നീന്താൻ അറിയില്ലെങ്കിലും ഞാൻ ചാടും: കടലിന്റെ ആഴങ്ങളറിഞ്ഞുള്ള ആ അനുഭവത്തെപ്പറ്റി പ്രിയ വാര്യർ

priya-2
Image Source: Priya Prakash Varrier
SHARE

സിനിമയും സൗഹൃദങ്ങളും യാത്രകളും; സിനിമയുമായി ബന്ധപ്പെട്ട ഏതൊരാളെയും ഈ മൂന്നു വിശേഷണങ്ങളുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. ഇവയെല്ലാം വളരെ നന്നായി ചേരുന്ന യുവതാരമാണ് പ്രിയ വാര്യർ. പ്രിയയുടെ യാത്രകളും സൗഹ‍ൃദങ്ങളുമെല്ലാം ഒരു തിര പോലെ മനോഹരമാണ്. കടലെന്നോ മലയെന്നോ വ്യത്യാസമില്ലാതെ എല്ലാ യാത്രകളും ആസ്വദിക്കുന്ന ആളാണെങ്കിലും പ്രിയയ്ക്കു കടലിനോടു കുറച്ചധികം ഇഷ്ടമാണ്. വർക്കലയിലും ശ്രീലങ്കയിലും തായ്‌ലൻഡിലുമെല്ലാം കടലിന്റെ ആഴങ്ങളറിഞ്ഞുള്ള യാത്ര ചെയ്തിട്ടുണ്ട് പ്രിയ. 

priya-prakash5
Image Source: Priya Prakash Varrier/Instagram

കടലെന്താ ഇത്ര ഇഷ്ടം എന്ന്ു ചോദിച്ചാൽ അതിന്റെ ഉത്തരം പ്രിയയ്ക്കുമറിയില്ല. പക്ഷേ ഷൂട്ടിനിടയിൽ ചെറിയ ഒരു ഇടവേള കിട്ടിയാൽ പോലും കടൽ കാണാൻ പോകുന്ന ആളാണ് പ്രിയ. തിര കാണാനും നനയാനും അത്രമേൽ ഇഷ്ടമുള്ള ആൾക്ക് പക്ഷേ നീന്താൻ അറിയില്ല. പക്ഷേ വെള്ളത്തിനോടോ കടലിനോടോ പേടിയുള്ള ആളുമല്ല. കടലിന്റെ ആഴങ്ങളിൽ സ്നോർക്കലിങ് ചെയ്തപ്പോഴും തിര നനഞ്ഞ് സൂര്യാസ്തമയങ്ങൾ കാണുമ്പോഴും കടലിനു പ്രിയയോടും ഇഷ്ടമുണ്ടെന്ന് തോന്നും. 

തായ്‍‍‍ലൻഡ് പൊളി വൈബാണ്

ഒറ്റയ്ക്കുള്ള യാത്രകളും സുഹൃത്തുക്കളൊത്തുള്ള യാത്രകളുമാണ് പ്രിയയുടെ ജീവിതത്തിലധികവും. ആദ്യമായി കുടുംബത്തിനൊപ്പം ഒരു വിദേശയാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് പ്രിയ ഇപ്പോൾ. തായ്‍ലൻഡിലേക്ക് അഞ്ചു ദിവസം നീണ്ട ആ യാത്ര മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു എന്നാണ് പ്രിയ പറയുന്നത്. 

priya-prakash4
Image Source: Priya Prakash Varrier/Instagram

‘‘എൻജോയ് ചെയ്തു. അഞ്ചു ദിവസത്തെ യാത്ര. രണ്ടു ദിവസം ഫുക്കറ്റിലും ബാക്കി ബാങ്കോക്കിലുമായിരുന്നു. അമ്മയും അച്ഛനും അനിയനും ഒപ്പമുള്ള യാത്രയായിരുന്നു. തായ്‍‍ലൻഡ് സൂപ്പറാണെങ്കിലും അവിടുത്തെ ഭക്ഷണം ഇത്തിരി ബുദ്ധിമുട്ടിച്ചു. എങ്കിലും യാത്ര അടിപൊളിയായിരുന്നു. ബാങ്കോക്കിൽ കാഴ്ചകളും ഫുക്കറ്റിലെ ടൈഗർ പാർക്ക് സന്ദർശനവും കടുവയെ അരികിലിരുന്നു പരിപാലിക്കാൻ പറ്റിയതും സ്കൂബഡൈവിങ്ങും സ്നോർക്കലിങ്ങുമൊക്കെ നടത്താൻ സാധിച്ചതുമൊക്കെ മറക്കാനാവില്ല’’. പ്ലാൻ ചെയ്തുള്ള ഒരു യാത്രയും പ്രിയയുടെ ലിസ്റ്റിലില്ല. തായ്‍‍ലൻഡ് ട്രിപ്പും അതുപോലെ തന്നെയായിരുന്നു. പെട്ടെന്ന് പ്ലാന്‍ ചെയ്തതായിരുന്നു.

