ADVERTISEMENT

ഹിന്ദി ടെലിവിഷൻ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് ഹീന ഖാൻ. യാത്രകള്‍ ഏറെ ഇഷ്ടമുള്ള ആള്‍ കൂടിയാണ് ഹീന. തിരക്കേറിയ ജീവിതത്തിനിടയിലും യാത്രകള്‍ ചെയ്യാന്‍ ഹീന സമയം കണ്ടെത്താറുണ്ട്. സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിലേക്കാണ് ഹീനയുടെ ഏറ്റവും പുതിയ യാത്ര. മനോഹരമായ ധാരാളം ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനുമുമ്പ് ബാങ്കോക്കില്‍ നിന്നുള്ള ചിത്രവും ഹീന പോസ്റ്റ്‌ ചെയ്തിരുന്നു.

വിനോദസഞ്ചാരത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലൻഡ്. കോവിഡ് കാലത്തുണ്ടായ വന്‍ നഷ്ടം നികത്തുന്നതിനായി ഈയിടെയായി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ് ഈ ഏഷ്യന്‍ രാജ്യം. രാജ്യത്ത് കൂടുതൽ കാലം താമസിക്കാൻ വിദേശ വിനോദസഞ്ചാരികളെ അനുവദിക്കുന്ന വിസ കാലാവധി നീട്ടല്‍ പദ്ധതി ഈയിടെ നടപ്പാക്കിയിരുന്നു. 

തായ്‌ലൻഡിൽ വീസ ഓൺ അറൈവലിന്(VoA) അർഹതയുള്ള, ഇന്ത്യയിൽ നിന്നും മറ്റ് 17 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വീസദൈർഘ്യം 15 ദിവസം മുതല്‍ 30 ദിവസം വരെയാണ് നീട്ടുന്നത്. അതേസമയം, യുഎസ്, യുകെ, കാനഡ എന്നിവയുൾപ്പെടെ 50 രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിനോദസഞ്ചാരികൾക്ക് സന്ദർശക വീസ നിലവിൽ 30 ദിവസത്തിൽ നിന്ന് 45 ദിവസമായി നീട്ടാം. ഈ ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള ആറുമാസത്തേക്കാണ് ഈ മാറ്റം.

ഇതുകൂടാതെ, ചില രാജ്യങ്ങളിലെ/പ്രദേശങ്ങളിലെ പാസ്‌പോർട്ട് ഉടമകൾക്ക് ഉഭയകക്ഷി കരാറിന് കീഴിൽ വീസയില്ലാതെ തായ്‌ലൻഡിലേക്ക് പ്രവേശിക്കാം: കംബോഡിയ (14 ദിവസം), മ്യാൻമർ (14 ദിവസം), ഹോങ്കോങ് (30 ദിവസം), ലാവോ പിഡിആർ. (30 ദിവസം, മക്കാവു (30 ദിവസം), മംഗോളിയ (30 ദിവസം), റഷ്യ (30 ദിവസം, VOA), വിയറ്റ്നാം (30 ദിവസം), അർജന്റീന (90 ദിവസം), ബ്രസീൽ (90 ദിവസം), ചിലെ (90 ദിവസം), കൊറിയ ( ROK) (90 ദിവസം), പെറു (90 ദിവസം) എന്നിവയാണ്.

ഇപ്പോഴും സഞ്ചാരികള്‍ക്കുള്ള സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ കര്‍ശനമായിത്തന്നെ ഇവിടെ പാലിക്കുന്നുണ്ട്. നിലവിൽ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്‍റെ തെളിവോ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് ആർടി പിസിആർ ഫലമോ ഹാജരാക്കണം. ഇവ പ്രിന്‍റ് അല്ലെങ്കിൽ ഡിജിറ്റൽ ഫോർമാറ്റിൽ ആകാം. തായ്‌ലൻഡിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും 22 പ്രവിശ്യകളിൽ ഉള്ള ലാൻഡ് ബോർഡർ ചെക്ക്‌പോസ്റ്റുകളിലും എത്തിച്ചേരുമ്പോൾ ഇവ കൃത്യമായി പരിശോധിക്കുന്നുണ്ട്.

English Summary: Hina Khan Enjoys Holiday in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com