ADVERTISEMENT

അഭിനേത്രിയും മോഡലുമാണ് തിരുവനന്തപുരം സ്വദേശി അമേയ. അഭിനയം കഴിഞ്ഞാൽ കൂടുതൽ ഇഷ്ടം ഏതെന്ന് ചോദിച്ചാൽ യാത്രകൾ എന്ന് ഒറ്റവാക്യത്തിൽ ഉത്തരം പറയും. അത്രയ്ക്ക് പ്രിയമാണ് യാത്രകളോട്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യാത്രകൾ നടത്താറുണ്ട്. പോകുന്നയിടത്തെ ചിത്രങ്ങളും വിഡിയോയും രസകരമായ അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല. 

തിരക്കിട്ട ജീവിതത്തിൽ നിന്നും ഏക ആശ്വാസം യാത്രകളാണെന്നും ഇനിയും ഒരുപാട് ദൂരം സ‍ഞ്ചരിക്കാനുണ്ടെന്നും അമേയ പറയുന്നു. എനിക്കു യാത്രകൾ വളരെ പ്രിയപ്പെട്ടതാണ്. ജീവിതത്തിൽ ഏറ്റവുമധികം ആസ്വദിക്കുന്നതും യാത്രകളാണ്. ടെൻഷനും പ്രയാസങ്ങളും സങ്കടവും ഉണ്ടായാലും ഒരു ചെറിയ യാത്രയിലൂടെ അതെല്ലാം ഇല്ലാതാകും. എത്ര ടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്തും ഒന്നു ഡ്രൈവ് ചെയ്താൽ ഞാൻ പെട്ടെന്ന് അതിൽ നിന്നെല്ലാം റിലീഫ് ആവും. കുട്ടിക്കാലം മുതൽ യാത്രകളോട് വല്ലാത്തെൊരു ഇഷ്ടമാണ്. ഇപ്പോൾ ആ ഇഷ്ടം നൂറിരട്ടിയായി. യാത്ര ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊരു കാര്യത്തിൽനിന്നും എനിക്ക് കിട്ടാറില്ലെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ അമേയ പറയുന്നു.

ഇപ്പോഴിതാ വീണുകിട്ടിയ അവസരത്തിൽ തായ്‍‍ലന്‍ഡിലേക്ക് പറന്നിരിക്കുകയാണാ താരം. തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് നടി അമേയ മാത്യുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ഹൈലൈറ്റ്. ഒരുപാട് ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. ഒറ്റയ്ക്കുള്ള ആദ്യ യാത്രയാണിതെന്നും ബാങ്കോക്കിലെത്തിയത് വളരെ സന്തോഷമുണ്ടെന്നും ആദ്യം പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. 'ഇനി കുറച്ചു ദിവസം അങ്ങ് സുഖിക്കണം ദാസാ' എന്ന ക്യാപഷനോടെയാണ് തായ്‌ലൻഡ് ചിത്രം താരം പങ്കിട്ടിരിക്കുന്നത്.

തായ്‌ലൻഡിലെ വാട്ട് അരുണിന് മുന്നില്‍ നിന്നെടുത്ത ചിത്രത്തിനും രസകരമായ ക്യാപ്ഷന്‍ ആണ് അമേയ നല്‍കിയത്. “ഇൻബോക്സിൽ കോഴീ സംഹാരം.... ഔട്ട്‌സൈഡിൽ സീതാ പ്രയാണം…!” എന്നാണ് ‘സീതാരാമം’ എന്ന പുതിയ ചിത്രത്തിലെ ഡയലോഗ് അനുകരിച്ച് അമേയ ഈ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍! നിരവധി ആരാധകര്‍ ഈ ചിത്രത്തിനടിയില്‍ രസകരമായ കമന്‍റുകളും ഇട്ടിട്ടുണ്ട്.

ബാങ്കോക്കിലെ യായി ജില്ലയിൽ ചാവോ ഫ്രയ നദിയുടെ തൻബുരി പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രമാണ് വാട്ട് അരുൺ റച്ചവാറരം റച്ചവാറരമഹാവിഹാൻ എന്നു മുഴുവന്‍ പേരുള്ള വാട്ട് അരുൺ. തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ഹിന്ദുദൈവമായ അരുണനിൽ നിന്നാണ് ഈ പേര് വന്നത്. പ്രഭാതത്തിലെ ആദ്യ വെളിച്ചം ക്ഷേത്രത്തിന്‍റെ ഉപരിതലത്തിൽ നിന്ന് തൂവെള്ള നിറത്തിൽ പ്രതിഫലിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.

സഞ്ചാരികള്‍ക്ക് ചാവോ ഫ്രായ നദിയിലൂടെ വാട്ട് അരുണിലേക്ക് പ്രവേശിക്കാം. ഉത്സവകാലത്ത് രാജാവ് വാട്ട് അരുണിലേക്ക് രാജകീയ കപ്പലുകളുടെ ഘോഷയാത്രയോടെ എഴുന്നള്ളുകയും അവിടെയുള്ള സന്യാസിമാർക്ക് പുതിയ വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്യാറുണ്ട്.

ഫ്ലോട്ടിങ് മാര്‍ക്കറ്റിലൂടെ

ബാങ്കോക്കിലെ ഫ്ലോട്ടിങ് മാര്‍ക്കറ്റില്‍ നിന്നെടുത്ത മറ്റൊരു ചിത്രവും അമേയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തായ്‌ലൻഡിലേക്കുള്ള യാത്രകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത ഒരു സവിശേഷതയാണ് ഫ്ലോട്ടിങ് മാർക്കറ്റുകള്‍. ചെറിയ ബോട്ടുകളില്‍ ഒഴുകി നടന്ന്, ഭക്ഷണസാധനങ്ങളും മറ്റും വില്‍ക്കുന്ന കച്ചവടക്കാരാണ് ഇവയുടെ സവിശേഷത. തായ്‌ലൻഡ് കൂടാതെ ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം ഫ്ലോട്ടിങ് മാർക്കറ്റുകൾ കാണപ്പെടുന്നത്. 

ഇന്ന് പ്രധാനമായും ഒരു ടൂറിസ്റ്റ് ആകര്‍ഷണമായാണ് ഇത്തരം മാര്‍ക്കറ്റുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതെങ്കിലും ബാങ്കോക്ക് നഗരത്തില്‍ ഇവ പണ്ടേയുണ്ട്. ബാങ്കോക്ക് വികസിക്കുന്നതിനു മുന്‍പുതന്നെ, ജലപാതകളിലൂടെ സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍പ്പന നടത്തുന്നവര്‍ ഇവിടെ ധാരാളമുണ്ടായിരുന്നു. കനാലുകൾ ഒരു ജനപ്രിയ വ്യാപാര മാർഗമായി ഇന്നും തുടരുന്നു. ഇവിടെ വിനോദസഞ്ചാരികള്‍ക്കുള്ള ടൂറുകളും ലഭ്യമാണ്.

ഡാംനോൻ സദുവാക്ക്, ബാംഗ് കച്ചാവോ, അംഫവ ഫ്ലോട്ടിംഗ് മാർക്കറ്റ് മുതലായവയാണ് ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റുകള്‍. മിക്ക ഫ്ലോട്ടിംഗ് മാർക്കറ്റുകളും വാരാന്ത്യങ്ങളിലും തുറന്നിരിക്കും. വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാന്‍ ഉച്ചഭക്ഷണത്തിന് മുമ്പാണ് ഇത്തരം മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം.

English Summary: Ameya Mathew Enjoy holiday in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com