priya-prakash
Image Source: Priya Prakash Varrier/Instagram

തായ്‍‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. പഞ്ചാരമണല്‍ ബീച്ചുകളും ആകാശത്തേക്കു തലയുയര്‍ത്തി നില്‍ക്കുന്ന പനങ്കൂട്ടങ്ങളും തെളിഞ്ഞ ജലവും ലക്ഷ്വറി സ്പാകളുമെല്ലാമായി ആഘോഷിക്കാന്‍ ഇവിടെ ധാരാളം കാര്യങ്ങളുണ്ട്. ഈന്തപ്പനകള്‍ കാവല്‍ നില്‍ക്കുന്ന ആറു ദ്വീപുകളുടെ കൂട്ടമാണ്‌ ഫിഫിദ്വീപ്. ഫി ഫി ലേ, ഫി ഫി ഡോണ്‍ എന്നിവയാണ് ഏറ്റവും പ്രസിദ്ധം. കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട മയാ കടലിടുക്കുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്.

നീന്താൻ അറിയില്ലെങ്കിലും നീന്തും

‘‘ബീച്ചുകളോടാണ് പ്രണയമെങ്കിലും നീന്താൻ എനിക്കറിയില്ല. അങ്ങനെ ഞാൻ വിട്ടുകൊടുക്കില്ല. ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് നീന്തും.  കടൽക്കാറ്റേറ്റ് തിരകളുടെ സൗന്ദര്യം നുകർന്ന് എത്ര നേരമെങ്കിലും ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ്. അടുത്തിടെ വർക്കലയിൽ പോയിരുന്നു. ചെമ്മണ്‍നിറത്തിലെ കുന്നുകളാല്‍ അതിരിടുന്ന മനോഹരമായൊരു കടല്‍ത്തീരമാണ് വര്‍ക്കല ബീച്ച്. അതിമനോഹരമാണ് അവിടുത്തെ സൂര്യാസ്തമയ കാഴ്ച. സര്‍ഫിങ്ങിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്. കോവളം ബീച്ചിനെ അപേക്ഷിച്ചു വളരെ ശാന്തസുന്ദരമാണിവിടം. 

priya-prakash1
Image Source: Priya Prakash Varrier/Instagram

ആഴക്കടലിൽ കണ്ട മനോഹര കാഴ്ചകൾ

നീന്തൽ അറിയാത്ത ആളുകൾക്കും എളുപ്പം സ്കൂബ ഡ്രൈവിങ് നടത്താം. മനോഹരമായ അഭ്ദുതകാഴ്ചകളുടെ ഒരു മായിക ലോകം തന്നെയാണ് കടലിന്റെ അടിത്തട്ട്. വെള്ളത്തിനടിയിൽ സ്വയം ശ്വസിക്കാനുള്ള ഉപകരണങ്ങൾ ഒക്കെയുള്ളതുകൊണ്ട് പേടിക്കേണ്ട കാര്യം തന്നെയില്ല. ഇന്നുവരെ കണ്ടിട്ടില്ലാത്ത മനോഹര ജീവികളേയും കടൽസസ്യങ്ങളെയുമെല്ലാം കാണാനായി. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്കൂബ ഡൈവിങ് നടത്തി കടലിനുള്ളിലെ കാഴ്ചകൾ ആസ്വദിക്കണം.

