ADVERTISEMENT

ഒരു വിവാഹം പ്ലാന്‍ ചെയ്യാന്‍ സാധാരണയായി മാസങ്ങളാണ് എല്ലാവരും എടുക്കാറുള്ളത്. ഈയിടെയായി റൊമാന്റിക് ഹണിമൂണ്‍ യാത്രകള്‍ക്കും ഈയൊരു പ്രാധാന്യം കൈവരുന്നുണ്ട്. വിവാഹം ഉറപ്പിക്കുന്നതിനു മുൻപേ തന്നെ ഹണിമൂണ്‍ യാത്രക്കായി പോകേണ്ട സ്ഥലങ്ങള്‍ ആദ്യമേ ഉറപ്പിച്ചു വയ്ക്കുന്നത് ഇപ്പോഴേ ട്രെന്‍ഡ് ആയിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഹണിമൂണ്‍ യാത്രക്കായി തിരഞ്ഞെടുക്കുന്ന ചില വിദേശരാജ്യങ്ങള്‍ ഇവയാണ്.

1. ബാലി

honeymoon-trip
oneinchpunch/shutterstock

ഇരുവശവും പച്ചപ്പു നിറഞ്ഞ റോഡുകളിലൂടെ ഒരുമിച്ച് സൈക്കിള്‍ ചവിട്ടിപ്പോകാം. വൃത്തിയുള്ള മനോഹരമായ ബീച്ചുകളില്‍ ആകാശം നോക്കിക്കിടന്ന് കഥ പറയാം... ബാലിയോളം റൊമാന്റിക് ആയ ഇടങ്ങള്‍ ഈ ലോകത്ത് കുറവാണെന്ന് തന്നെ പറയാം. ബത്തൂർ പർവതത്തിൽ കയറി സൂര്യോദയക്കാഴ്ച ആസ്വദിക്കാം. സജീവമായ ഈ അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം. ഉലുവാട്ടു ക്ഷേത്രത്തിലെ അതിമനോഹരമായ ബാലിനീസ് കേക്കക്കും ഫയർ ഡാൻസും കണ്ട് സായാഹ്നം ചെലവഴിക്കുന്നതുമെല്ലാം ബാലിയിലേക്കുള്ള ഹണിമൂണ്‍ യാത്ര അവിസ്മരണീയമാക്കും.

2. മാലദ്വീപ്‌

honeymoon-trip3
PhotoSunnyDays/shutterstock

വിവാഹമോ ഹണിമൂണോ ആവട്ടെ, മാലദ്വീപ് കഴിഞ്ഞു മാത്രമേ മറ്റേതൊരു സ്ഥലവും ഇന്ത്യക്കാരുടെ മനസ്സിലേയ്ക്ക് കടന്നുവരൂ. മാലദ്വീപിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ആകാശ നീലനിറത്തിലുള്ള വെള്ളത്തിന് മുകളിൽ നിരനിരയായി കാണുന്ന റിസോര്‍ട്ടുകളാണ്. ഇവ ഇപ്പോള്‍ പല നിരക്കില്‍ ലഭ്യമാണ്. വിവാഹത്തിന്‍റെ ടെന്‍ഷന്‍ മുഴുവന്‍ മാറ്റാന്‍ ദമ്പതികള്‍ക്ക് എക്സോട്ടിക് കപ്പിൾസ് സ്പാ തെറാപ്പി പരീക്ഷിക്കാം. സൂര്യാസ്തമായ സമയത്ത് കടലിലൂടെയുള്ള ക്രൂയിസ് യാത്രയും റൊമാന്റിക് മെഴുതിരി അത്താഴവുമെല്ലാം അതുല്യമായ അനുഭവമായിരിക്കും. 

3. ഗ്രീസ്

honeymoon-trip2
BlueOrange Studio/shutterstock

അല്‍പ്പം ബജറ്റ് കൂടുതലുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ട, നേരെ പോകാന്‍ പറ്റിയ ഇടമാണ് ഗ്രീസിലെ സാന്റോറിനി. എങ്ങും വെളുത്ത നിറത്തിലുള്ള വീടുകളാണ് ഇവിടുത്തെ പ്രധാനകാഴ്ച. ഒരു പോസ്റ്റ്‌കാര്‍ഡ് ചിത്രം പോലെ മനോഹരമായ ഗ്രീക്ക് ദ്വീപാണ് സാന്‍റോറിനി. മുങ്ങിപ്പോയ ഒരു അഗ്നിപര്‍വ്വതത്തിന്‍റെ മുഖഭാഗമാണ് ശരിക്കും ഈ ദ്വീപ്‌. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇവിടത്തെ ഓയ നഗരത്തില്‍ നിന്നുമുള്ള അസ്തമയക്കാഴ്ച ഏറെ മനോഹരമാണ്.

