ഫിൻലൻഡിൽ ഇനി പീതവർണത്തിന്റെ ശരത്കാലം

Mail This Article
ഋതുക്കൾ എല്ലാം അനുഭവവേദ്യമാകുന്ന നാടുകളാണ് ഫിൻലൻഡ് ഉൾപ്പെടുന്ന നോർഡിക് രാജ്യങ്ങൾ. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ശരത്കാലം. ഋതുക്കൾ ഇവിടെ മാറിക്കൊണ്ടേയിരിക്കും. തൽക്കാലം ഇവിടെ പച്ചപ്പിന്റെ കുളിർമ മൃതിയടഞ്ഞു. ഇനി പീതവർണ്ണത്തിന്റെ ശരത്കാലം.

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തോടെ പച്ചിലകൾ മഞ്ഞയും ചുവപ്പുമുള്ള നിറങ്ങളിൽ ജ്വലിച്ചു നിൽക്കും. നേർത്ത മഴയും കുളിരും ശരത്കാലത്തിന്റെ സവിശേഷതയാണ്. മാത്രമല്ല പകൽ സമയം കുറഞ്ഞു രാത്രിയുടെ ദൈർഘ്യം കൂടി, ഇരുട്ടിലേക്ക് കടക്കുന്ന ദിനങ്ങളാണ് ഇനി ഫിൻലൻഡിൽ. വീണ്ടും മഞ്ഞു പെയ്യുന്നതുവരെ ഇരുണ്ട ദിനങ്ങൾ! മഞ്ഞിന്റെ വെളിച്ചത്തിൽ ഭൂമി അൽപം പ്രകാശം പരത്തുമെങ്കിലും അതുവരെ കൂടുതലും ഇരുൾ മൂടിയ ദിനങ്ങൾ.
നവംബർ മാസത്തോടെ ഇലകൾ പൊഴിഞ്ഞു തുടങ്ങും. മഞ്ഞനിറത്തിൽ തുടങ്ങി, ചുവന്നു പഴുത്ത ഇലകളായി അവ ഭൂമിയിൽ വീണു അപ്രത്യക്ഷമാകുന്നു. ഏതു കാലാവസ്ഥയിലും ഇലകൾക്ക് മാറ്റമില്ലാതെ നിൽക്കുന്ന ചില വൃക്ഷങ്ങൾ ഒഴിച്ചാൽ, മറ്റു മരങ്ങളുടെയെല്ലാം അവസ്ഥ സമാനമാണ്. ഡിസംബർ മാസമാകുമ്പോൾ മരങ്ങളിലെ ഇലകൾ പൂർണമായും വിസ്മൃതിയിലാവും. പിന്നീട് തണുത്തുറഞ്ഞ ശിശിരകാലമാണ്.

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചുറ്റിലും ശിശിരകാലം ആഴത്തിൽ തലോടിയ മരച്ചില്ലകളാണ്. മരച്ചില്ലകളിലെ ഇലകൾ പൂർണമായും പൊഴിഞ്ഞു ശൂന്യമാകുന്ന ശിശിരകാലം. കൊടും തണുപ്പിനാൽ നിർജീവമാക്കപ്പെട്ട ശിഖരങ്ങൾ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ പ്രതീക്ഷയുടെ വസന്തകാലമാണ്. കുഞ്ഞു തളിരിലകൾ വീണ്ടും പൊട്ടി മുളയ്ക്കും. ഇരുൾ മൂടിയ ദിനങ്ങൾക്ക് വിടപറഞ്ഞുകൊണ്ടു പുതു പ്രകാശം പ്രകൃതിക്കും മനുഷ്യനും പുതിയ ഉണർവേകും.

പല വർണങ്ങളിൽ ഇന്നിവിടെ പ്രകൃതി ഒരുങ്ങി നിൽക്കുന്നു. മനുഷ്യനും കിളികൾക്കും കീടങ്ങൾക്കും തണലും വായുവുമേകി ഒരിക്കൽ നിറഞ്ഞാടിയ പച്ചിലകൾ, ഇന്നീ വാർധക്യത്തിലും തീവ്ര വർണക്കാഴ്ചകൾ വാരി വിതറി വീണ്ടും പ്രൗഢയായി നിൽക്കുമ്പോഴും ഈ കുഞ്ഞിലകൾക്കറിയാം നാളെ അവയും ഈ മണ്ണിൽ അലിഞ്ഞില്ലാതുകുമെന്ന്. താൻ പകർന്നു നൽകിയ ശ്വാസവും തണലും ഊർജവും പതിവുപോലെ കാലത്തിന്റെ വിസ്മൃതിയിലാകുമെന്ന്.
English Summary: Stunning Beauty of Finland