ADVERTISEMENT

ആഡംബരങ്ങള്‍ക്ക് ഒരു വീടുണ്ടെങ്കില്‍ അതിനെ ദുബായ് എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്! അതുകൊണ്ടുതന്നെയാണ് ലോകമെങ്ങുമുള്ള കോടീശ്വരന്‍മാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി ദുബായ് മാറിയതും. ഗിന്നസ് ബുക്കില്‍ വരെ ഇടം നേടിയ അനേകം നിര്‍മിതികള്‍ ഇവിടെയുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതിയൊരു കാഴ്ച കൂടി വരികയാണ്– ചന്ദ്രന്‍റെ ആകൃതിയില്‍ നിര്‍മിക്കുന്ന ഭീമാകാരമായ റിസോര്‍ട്ട്. 

മൂണ്‍ ദുബായ് എന്നാണ് പുതിയ റിസോര്‍ട്ടിന്‍റെ പേര്. കനേഡിയൻ കമ്പനിയായ മൂൺ വേൾഡ് റിസോർട്ട്സ് (എംഡബ്ല്യുആർ) ആണ് ഇതിനു പിന്നില്‍. 735 അടി ഉയരമുള്ള സമുച്ചയം 48 മാസം കൊണ്ട് നിർമിക്കാനാണ് പദ്ധതി. ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, ബഹിരാകാശ വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ വിസ്മയക്കാഴ്ചകളും സൗകര്യങ്ങളും ഒരുക്കുന്ന മൂൺ ദുബായ് എമിറേറ്റിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് കരുതുന്നു.

ഒരു വര്‍ഷം പത്തു ലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്നാണ് കരുതുന്നത്. പത്തേക്കര്‍ സ്ഥലത്ത് ഒരുക്കുന്ന റിസോര്‍ട്ടിനുള്ളില്‍ ഒരു സ്പാ & വെൽനസ് ഏരിയ, നിശാക്ലബ്, ഇവന്‍റ് സെന്‍റർ, ഗ്ലോബൽ മീറ്റിങ് ഏരിയ, ലോഞ്ച്, ഇൻ ഹൗസ് മൂൺ ഷട്ടിൽ എന്നിവ ഉണ്ടാകും. ബഹിരാകാശ ഏജൻസികൾക്കും ബഹിരാകാശ സഞ്ചാരികൾക്കുമായി പരിശീലന പ്ലാറ്റ്‌ഫോമും ഒരുക്കും. കൂടാതെ മുന്നൂറോളം സ്വകാര്യ സ്കൈ വില്ലകളും ഉണ്ടാകും. ഇവയുടെ ഉടമസ്ഥര്‍ക്ക് റിസോര്‍ട്ടിലെ എക്സ്ക്ലൂസീവ് പ്രൈവറ്റ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും.

‘ദ് നാഷനൽ’ പറയുന്നതനുസരിച്ച് , മൂൺ റിസോർട്ടിന് 5 ബില്യൻ ഡോളർ ചെലവു വരും. ഇതില്‍ നിന്നുള്ള വാർഷിക വരുമാനം 1.8 ബില്യൻ ഡോളറാണ് കണക്കാക്കുന്നത്. ദുബായ് മാൾ, അറ്റ്ലാന്റിസ് പാം ജുമേരിയ മുതലായ ആകര്‍ഷണങ്ങള്‍ക്കൊപ്പം ഈ റിസോര്‍ട്ട് കൂടിയാകുമ്പോള്‍ ദുബായിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിസോര്‍ട്ടിന് വേണ്ടിയുള്ള വിവിധ ലൈസന്‍സുകള്‍ നേടുന്ന തിരക്കിലാണ് കമ്പനി. കൂടാതെ മൂണ്‍ റിസോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ ആളുകളെ അറിയിക്കുന്നതിനായി റോഡ്‌ ഷോകളും നടത്തുന്നുണ്ട്. ഇതിനുശേഷം, കമ്പനി ഒരു വർഷത്തെ പ്രീ ഡെവലപ്‌മെന്‍റ് പ്രോഗ്രാമിലേക്കും തുടർന്ന് നാല് വർഷത്തെ ബിൽഡ് ഔട്ട് പ്രോഗ്രാമിലേക്കും പ്രവേശിക്കും.

ഗോൾഡ് LEED സർട്ടിഫിക്കേഷൻ, 5 സ്റ്റാർ ബിൽറ്റ് ഔട്ട് സ്റ്റാൻഡേർഡ്, 5 ഡയമണ്ട് റിസോർട്ട് പ്രവർത്തന നിലവാരം എന്നിവയെല്ലാം പുതിയ റിസോര്‍ട്ടിനുണ്ടാകും. ദുബായ് കൂടാതെ, വടക്കേ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ആന്‍ഡ്‌ നോര്‍ത്ത് ആഫ്രിക്ക (MENA) എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള മൂണ്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

English Summary: First Moon-Shaped Luxury Resort Might Open In Dubai Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com