ADVERTISEMENT

കാടിനു നടുവില്‍ നദിക്കരയോടു ചേർന്ന് തടിയിൽ പണിത മനോഹരമായൊരു വീട്. അവിടെ താമസിച്ച്, നദിയിലൂടെ വള്ളം തുഴയാം, സൗന ബാത്ത് (ഫീനിഷ് ആവിക്കുളി) ആസ്വദിക്കാം, കാട്ടുബ്ലൂബെറി പറിക്കാം, ഇഷ്ടമുള്ളവ ഗ്രിൽ ചെയ്തോ പാകം ചെയ്തോ കഴിക്കാം.... എല്ലാറ്റിലുമുപരി മനസമാധാനത്തോടെ ശുദ്ധവായു ശ്വസിച്ച് കുറച്ചു നാൾ ജീവിക്കാം. ഇങ്ങനെ ഒരു യാത്രയ്ക്ക് അവസരം കിട്ടിയാലോ? ആനന്ദരാജ്യമായ സുഓമിയിലെ വേനൽക്കാല വീടുകളിലെ കാനനവാസം ഇങ്ങനെയാണ്. സുഓമി എന്നാൽ ഫിൻലൻഡ്. ഇവിടുത്തെ വേനൽക്കാല വസതികളെ ഫിന്നിഷ് ഭാഷയിൽ ‘മൊക്കി’ എന്നാണ് പറയുന്നത്. രാജ്യത്തിൻറെ മൂന്നിൽ രണ്ടു ഭാഗം വനങ്ങളാൽ അനുഗ്രഹീതമായ രാജ്യമാണ് ഫിൻലൻഡ്‌ . അതിനാൽ ‘മൊക്കികൾ’ ധാരാളമുണ്ട് ഇവിടെ. തിരക്കിട്ട നഗരജീവിതത്തിൽ നിന്നും അകലെ പ്രകൃതിയുമായി കൂട്ടുകൂടിയുള്ള ഈ കാട്ടുജീവിതം സുഓമികൾ (ഫിന്നിഷുകാർ) തലമുറകളായി പിന്തുടരുന്നതാണ്. ഫിന്നിഷുകാർ പലർക്കും സ്വന്തമായി വേനൽക്കാല വീടുകളുമുണ്ടാവും. അതിൽ മിക്കതും തലമുറകളായി മാതാപിതാക്കളിൽ നിന്നും കൈമാറിവന്നതാണ്. അത്തരമൊരു ‘മൊക്കി’ യിൽ താമസം തരപ്പെട്ടപ്പോൾ വേറൊന്നും ആലോചിക്കാതെ തനിച്ച് യാത്ര പുറപ്പെട്ടു.

finland-travel2

 

പൊതുവെ ഏകാന്തതയും നിശബ്ദതയും ഇഷ്ടപ്പെടുന്ന ഫിന്നിഷുകാർക്ക് തങ്ങളുടെ വേനൽക്കാലവസതിയായ മൊക്കിയിൽ കുടുംബവുമൊത്തു താമസിക്കുകയെന്നതൊരു വിനോദമാണ്. തടാകക്കരയിലെ ഈ വീടുകളിൽ ചിലവഴിക്കാതെ ഇവരുടെ ‘കുഞ്ഞൻ വേനൽക്കാലം’ സമ്പൂർണമാകില്ല. കോട്ടജുകൾ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഇടയിൽ മാത്രമേ പങ്കിടാറുള്ളൂ.

