മഞ്ഞുകാല യാത്രകള്‍ക്ക് ദുബായിൽ ഒരു അടിപൊളി സ്ഥലം

hatta
Hatta Dam best place for water adventure activities. Sarath maroli/shutterstock
SHARE

കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേക്കും വാര്‍ത്തകളില്‍ ഇടംനേടിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായിരുന്നു ദുബായിലെ ഹത്ത. ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ നഗരത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെയാണ് ലോകത്തിന്‍റെ കണ്ണു മുഴുവന്‍ ഈ മനോഹരഭൂമിയിലേക്ക് തിരിഞ്ഞത്. ഈ വര്‍ഷം മഞ്ഞുകാല യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച ഒരു ലൊക്കേഷനാണ് ഇവിടം.

ദുബായുടെയും ഒമാനിന്‍റെയും അതിര്‍ത്തിപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഹത്ത. മുമ്പ് ഒമാന്‍റെ ഭാഗമായിരുന്നു ഈ നഗരം. ഇപ്പോൾ ദുബായുടെ ഭാഗമാണെങ്കിലും ഒമാന്‍ സംസ്കാരത്തിന്‍റെ അലയൊലികള്‍ ഇവിടെയെങ്ങും കാണാം. കോണ്‍ക്രീറ്റ് സൗധങ്ങളും അദ്ഭുത നിര്‍മിതികളും ആഡംബരത്തിന്‍റെ പളപളപ്പുമെല്ലാം നിറഞ്ഞ ദുബായ് നഗരപ്രദേശത്തുനിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടം.

നഗരത്തിന് തെക്ക് കിഴക്കായി, ഹജാർ പർവതനിരകളിൽ സ്ഥിതിചെയ്യുന്നതിനാല്‍ ദുബായിലെ കാലാവസ്ഥയില്‍നിന്നു വ്യത്യസ്തമായി, സുഖകരമായ തണുപ്പ് നിലനില്‍ക്കുന്ന ഇടമാണ് ഹത്ത. പ്രകൃതിഭംഗിയും ഈ ഭാഗത്ത് കൂടുതലാണ്. ദുബായ് നഗരത്തില്‍നിന്നു 110 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്ക് ഉള്ളൂ. ഇതിനെടുക്കുന്ന സമയമോ, രണ്ടു മണിക്കൂറില്‍ താഴെ മാത്രം. അതുകൊണ്ടുതന്നെ വാരാന്ത്യങ്ങളില്‍ ഇവിടേക്ക് ഡ്രൈവ് ചെയ്തെത്തുന്ന പ്രാദേശിക സഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇവിടേക്ക് ബസ് സര്‍വീസുമുണ്ട്.

hatta1
Hatta Dam Lake.Creative Family/shutterstock

സഞ്ചാരികള്‍ക്ക് ക്യാംപ് ചെയ്യാനുള്ള സൗകര്യം ഹത്തയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായുള്ള വിവിധ സൗകര്യങ്ങള്‍ക്ക് വിവിധ ചാര്‍ജുകളാണ് ഈടാക്കുന്നത്. ഹത്ത കാരവന്‍ പാര്‍ക്കാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇത് ഈ മേഖലയിലെ ആദ്യത്തെ ആഡംബര കാരവൻ പാർക്കായി കണക്കാക്കപ്പെടുന്നു. ഇവിടെ നിരവധി സൗകര്യങ്ങളുള്ള 11- ഓളം ബെസ്പോക്ക് കാരവനുകളുണ്ട്. ടിവി, അടുക്കള, സൗജന്യ വൈഫൈ ആക്‌സസ് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനുള്ളിലുണ്ട്. ഓരോ കാരവനും രണ്ട് മുതിർന്നവർക്കും മൂന്ന് കുട്ടികൾക്കും താമസിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 

ഇവിടുത്തെ മറ്റൊരു വിസ്മയകരമായ അനുഭവമാണ് ഹത്ത ഡോം പാർക്ക്. ഈ പാര്‍ക്കിനുള്ളില്‍ താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള 15 ഓളം ആഡംബര കൂടാരങ്ങളുണ്ട്. ഹജർ പർവതനിരകളുടെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാനാവുന്ന രീതിയിലാണ് ഇവ രൂപകല്‍പന ചെയ്തിട്ടുള്ളത്. ടെലിവിഷൻ, വൈഫൈ, മിനി ഫ്രിജ് എന്നിവയുൾപ്പെടെ യാത്രികര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇവയ്ക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിനും 40 ചതുരശ്ര മീറ്റർ ആണ് വിസ്തൃതി. രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും ഇരിക്കാവുന്ന തരത്തിലാണ് ഇവയോരോന്നും രൂപകൽപന ചെയ്തിരിക്കുന്നത്. ബെഡും സോഫകളും സ്വകാര്യ ബാർബിക്യൂ ഏരിയയും ഫയർ പിറ്റുമെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്. 999 ദിർഹം മുതലാണ് ഇവിടെ താമസിക്കുന്നതിനുള്ള നിരക്ക്.

