ADVERTISEMENT

മെർലിൻ മൺറോ മുതൽ മാർക്ക് ട്വെയ്ൻ വരെ, ലോകത്തെ സകല ആളുകളുടെയും മനംകവര്‍ന്ന സുന്ദരമായ കാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര. ന്യൂയോർക്കിനും കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കും ഇടയിലുള്ള അതിർത്തിയില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടം കാണാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും ആയിരക്കണക്കിനാളുകളാണ് പറന്നെത്തുന്നത്. ഇപ്പോഴിതാ വെള്ളച്ചാട്ടത്തിനടിയിലായി പണ്ടുകാലത്ത് നിര്‍മിച്ച തുരങ്കത്തിലൂടെ നടക്കാനുള്ള അമൂല്യമായ അവസരമാണ് സഞ്ചാരികള്‍ക്ക് കൈവന്നിരിക്കുന്നത്. 

നയാഗ്രയുടെ കനേഡിയൻ ഭാഗത്ത് ഒരു നൂറ്റാണ്ടിലേറെക്കാലം മുമ്പ് നിർമിച്ച 670 മീറ്റർ(2,198 അടി) തുരങ്കം ഒരു എൻജിനീയറിങ് വിസ്മയമായാണ് കണക്കാക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിലെ സർ ആദം ബെക്ക് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ടണല്‍ നിര്‍മിച്ചത്. 1905 മുതൽ 2006 വരെ ഈ ജലവൈദ്യുത നിലയം പ്രവര്‍ത്തിച്ചു.

തുരങ്കത്തിലൂടെ നടന്നാല്‍ നേരെ എത്തുന്നത് വെള്ളച്ചാട്ടത്തിനടുത്താണ്. നയാഗ്രയുടെ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഹോഴ്‌സ്‌ഷൂ വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പം ദൂരെ നിന്നേ കേള്‍ക്കാം. ഹോഴ്‌സ്‌ഷൂ വെള്ളച്ചാട്ടത്തിന്‍റെ അടിത്തട്ടില്‍, 20 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമുണ്ട്. വെള്ളച്ചാട്ടം കാണാൻ ഏറ്റവും നല്ല സ്ഥലമാണിത്. വൈദ്യുതനിലയത്തിന്‍റെ പൂര്‍ണമായ അനുഭവത്തിനായി വൈകുന്നേരങ്ങളില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക ഷോയും ഉണ്ടാകാറുണ്ട്. ടണലിന്‍റെയും വൈദ്യുതനിലയത്തിന്‍റെയും ചരിത്രം ഇതിലൂടെ സഞ്ചാരികള്‍ക്ക് മനസിലാക്കാം. പവർ സ്റ്റേഷനും ടണലും സന്ദർശിക്കാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കും.

നയാഗ്ര നദിക്ക് കുറുകെയായി നയാഗ്ര പാർക്ക്‌വേയുണ്ട്. സന്ദര്‍ശകര്‍ക്ക് ഇതിലൂടെ നടക്കാം. അല്ലെങ്കില്‍ ഇ ബൈക്ക് വാടകയ്ക്ക് എടുത്തു കറങ്ങാം. വേൾപൂൾ ലുക്ക്ഔട്ട് പോയിന്റും സർ ആദം ബെക്ക് ജനറേറ്റിംഗ് സ്റ്റേഷനും കാണാം. ഇതോടെ പ്രകൃതിവിസ്മയവും മനുഷ്യന്‍റെ കരവിരുതും ഒന്നുചേരുന്ന മനോഹര അനുഭവമാണ് നയാഗ്ര സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

ഹോഴ്സ്ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയിൽ ഫാൾസ് എന്നിങ്ങനെയുള്ള മൂന്നു വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ്‌ നയാഗ്ര എന്നറിയപ്പെടുന്നത്. ഹോഴ്സ്ഷൂ വെള്ളച്ചാട്ടം കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അതിർത്തിയിലും അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലുമാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക.

പ്രതിവര്‍ഷം ശരാശരി 30 ദശലക്ഷം വിനോദസഞ്ചാരികളാണ് നയാഗ്ര സന്ദര്‍ശിക്കുന്നത് എന്നാണ് കണക്ക്. വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ആസ്വദിക്കുന്നതിനു പുറമേ സഞ്ചാരികള്‍ക്ക് നയാഗ്ര നദിയിലൂടെയുള്ള ക്രൂയിസ് യാത്രയും ഹെലികോപ്റ്റർ യാത്രയുമെല്ലാം ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍ പോയി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബോട്ട് സവാരിയും ലഭ്യമാണ്.

English Summary: More Than 100-Year-Old Tunnel Below Niagara Falls Just Opened To Visitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com