മരുഭൂമിയിലെ പിങ്ക് വസന്തം; അദ്ഭുതക്കാഴ്ച കാണാന്‍ സഞ്ചാരികളുടെ തിരക്ക്
Mail This Article
തെക്കേ അമേരിക്കയിലെ ചിലെയിൽ ആന്‍ഡീസ് പർവതനിരയുടെ പശ്ചിമഭാഗത്ത് ശാന്ത സമുദ്രത്തിന്‍റെ തീരത്തായി സ്ഥിതിചെയ്യുന്ന മരുഭൂമിയാണ് അറ്റക്കാമ. ഏകദേശം 20 ദശലക്ഷം വർഷം പ്രായം കണക്കാക്കുന്ന അറ്റക്കാമ, ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമികളിലൊന്നാണ്. വാര്‍ഷിക വര്‍ഷപാതം വളരെക്കുറവായതിനാല്‍ ഇവിടെ സാധാരണയായി ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. സാധാരണയായി, അറ്റക്കാമ മരുഭൂമിയിൽ ഒരു വർഷം 12 മില്ലീമീറ്ററിൽ കുറവ് മഴയാണ് ലഭിക്കുന്നത്.
മരുഭൂമിയിലെ വസന്തം
എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് മരുഭൂമിയിലാണ് നില്‍ക്കുന്നത് എന്നൊരു തോന്നലേ ഉണ്ടാവില്ല. ഈ സമയം അറ്റക്കാമ മുഴുവന്‍ പൂക്കളെക്കൊണ്ട് നിറയും. കൂടുതല്‍ മഴ ലഭിക്കുന്ന ചില വര്‍ഷങ്ങളില്‍ മാത്രം കാണുന്ന ഈ പ്രതിഭാസത്തെ, ‘ദേസ്യര്‍ത്തോ ഫ്ലോറിദോ’ അഥവാ ‘മരുഭൂമിയിലെ വസന്തം’ എന്നാണ് വിളിക്കുന്നത്. അഞ്ചോ ആറോ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ പ്രതിഭാസം ഈ വര്‍ഷം സംഭവിച്ചു. അറ്റക്കാമ മരുഭൂമിയില്‍ നിറയെ പിങ്ക് നിറമുള്ള ഒരു കടലെന്ന പോലെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. ഈ കാഴ്ച കാണുന്നതിനായി ധാരാളം സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.
വല്ലേനാർ നഗരത്തിന് തെക്ക് മുതൽ കോപിയാപ്പോ നഗരത്തിന്‍റെ വടക്ക് വരെയുള്ള തീരദേശ താഴ്‍വരകളിലും ചിലിയൻ തീരപ്രദേശങ്ങളിലും ഇപ്പോള്‍ ഈ പ്രതിഭാസം കാണാൻ കഴിയും. കാലാവസ്ഥാപരമായി, ഈ സംഭവം എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് രൂപപ്പെടുന്ന എല്‍ നിനോ ഈ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്നു. മഴ മൂലം മരുഭൂമിയില്‍ പൂക്കള്‍ വിരിയുന്നു. 200- ലധികം ഇനം പൂക്കൾ ഇവിടെ വിരിയുന്നു എന്നാണ് കണക്ക്. ഈ പൂക്കളിൽ ഭൂരിഭാഗവും അറ്റക്കാമ മേഖലയിൽ മാത്രം കാണപ്പെടുന്നവയാണ്
സഞ്ചാരികളുടെ തിരക്ക്
തെക്കൻ അറ്റക്കാമയ്ക്ക് ചുറ്റുമുള്ള ഹുവാസ്കോ, വല്ലെനാർ, ലാ സെറീന, കോപിയാപ്പോ, കാൽഡെറ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ ഈ പ്രതിഭാസം കാണാന്‍ എത്തുന്നുണ്ട്. അമിത വിനോദസഞ്ചാരവും മരുഭൂമിയിലെ മോട്ടോര്‍സ്പോര്‍ട്സ് പോലുള്ള വിനോദങ്ങളും മൂലം ഇവിടുത്തെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂക്കള്‍ പറിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്, മാത്രമല്ല, വാഹനങ്ങള്‍ക്ക് പൂക്കള്‍ നിറഞ്ഞ ഇടത്തിലൂടെ പോകാന്‍ അനുവാദമില്ല.
ഈ പ്രദേശം സംരക്ഷിക്കുന്നതിനായി ‘ഡെസിയേർട്ടോ ഫ്ലോറിഡോ’ എന്ന പേരില്‍ ദേശീയോദ്യാനം സ്ഥാപിക്കുമെന്ന് ചിലെയുടെ ദേശീയ പരിസ്ഥിതി ദിനമായ ഒക്ടോബര്‍ രണ്ടിന് ചിലെ പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക് പറഞ്ഞു. 2023- ൽ ഇവിടം ഔദ്യോഗികമായി ദേശീയ ഉദ്യാനമായി മാറും. പ്രദേശത്തെ സുസ്ഥിര ടൂറിസം വികസിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമായാണ് ഡെസിയേർട്ടോ ഫ്ലോറിഡോ നാഷണൽ പാർക്ക് വിലയിരുത്തപ്പെടുന്നത്. ചിലെയുടെ തലസ്ഥാനമായ സാന്റിയാഗോ ഡി ചിലെയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ വടക്കാണ് ഈ സ്ഥലം.
കാഴ്ചകൾ തീരുന്നില്ല
ചിലെയിലെ ഏറ്റവും മികച്ച മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അറ്റക്കാമ മരുഭൂമി. ഉപ്പുതടാകങ്ങളും ലഗൂണുകളും ഫ്ലമിംഗോകളും ഗീസറുകളും വര്‍ണാഭമായ പാറക്കൂട്ടങ്ങളുമെല്ലാമായി ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. ടാറ്റിയോ ഗീസറുകൾ, റെയിൻബോ വാലി, മൂൺ വാലി, ആല്‍ഡിയ ഡി ട്യൂലര്‍, ഡെത്ത് വാലി, ഹിർബാസ് ബ്യൂനാസ്, പുകാര ക്വിറ്റർ, സലാർ ഡി താര മുതലായവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍.
English Summary: Chile’s Atacama Desert To Witness Blooming Flowers