ആഡംബരസൗകര്യങ്ങള്‍ വേണ്ട എന്നുള്ളവര്‍ക്ക് ക്യാംപ് സൈറ്റുകളിലെ സാധാരണ ടെന്റുകളില്‍ രാത്രി ചെലവിടാം. ഹത്ത വാദി ഹബ്ബിലും പരിസരത്തും ഉള്ള എല്ലാ അനുഭവങ്ങളും ആസ്വദിക്കാം. ഭക്ഷണത്തിനായി സമീപത്തു ഫുഡ് ട്രക്കുകളും ബാർബിക്യൂ ഏരിയകളുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഇത്. ഒരു ടെന്റിന് 129 ദിർഹം മുതലാണ് നിരക്ക് ഈടാക്കുന്നത്. 

hatta3
Beautiful Hatta Dam in Dubai. Sarath maroli/shutterstock

സാഹസിക സഞ്ചാരികള്‍ക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്. ട്രെക്കിങ്, കയാക്കിങ്, ഹൈക്കിങ് തുടങ്ങിയവയ്ക്കായി നിരവധി പാതകളുണ്ട്. 650 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കില്‍, പാറക്കെട്ടുകൾ നിറഞ്ഞ പർവതങ്ങൾക്ക് മുകളിലൂടെ 15 മിനിറ്റ് പാരാഗ്ലൈഡിങ് ചെയ്യാം. കൂടാതെ, ഡൗൺഹിൽ കാർട്ടിങ്, സോർബിങ്, ഹ്യൂമൻ സ്ലിങ്ഷോട്ട്, അമ്പെയ്ത്ത്, ഫ്രീ-ഫാൾ ജമ്പുകൾ, സാഹസിക റോപ്പ് കോഴ്‌സുകൾ, ട്രാംപോളിങ് തുടങ്ങിയവയ്ക്കും ഒട്ടേറെ അവസരങ്ങള്‍ ഇവിടെയുണ്ട്. 

അല്‍പം കൂടി സാഹസികത വേണമെന്നുള്ളവര്‍ക്ക് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ, ഓഫ്റോഡ് ഇലക്ട്രിക് സ്‌കൂട്ടർ യാത്രയും തിരഞ്ഞെടുക്കാം. 50 കിലോമീറ്ററോളം നീളുന്ന ബൈക്കിങ് പാതകൾ ഹത്ത മൗണ്ടൻ ബൈക്ക് ട്രെയിൽ സെന്‍റര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സാധാരണയായി നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഓഫ്റോഡ്‌ യാത്രകള്‍ ചെയ്യാനാവുക.

കരുത്തന്മാരായ അറേബ്യന്‍ കുതിരകളുടെ മുകളില്‍ കയറി മലമുകളിലേക്ക് യാത്ര ചെയ്യാനുള്ള അപൂര്‍വ അവസരമാണ്  ഹത്ത ഗോൾഡൻ ഹോഴ്സ് ഒരുക്കുന്നത്. ഒരു മണിക്കൂർ യാത്രയ്ക്ക് 100 ദിർഹം മുതൽ റൈഡുകൾ ആരംഭിക്കുന്നു. മുകളില്‍ പ്രത്യേക പോയിന്‍റുകളില്‍ നിര്‍ത്തി സൂര്യോദയവും അസ്തമയവും കാണുമ്പോള്‍ ഏതോ അറബിക്കഥയില്‍ ജീവിക്കുന്നതു പോലെയാണ് സഞ്ചാരികള്‍ക്ക് തോന്നുക. ഇത്തരം യാത്രകള്‍ കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യണം. ഒക്ടോബര്‍ മുതല്‍ കുതിരസവാരി നടത്തുന്ന ഇടങ്ങള്‍ സജീവമാകും.

ഇത്തരം അനുഭവങ്ങള്‍ കൂടാതെ, 900 ലധികം മരങ്ങളും പിക്നിക് സൗകര്യവുമുള്ള വാദി ഹത്ത പാർക്ക്, റാണിത്തേനീച്ചകളെ വളര്‍ത്തുന്ന ഹത്ത ഹണിബീ ഗാർഡൻ, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾക്കും സസ്യങ്ങൾക്കുമുള്ള ദുബായിലെ ഏക പർവത സങ്കേതമായ ഹത്ത മൗണ്ടൻ കൺസർവേഷൻ ഏരിയ, കയാക്കിങ്, പെഡൽ ബോട്ടിങ്, വാട്ടർ ബോട്ടിങ് എന്നിവ ചെയ്യാനാവുന്ന ഹത്ത ഡാം, ബിസി മൂന്നാം നൂറ്റാണ്ടിലെ നാഗരിതയുടെ കാഴ്ചകള്‍ ഒരുക്കുന്ന ഹത്ത ഹെറിറ്റേജ് വില്ലേജ്, ദുബായിലെ സ്ട്രീറ്റ് ആർട്ട് പ്രോജക്ടിന്‍റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ചെരിഞ്ഞ ചുവർചിത്രം, ഹോളിവുഡ് ശൈലിയില്‍ ഹജർ പർവതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒരുക്കിയ ഹത്ത ബോര്‍ഡ്, 2004-ൽ പണികഴിപ്പിച്ച ഹത്ത ഹിൽ പാർക്ക്, വീട്ടു കുരുവികളും ഇന്ത്യൻ സിൽവർ ബില്ലുകളും മുതൽ കിങ്ഫിഷർ, ഹെറോണുകൾ, ഹംസങ്ങൾ വരെ വിരുന്നെത്തുന്ന ഹത്ത സ്വാൻ തടാകം എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത മനോഹര അനുഭവങ്ങള്‍ ഹത്തയിലുണ്ട്.

English Summary: Things To Do In Hatta Dubai For An Unforgettable Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}