ADVERTISEMENT

തുർക്കിയിലെ ഇസ്താംബുൾ ഓർമയിലെത്തിക്കുന്നത് മൊരിഞ്ഞ ഇറച്ചിയുടെ ഗന്ധമാണെങ്കിൽ ജോർദാനിലെ അമ്മൻ നഗരത്തിനൊപ്പം മനസ്സിലെത്തുന്നത് കട്ടൻകാപ്പിയുടെ വാസനയാണ്. അതുപോലെ ഓരോ നാടിനും അതിന്റേതായ ഗന്ധമുണ്ട്. ഒരിക്കൽ സന്ദർശിച്ച രാജ്യത്തിന്റെ പേരു കേൾക്കുമ്പോൾ ഓർത്തെടുക്കാവുന്ന അനുഭവമാണ് ആ ഗന്ധം. ‌‍യൂറോപ്പിന്റെ ഹൃദയമെന്നും സുവർണ ഗോപുരങ്ങളുടെ നഗരമെന്നും ചെല്ലപ്പേരുകളുള്ള പ്രാഗ് നഗരം കണ്ടു മടങ്ങിയ ശേഷം അതിനെക്കുറിച്ച് കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്നത് ബീയറിന്റെ മാസ്മരിക സുഗന്ധമാണ്! 

ശബ്ദത്തിൽ ട്രാം

തീർച്ചയായും, യാത്രാനുഭവം ഓരോരുത്തർക്കും വ്യത്യസ്തമാണ്. പ്രാഗ് നഗരത്തിന് പുരാതന തനിമയുടെ മുഖവും പുതുമോടിയണിഞ്ഞ രൂപവുമുണ്ട്. ‘പുതുനഗര’ത്തിലെ ഹോസ്റ്റലിലാണ് റൂം ബുക്ക് ചെയ്തത്. മുറിയിൽ കയറി ബാഗ് വച്ചതിനു ശേഷം തെരുവിൽ ഇറങ്ങി. യാത്രക്കാരുമായി സർവീസ് നടത്തുന്ന ‘ട്രാം’ ശബ്ദമാണ് ആദ്യം കേട്ടത്. കൊളോണിയൽ കാലഘട്ടത്തിൽ ആരംഭിച്ച ട്രാമുകൾ ഇപ്പോഴും പ്രാഗിലെ തെരുവുകളിലൂടെ ഓടുന്നു.

prague-travel1

വ്ലാറ്റാവ നദിയുടെ തീരത്താണ് പ്രാഗ് നഗരം. പ്രാദേശിക ഭാഷയിൽ ‘പ്രാഹ’യാണ് പ്രാഗ്. വെൻസെസ്‌ലാസ് ചത്വരമാണു നഗരത്തിന്റെ ഹൃദയഭാഗം. വിസ്താരമേറിയ ചത്വരം വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലമാണ്. ഹോട്ടൽ, റസ്റ്ററന്റ്, ബാങ്ക് തുടങ്ങിയ കെട്ടിടങ്ങൾ സമീപത്തുണ്ട്. ചത്വരത്തിന്റെ ഒരറ്റത്തുള്ള വലിയ കെട്ടിടം പഴയ കൊട്ടാരമാണ്. തെരുവു വിളക്കുകൾ തെളിയുന്ന രാത്രികളിൽ കൊട്ടാരത്തിനു ഭംഗി വർധിക്കുന്നു.

ചത്വരം നിർമിച്ച സ്ഥലം പണ്ട് കുതിരച്ചന്ത ആയിരുന്നത്രേ. സോവിയറ്റ് റഷ്യയുടെ അധികാരത്തിൽ നിന്നു സ്വാതന്ത്ര്യം നേടാനായി പ്രാഗ് ജനത നടത്തിയ 1989 വെൽവെറ്റ് വിപ്ലവത്തിന്റെ തുടക്കം ചത്വരം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നായിരുന്നു.

കാഴ്ചയിൽ മധ്യാകാല പഴമ

പ്രാഗിലെ ഒട്ടുമിക്ക കെട്ടിടങ്ങൾക്കും 600 വർഷം പഴക്കമുണ്ട്. പ്രാഗിൽ പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ രേഖ ബന്ധപ്പെട്ട ഓഫിസർമാർക്ക് സമർപ്പിച്ചു അനുമതി വാങ്ങണം. നഗരപൗരാണികതയ്ക്കു മങ്ങൽ ഏൽപ്പിക്കാത്ത പ്ലാനുകളാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ നിർമാണം അനുവദിക്കുകയുള്ളു. പ്രേഗ് ഐക്കൺ യൂറോപ്പിനെ ഉലച്ച യുദ്ധങ്ങളിൽ ഏറ്റവും കുറച്ചു നാശനഷ്ടം ഉണ്ടായിട്ടുള്ളത് പ്രാഗ് എന്ന വിശ്വ നഗരത്തിനാണ്. അതുകൊണ്ടു തന്നെ പ്രാഗിനാകെ മധ്യകാല യൂറോപ്പിന്റെ മുഖമാണ്. റോമൻ, ഗോഥിക് കാല ഘട്ടത്തിൽ നിർമിക്കപ്പെട്ട ഈ നഗരത്തിൽ അതിന്റെ അടയാളം എല്ലായിടത്തും വ്യക്തമായി കാണാം. പ്രത്യേകിച്ച് നഗരത്തിലെ പ്രധാന ആകർഷണമായ ഓൾഡ് ടൗൺ സ്‌ക്വയറിലെ വൈവിധ്യമാർന്ന കെട്ടിട നിർമാണ ശൈലിയിൽ. സഞ്ചാരികൾക്ക് പ്രാഗിൽ ചെന്നിറങ്ങുമ്പോൾ മധ്യകാലയൂറോപ്പിൽ എത്തിയ പോലെ തോന്നും.

prague-travel

യൂറോപ്യൻ വാസ്തുവിദ്യയുടെ പൂർണത അവിടെ കണ്ടു മനസ്സിലാക്കാം. വെനീസ്, പാരിസ്, റോം എന്നീ രാജ്യങ്ങളിലെ പഴയ കെട്ടിടങ്ങളുടെ തനിയാവർത്തനം. ക്ലോക്ക് ടവറാണ് ഓൾഡ് ടൗണിലെ മറ്റൊരു കൗതുകം. 1410ൽ സ്ഥാപിച്ച അസ്‌ട്രോണോമിക്കൽ ക്ലോക്ക് തെറ്റുകൂടാതെ സമയം പ്രദർശിപ്പിക്കുന്നു. മാസം, വർഷം, തീയതി, സൂര്യചന്ദ്രന്മാരുടെ സ്ഥാനം എന്നിവയും ക്ലോക്കിൽ നോക്കി മനസ്സിലാക്കാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com