വാരാന്ത്യങ്ങളും വേനൽക്കാല അവധി ദിനങ്ങളും പൂർണമായ സമാധാനത്തിലും ഏകാന്തതയിലും ചെലവഴിക്കാൻ മാത്രം സുഓമികൾ മണിക്കൂറുകളോളം തങ്ങളുടെ കോട്ടജുകൾ ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യാറുണ്ട്. അതിൽ നിന്നു തന്നെ മനസ്സിലാക്കാം, വേനൽക്കാല ‘മൊക്കികൾ ‘ ഇവരുടെ സംസ്കാരവുമായി ഇഴുകിചേർന്ന് കിടക്കുന്നു.

finland-travel

 

വിദേശികളെ സംബന്ധിച്ചിടത്തോളം, ഈ താമസസമ്പ്രദായം ഒരു പക്ഷേ വിചിത്രമായി തോന്നിയേക്കാം. എന്നാൽ 2020-21ലെ കോവിഡ് കാലം ലോകത്തെ ‘ക്വാറന്റീൻ എന്ന രീതി’ പഠിപ്പിച്ചപ്പോൾ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമായി മാത്രം വേനൽക്കാല അവധി ചെലവഴിക്കുന്നത് അത്ര മോശമായ ആശയമല്ലെന്ന് ഇവർ തെളിയിച്ചു.

 

നമ്മുടെ സ്വകാര്യതയിൽ കാടിനു നടുവിലെ മറ്റൊരു വീട് അതാണ് ‘മൊക്കി’. പല കമ്പനികളും ഇത്തരം വേനൽക്കാല വീടുകൾ നിർമിച്ച് സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ ഈ വനവാസം തേടി ഇവിടെ എത്താറുമുണ്ട്. ഫിൻലൻഡിന്റെ അയൽ രാജ്യങ്ങളായ സ്വീഡനിലും നോർവെയിലുമെല്ലാം ചെറിയ വ്യത്യാസങ്ങളോടെ ഏതാണ്ട് സമാന രീതിയിലുള്ള കോട്ടജ് സംസ്കാരമുണ്ട്.

(ലോമാരംഗസ്), mökkihaku.fi (മൊക്കിഹകു) തുടങ്ങിയ വെബ്സൈറ്റുകൾ വഴി വീടുകൾ തിരഞ്ഞുപിടിക്കാവുന്നതാണ്. സൂര്യൻ അസ്തമിക്കാൻ വിമുഖത കാണിക്കുന്ന, ദൈർഘ്യമുള്ള പകലുകളുള്ള ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ് മൊക്കിയ്ക്ക് ആവശ്യക്കാരേറെ. എന്നാൽ ശൈത്യകാലത്തും ഈ കാനനവാസം തിരഞ്ഞെടുക്കുന്നവരുണ്ട്. മഞ്ഞിലെ സ്കീയിങ് പോലുള്ള കായിക വിനോദങ്ങൾ ആസ്വദിക്കുവാൻ കാടുകളിലെ സ്കീയിങ് പാതകളോട് ചേർന്നുള്ള വീടുകൾക്കാണ് മഞ്ഞുകാലത്തു പ്രിയമേറുന്നത്‌.

 

ഹെൽസിങ്കിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള റാസേപൊരി എന്ന സ്ഥലത്താണ് ഞാൻ തിരഞ്ഞെടുത്ത വേനൽകാല വീട്. ഫിന്നിഷ് കാടുകളിലെ വേനൽക്കാല വീടുകളിലെ 'നിശബ്ദതയുടെ സൗന്ദര്യത്തെ’ ഒറ്റയ്ക്ക് അസ്വദിച്ച നാലുദിനങ്ങൾ. സാധാരണ ഫിന്നിഷ് കോട്ടേജുകൾ ഒരു തടാകത്തിനോ‍ കടലിനോ അരികെയാണ് സ്ഥിതി ചെയ്യുന്നത്.മുന്‍കൂട്ടി ബുക്ക് ചെയ്ത് വീട്ടിൽ നമുക്ക് ആവശ്യമുള്ളവ സജീകരിക്കാം. ഇനിയിപ്പോൾ അയൽവാസിയുമായുള്ള ദൂരം കൂടുതൽ വേണമെകിൽ അതും സാധ്യമാണ്.കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്ന ഈ നാട്ടുകാർക്ക് അയൽവാസിയുടെ ദൂരം കൂടും തോറും സന്തോഷമേറും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com