4. പാരീസ്

honeymoon-trip4
Ekaterina Pokrovsky/shutterstock

പ്രകാശത്തിന്‍റെയും പ്രണയത്തിന്‍റെയും കലാകാരന്മാരുടെയുമെല്ലാം നഗരമെന്നറിയപ്പെടുന്ന പാരീസിലേയ്ക്ക് യാത്ര പോകാന്‍ ഒരു പ്രത്യേക സമയമൊന്നുമില്ല. എന്നാല്‍ ഹണിമൂണ്‍ സമയത്ത് ഇവിടേക്കുള്ള യാത്ര അല്‍പ്പം സ്പെഷ്യലായിരിക്കും. ഈഫല്‍ ടവറിനു മുന്നില്‍ നിന്നുള്ള സെല്‍ഫിയും സീൻ നദിയിലൂടെ സൂര്യാസ്തമയ യാത്രയും ലോകപ്രശസ്ത രുചികള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളും ചരിത്രമ്യൂസിയങ്ങളുമെല്ലാം ഈ യാത്രയ്ക്ക് മാറ്റു കൂട്ടുന്നു. സേക്ര കോയർ, പാലീസ് റോയൽ, ആർക്ക് ഡി ട്രയോംഫ്, പ്ലേസ് ഡി ലാ കോൺകോർഡ് എന്നിവയുൾപ്പെടെയുള്ള ഐക്കണിക് ലാൻഡ്‌മാർക്കുകൾ അതിശയിപ്പിക്കുന്ന കാഴ്ചയാണ്.

5. മൗറീഷ്യസ്

honeymoon-trip22
MNStudio/shutterstock

ഇന്ത്യൻ മഹാസമുദ്രത്തിലെ മനോഹരമായ മറ്റൊരു ദ്വീപ് രാഷ്ട്രമായ മൗറീഷ്യസ് ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. തടാകങ്ങൾ, ബീച്ചുകൾ, ബഹുവർണ്ണ പവിഴപ്പുറ്റുകൾ, മഴക്കാടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഗ്രാൻഡ് ബേ, പെരേബെരെ, ബെല്ലെ മേരെ, ബ്ലൂ ബേ തുടങ്ങിയ ബീച്ചുകള്‍ ഹണിമൂണ്‍ സഞ്ചാരികളെ ആഘോഷാരവങ്ങളോടെ വരവേല്‍ക്കുന്നു. പല നിറത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ചമരെൽ എന്ന ചെറിയ ഗ്രാമം മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. കൂടാതെ, പാരാസെയിലിംഗ് പോലുള്ള സാഹസിക വിനോദങ്ങളും മൗറീഷ്യന്‍ സ്പാകളുമെല്ലാം പരീക്ഷിക്കാം. 

6. തായ്‌ലൻഡ്

honeymoon-trip1
Sotnikov Misha/shutterstock

ബജറ്റ് യാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷനാണ് തായ്‌ലൻഡ്. ചരിത്രം, വാസ്തുവിദ്യ, പാരമ്പര്യം എന്നിവയിൽ താൽപ്പര്യമുള്ള ദമ്പതികൾക്ക്, ഇവിടെയുള്ള വിചിത്രമായ മത്സ്യബന്ധന ഗ്രാമങ്ങളും ബുദ്ധക്ഷേത്രങ്ങളും സമ്പന്നമായ രാജകൊട്ടാരങ്ങളു പുരാതന അവശിഷ്ടങ്ങളുമെല്ലാം കൗതുകമുണര്‍ത്തും. നീന്തൽ, സ്നോർക്കെലിംഗ്, സ്കൂബ ഡൈവിംഗ്, കയാക്കിംഗ്, സ്റ്റാൻഡ് അപ്പ് പാഡിൽബോർഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ തീര്‍ച്ചയായും പരീക്ഷിക്കണം.  തായ് മസാജ് പോലുള്ള സുഖചികിത്സകളും ചിയാങ് റായ്, ക്രാബി, ബാങ്കോക്ക്, കോ സാമുയി എന്നിവ പോലുള്ള ഇടങ്ങളുമെല്ലാം വിട്ടുപോകരുത്.

English Summary: Best Honeymoon Places in India For a Perfect Romantic Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com