Priya-2
Image Source: Priya Prakash Varrier/Instagram

തായ്‍‍ലൻഡിലെത്തിയ അനുഭവം

‘‘കുടുംബത്തോടൊപ്പമുള്ള ആദ്യ വിദേശയാത്ര. എല്ലാവരും ആ ത്രില്ലിലായിരുന്നു. തായ്‍‍ലൻഡിലേക്ക് വീസ ഒാൺ അറൈവലാണ്. വിമാനമിറങ്ങി ഇമിഗ്രേഷൻ ചെക്കിങ് കഴിയാതെ പുറത്തേക്കു വിടില്ല. അവിടെ പണം അടയ്ക്കേണ്ടതുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും കാർഡ് നീട്ടി. പക്ഷേ എടുത്തില്ല. അവിടുത്തെ കറൻസി ഞങ്ങൾ കരുതിയിരുന്നില്ല. ഇൗശ്വരാ, ചെന്നിറങ്ങിയ അന്ന് തന്നെ ഇങ്ങനെയായല്ലോ എന്ന ചിന്തയായിരുന്നു ഞങ്ങളുടെ മനസ്സിൽ. എയര്‍പോർട്ടിൽ ഞങ്ങൾ മാത്രമായി അവസാനം. പിന്നീട്, ബുക്ക് ചെയ്തിരുന്ന ടൂർ ഒാപ്പറേറ്ററെ ഫോണിൽ വിളിച്ചു പറഞ്ഞു. അവർ പണം അയച്ചു നൽകിയാണ് പുറത്തിറങ്ങിയത്. പ്ലാന്‍ ചെയ്യാതിരുന്ന യാത്രയായിരുന്നു കൃത്യമായി ഇതൊന്നും ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല.’’

priya-1
Image Source: Priya Prakash Varrier/Instagram

യാത്ര മാത്രമല്ല സാഹസികവിനോദങ്ങളും നടത്തും

സാഹസികവിനോദങ്ങളും ഇഷ്ടമാണ്. ഭയത്തെ ധൈര്യം കൊണ്ട് മുറുകെപിടിച്ച് ഋഷികേശിൽ സിപ്പ്‍‍ലൈൻ യാത്ര നടത്തിയ സന്തോഷവും പ്രിയയ്ക്ക് മറക്കാനാവില്ല. യാത്ര പൂർണമാകണമെങ്കിൽ ഭീരുവിനെപ്പോലെ മാറി നിൽക്കാതെ അ‍ഡ്വഞ്ചർ ടൂറിസത്തത്തിലും പങ്കെടുക്കണം. ‘എന്റെ മുഖത്തെ ഭാവങ്ങൾ എല്ലാം പറയും’ എന്നാണ് പ്രിയ പറയുന്നത്. 

priya-prakash3
Image Source: Priya Prakash Varrier/Instagram

സഞ്ചാരികളുടെ പ്രിയയിടമായ ഋഷികേശിൽ നിരവധി സാഹസിക വിനോദങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രെക്കിങ്, ക്യാംപിങ്, ബൻജി ജംപിങ്, റിവർ റാഫ്റ്റിങ്, സിപ്പ് ലൈൻ എന്നുവേണ്ട സകലതും ഇന്നാട്ടിലുണ്ട്. ഋഷികേശിലെ സിപ്‌ലൈനിങ്ങിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ശിവപുരിയിലുള്ളത്. അതിമനോഹരമായ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സിപ്‌ലൈനിലൂടെയുള്ള യാത്രയിൽ പ്രക‍ൃതിയുടെ അതിശയകരമായ കാഴ്ചകളും ആസ്വദിക്കാം. മൂന്നു ദിവസത്തെ യാത്രയായിരുന്നു ഋഷികേശിലേക്ക് നടത്തിയത്.

Priya

യാത്രയിലൂടെ ഇനിയുമുണ്ട് കാണാനേറെ

യാത്രകളെ പ്രണയിക്കുന്ന പ്രിയയ്ക്ക് കാണാനേറെയുണ്ട്. ലോകം മുഴുവൻ ചുറ്റിയടിക്കണം. ഇനിയും പോകാനുള്ള സ്വപ്ന ഇടം മാലദ്വീപും ബാലിയുമാണ്. അതും ബീച്ച് ഡെസ്റ്റിനേഷനാണ്. ഇൗ ഡിസംബറിൽ സ്വപ്ന യാത്ര സാധ്യമാക്കും. അടുത്ത ബീച്ച് ഡെസ്റ്റിനേഷൻ യാത്രയുടെ തയാറെടുപ്പിലാണ് പ്രിയ. 

English Summary: Most Memorable Travel Experience by Priya Prakash Varrier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS