'വീണ്ടും ഇവിടേക്ക് വരാൻ കാത്തിരിക്കുന്നു'; അല്ലിമോളുടെ പിറന്നാള്‍ ആഘോഷമാക്കി സുപ്രിയയും പൃഥ്വിരാജും

Mail This Article
അഭിനയ മികവിന് പുറമേ, രാജ്യമെമ്പാടും ആരാധകരുള്ള സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തിരക്കുകളിൽ നിന്ന് മാറി കുടുംബവുമായി യാത്രയിലാണ് താരം. മലയാളികളുടെ പ്രിയങ്കരിയായ, അല്ലി എന്നു സ്നേഹത്തോടെ വിളിക്കുന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് എട്ടു വയസ്സ് തികഞ്ഞു. മകളുടെ പിറന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മാലദ്വീപിലാണ് നടനും കുടുംബവും. മാലദ്വീപിലെ ഡബ്ല്യു റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രം പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. റിസോര്‍ട്ടിന്‍റെ ലോഗോയ്ക്ക് മുകളില്‍ കയറിയിരിക്കുന്ന അല്ലിയുടെ ചിത്രമാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. അല്ലിയുടെ എട്ടാം ജന്മദിനം അവിസ്മരണീയമാക്കിയ ഡബ്ല്യൂ മാൽദീവ്സ് ബീച്ച് റിസോര്‍ട്ടിന് നന്ദി പറഞ്ഞുകൊണ്ടും കൂടാതെ വീണ്ടും ഇവിടേക്ക് വരാൻ കാത്തിരിക്കുന്നുവെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ പൃഥ്വിരാജും കുടുംബവും മാലദ്വീപിലേക്ക് പോയിരുന്നു. അന്ന് നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. മാലദ്വീപിലെ ഡബ്ല്യൂ മാൽദീവ്സ് ബീച്ച് റിസോര്‍ട്ടായിരുന്നു താമസത്തിനായി തിരഞ്ഞെടുത്തത്. സുപ്രിയയെ ചേര്‍ത്തുപിടിച്ച്, കടലിന്‍റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തോടൊപ്പം‘‘ലോകമെമ്പാടുമുള്ള മികച്ച ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മുറിയുടെ വലുപ്പമോ റസ്റ്റോറന്റുകളുടെ എണ്ണമോ ഒന്നുമല്ല കാര്യം. മടങ്ങി പോകുമ്പോൾ വീണ്ടും ഇവിടേക്ക് തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നതിലാണ് കാര്യം’’ എന്ന മനോഹരമായ കുറിപ്പും പൃഥ്വി ചിത്രത്തോടൊപ്പം അന്ന് പങ്കുവച്ചിരുന്നു. കൂടാതെ മികച്ച രീതിയില്‍ തങ്ങളെ പരിപാലിച്ചതിനും മകള്‍ അല്ലിയെ ഏറെ സന്തോഷവതിയാക്കിയതിനും മാലദ്വീപിലെ ഡബ്ല്യൂ മാൽദീപ്സ് ബീച്ച് റിസോര്‍ട്ടിനുള്ള നന്ദിയും പൃഥ്വി രേഖപ്പെടുത്തിയിരുന്നു. ആതേ റിസോർട്ടിന്റെ മനോഹാരിതയിലേക്കാണ് വീണ്ടും ഇവർ എത്തിയത്.

ഈയിടെയായി സെലിബ്രിറ്റികള്‍ ധാരാളം എത്തുന്ന ഒരു റിസോര്‍ട്ട് ആണ് ഡബ്ല്യു മാൽദീവ്സ്. മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സീപ്ലെയിൻ വഴി 25 മിനിറ്റ് യാത്ര ചെയ്താണ് നോർത്ത് അരി അറ്റോളിൽ സ്ഥിതിചെയ്യുന്ന ഡബ്ല്യു മാല്‍ദീവ്സ് റിസോര്‍ട്ടില്‍ എത്തുന്നത്. പഞ്ചാര മണൽ വിതറിയ ബീച്ചുകളും മയില്‍പ്പച്ച നിറമുള്ള വെള്ളം നിറഞ്ഞ ലഗൂണുകളും മനോഹരമായ പവിഴപ്പുറ്റുകളും നിറഞ്ഞ ഇവിടം അതിസുന്ദരമായ ഒരു ലക്ഷ്വറി വെക്കേഷന്‍ സ്പോട്ടാണ്. ബോട്ടുകൾ, കാനോ, വാട്ടർസ്‌പോർട്സ് ഉപകരണങ്ങൾ, വിൻഡ് സർഫിങ്, സ്‌നോർക്കെലിങ് എന്നിവ ഉൾപ്പെടെയുള്ള ധാരാളം വിനോദ സൗകര്യങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

റിസോര്‍ട്ടിനരികിലായി ഗാതഫുഷി എന്ന പേരില്‍ ഒരു ദ്വീപും ഒരുക്കിയിട്ടുണ്ട്. റൊമാന്റിക് യാത്രകള്‍ക്ക് ഇതു ബുക്ക് ചെയ്യാം. നക്ഷത്രങ്ങൾക്ക് കീഴിലുള്ള വില്ലയിൽ പ്രണയാര്‍ദ്രമായ രാത്രി ചിലവിടാം, അല്ലെങ്കില്‍ ഗ്രൂപ്പ് പാര്‍ട്ടികള്‍ക്കും സൗകര്യമുണ്ട് ഇവിടെ.
സൂര്യാസ്തമയം ആസ്വദിച്ചുകൊണ്ടുള്ള കപ്പല്‍യാത്രയാണ് മറ്റൊരു അതുല്യമായ അനുഭവം. കൂടാതെ, അരി അറ്റോളിന്‍റെ തെക്കുഭാഗത്ത് തിമിംഗല സ്രാവുകളെ കാണാനും അവയ്ക്കൊപ്പം നീന്താനും പറ്റും. പകലും രാത്രിയും സ്നോര്‍ക്കലിങ് നടത്താനാവുന്ന രീതിയില്‍ പ്രത്യേക ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.

ഇവ കൂടാതെ, പരമ്പരാഗത ധോണി ബോട്ടിലോ സ്പീഡ് ബോട്ടിലോ റിസോര്‍ട്ടിന്‍റെ ആഡംബര നൗകയായ എസ്‌കേപ്പിലോ കയറി അടുത്തുള്ള ദ്വീപുകളും അവിടുത്തെ ജനജീവിതവും പര്യവേഷണം ചെയ്യാം. പ്രദേശവാസികളുമായി ഇടപഴകുകയും മാലദ്വീപ് ജീവിതശൈലി മനസ്സിലാക്കുകയും ചെയ്യാം. പ്രാദേശിക മാർക്കറ്റുകളിൽ ഷോപ്പിങ് നടത്തുക, മത്സ്യ മാർക്കറ്റ് സന്ദര്‍ശനം, അല്ലെങ്കിൽ പരമ്പരാഗത പാചകരീതികള്‍ പഠിക്കല്‍ തുടങ്ങിയവയും ഇതിനൊപ്പം ചെയ്യാം.
English Summary: Prithviraj and Supriya Celebrates Allys Birthday at Maldives