ അരികിൽനിന്നോ ബുദ്ധന് അഭിമുഖമായി നിന്നോ ഫോട്ടോയെടുത്താല്‍ കുഴപ്പമില്ല.

മരംകയറികള്‍ക്ക് വിലക്ക്

കാനഡയിലെ ഒഷാവയിൽ ആളുകള്‍ മരങ്ങളിൽ കയറുന്നത് നിരോധിച്ചിരിക്കുന്നു. നഗരത്തിലെ മുനിസിപ്പല്‍ പാര്‍ക്കുകളിലാണ് ഈ നിയമം ഉള്ളത്. ഇതിന്റെ കാരണം കൗതുകകരമാണ്! കോമിക് കഥാപാത്രമായ സ്പൈഡര്‍മാനെ അനുകരിച്ച് ആളുകള്‍ മരത്തില്‍ കയറി അപകടം ഉണ്ടാകുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്!

ഭാര്യയുടെ ജന്മദിനം മറന്നാൽ ജയിലിൽ പോകാം

സ്ത്രീൾ‌ക്കു വലിയ വിലയൊന്നും കല്‍പിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ക്ക് ജീവിച്ചുപോകാന്‍ പറ്റിയ നാടല്ല ഓഷ്യാനിയയിലെ സമോവ. ഇവിടെ ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകരമാണ്. അഥവാ മറന്നുപോയാലോ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് അതിന്‍റെ കാരണം കൃത്യമായി വിശദീകരിച്ചു കൊടുക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം. ഭാര്യമാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയാല്‍ ഭര്‍ത്താക്കന്മാര്‍ ജയിലില്‍ കിടക്കും!

പക്ഷിസ്നേഹമൊക്കെ കൊള്ളാം, തീറ്റ കൊടുക്കരുത്

ഒരുപക്ഷേ മനുഷ്യരെക്കാള്‍ കൂടുതല്‍ പ്രാവുകള്‍ ഉള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇറ്റലിയിലെ മിലാനിലെ ഡ്യുമോ, സിയീന കത്തീഡ്രൽ എന്നിവയെല്ലാം.

italy
Image Source: Shutterstock/Dmytro Stoliarenko

ഇവ മനുഷ്യരുടെ ആരോഗ്യത്തിനും സ്മാരകങ്ങളുടെ സംരക്ഷണത്തിനും അപകടമുണ്ടാക്കുന്നതായി കണ്ടെത്തിയതിനാല്‍, 2008-ൽ ഇറ്റാലിയൻ സർക്കാർ വെനീസിലെ പ്രശസ്തമായ സെന്‍റ് മാർക്ക് സ്ക്വയറിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചു. ആരെങ്കിലും ഭക്ഷണം നൽകുന്നതായി കണ്ടെത്തിയാൽ 700 യൂറോ വരെ പിഴ ചുമത്തും.

നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കുവച്ചാല്‍ പിഴ!

യുഎസിലെ ടെന്നസിയില്‍ ഒരു പ്രത്യേക നിയമമുണ്ട്. ആളുകള്‍ അവരുടെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ഇവിടെ കുറ്റകരമാണ്. വ്യത്യസ്ത ഉപകരണങ്ങളിൽ ഒരേസമയം നാല് ഉപയോക്താക്കള്‍ക്ക് വരെ സേവനം ആക്സസ് ചെയ്യാൻ നെറ്റ്ഫ്ലിക്സ് തന്നെ അനുവദിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ കാര്യം. നെറ്റ്ഫ്ലിക്സ് മാത്രമല്ല, കേബിള്‍ ടിവിയും ഒടിടി സേവനങ്ങളുമെല്ലാം ഒരാള്‍ക്ക് മാത്രമേ ഉപയോഗിക്കാനാവൂ. നിയമം തെറ്റിക്കുന്നവര്‍ക്ക് 2,500 യുഎസ് ഡോളർ പിഴയും ഒരു വർഷം തടവും ശിക്ഷയായി ലഭിച്ചേക്കാം. 

English Summary: Strange Laws Around The World You Must Know If You Are Planning to Travelling Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com