ADVERTISEMENT

തായ്‍‍ലൻഡിലെ 'ലാസ് വേഗാസ്' എന്നറിയപ്പെടുന്ന പട്ടായയില്‍ ആഘോഷയാത്രയിലാണ് മലയാളികളുടെ പ്രിയഗായിക അമൃതയും സംഗീതസംവിധായകന്‍ ഗോപിസുന്ദറും. പട്ടായയില്‍ നിന്നുള്ള ഒട്ടേറെ മനോഹരചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

യാത്രകളിലൂടെ നമ്മൾ ആർജിക്കുന്ന അറിവ് ജീവിതകാലം മുഴുവനും വേണ്ടിയുള്ളതാണ്. യാത്ര ചെയ്യുക, കൂടുതൽ ഓർമകളും അറിവുകളും സമ്പാദിക്കുക, അതാണ് ഒരു മനുഷ്യൻ ജീവിതത്തിൽ ചെയ്യേണ്ട നല്ല കാര്യങ്ങളിൽ ഒന്നെന്ന് വിശ്വസിക്കുന്ന ആളാണ് അമൃത. സംഗീതം കൊണ്ട് മലയാളി മനസ്സുകൾ കീഴടക്കിയ അമൃതയെ സംബന്ധിച്ചിടത്തോളം യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. മകൾക്കൊപ്പമുള്ളതോ സഹോദരി അഭിരാമിക്കൊപ്പമോ അല്ലെങ്കിൽ ഒറ്റയ്ക്കോ ഏതുമാകട്ടെ അമൃതയ്ക്ക് യാത്രകൾ അമൃത് പോലെയാണ്. ഓരോ യാത്രയും തന്നെ ജീവിതത്തിൽ പല മാറ്റങ്ങൾ കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അമൃത പറയുന്നത്. ഗോപിസുന്ദർ ജീവിതത്തിലേക്ക് കടന്നുവന്നതോടെ യാത്രയുടെ എണ്ണവും കൂടി എന്നുതന്നെ പറയാം. ഇന്ത്യക്കകത്തും കേരളത്തിലുമൊക്കെയായി നിരവധിയിടത്തേക്കാണ് ഇരുവരും സഞ്ചരിക്കുന്നത്.

യാത്രകൾ അമൃത് പോലെ

പട്ടായ യാത്രയുടെ മനോഹരമായ നിരവധിചിത്രങ്ങളാണ് അമൃതയും ഗോപിസുന്ദറും ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പട്ടായ ഡയറീസ് എന്നു കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ പോയി വരാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. തലസ്ഥാനമായ ബാങ്കോക്കിനേക്കാള്‍ സഞ്ചാരികളെത്തുന്ന, ഭൂമിയിലെ പറുദീസയെന്നു വിളിക്കപ്പെടുന്ന നഗരമാണ് തായ്‌ലാന്‍ഡിലെ പട്ടായ. ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കായി തായ്‌ലൻഡ് ഉൾക്കടലിലാണ് ഈ ബീച്ച് റിസോര്‍ട്ട് നഗരം സ്ഥിതിചെയ്യുന്നത്.

പ്രശസ്തമായ തായ് മസാജ് അടക്കമുള്ള സുഖചികിത്സകളും ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റുകളും സുന്ദരമായ ഗ്രാമങ്ങളും ബീച്ചുകളും പുലര്‍ച്ചെ വരെ ആടിപ്പാടാവുന്ന ഡാന്‍സ് ബാറുകളുമെല്ലാമായി ഒരു ഫുള്‍ പാക്കേജാണ് ഈ നഗരം. കൊറോണ മൂലമുള്ള അടച്ചുപൂട്ടല്‍ കാരണം വന്‍ സാമ്പത്തികനഷ്ടം നേരിട്ട പട്ടായ ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. പണ്ടത്തെപ്പോലെ നൈറ്റ്ലൈഫ് മാത്രമല്ല, സമീപ വർഷങ്ങളിൽ ബീച്ചുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കുടുംബ സൗഹൃദപരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പട്ടായയെ മാറ്റിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഓരോ വർഷവും പതിനായിരക്കണക്കിന് സന്ദർശകർ പട്ടായിലേക്ക് ഒഴുകിയെത്തുന്നു. വിൻഡ്‌സർഫിങ്, വാട്ടർ സ്കീയിങ്, സ്‌നോർക്കലിങ്, ബംഗീ ജംപിങ്, സൈക്ലിങ് , സ്കൈ ഡൈവിങ്, ഗോ-കാർട്ടിങ്, മുവായ് തായ് (തായ് ബോക്സിങ്),എന്നിങ്ങനെ ധാരാളം വിനോദങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ എല്ലാ മികച്ച ഭക്ഷണങ്ങളും ഇവിടെ കിട്ടും എന്നതാണ് മറ്റൊരു പ്രത്യേകത.

സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന 18 മീറ്റർ ഉയരമുള്ള ഭീമന്‍ ബുദ്ധപ്രതിമയായ വാട്ട് ഫ്രാ ഖാവോ യായ്, ഒഴുകിനടക്കുന്ന തോണികളില്‍ വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന ഫോർ റീജിയൻസ് ഫ്ലോട്ടിംഗ് മാർക്കറ്റ്, ജോംതിയൻ ബീച്ച്, പട്ടായയിലെ ബൊട്ടാണിക്കൽ ഗാർഡനായ നോങ് നൂച്ച് വില്ലേജ്, പ്രശസ്തമായ രാജ്യാന്തര കെട്ടിടങ്ങളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മിൻ സിയാം മ്യൂസിയം, ചോമ്പൂ വന്യജീവി സങ്കേതം, ഗോൾഡൻ ലേസർ ഉപയോഗിച്ച് പര്‍വതത്തില്‍ ബുദ്ധനെ വരച്ചിരിക്കുന്ന ഖാവോ ചി ചാൻ എന്നിവയെല്ലാം ഇവിടെ വളരെയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്. 

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് പട്ടായ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് അധികം ചൂടോ തണുപ്പോ ഉണ്ടാവില്ല. പട്ടായയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസൺ കൂടിയാണിത്, മിക്ക ബീച്ചുകളും ആകർഷണങ്ങളുമെല്ലാം സന്ദർശകരെ കൊണ്ട് നിറഞ്ഞിരിക്കും.

English Summary: Amrutha Suresh and Gopi Sundar Shares Travel Pictures from Patta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com