ADVERTISEMENT

വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര പോകുക, ആഘോഷിക്കുക എന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ റിമി ടോമിയുടെ ഇഷ്ടം. പാട്ടുപേലെ തന്നെ യാത്രകൾ നടത്താനും താരത്തിന് പ്രിയമാണ്. ഇപ്പേഴിതാ വിദേശ ട്രിപ്പിലാണ്. റിമി ടോമി അയർലൻഡ് യാത്രയിലാണ്. രാജ്യതലസ്ഥാനമായ ഡബ്ലിനിലെ ഗിന്നസ് ബ്രീവെറിയിൽ നിന്നുള്ള ചിത്രങ്ങളാണ് റിമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളിൽ റിമിയെ മാത്രമല്ല അയർലൻഡിന്റെയും സൗന്ദര്യം കാണുവാൻ കഴിയും. ബ്രീവെറിയുടെ മുകൾ നിലയിൽ നിന്നുമുള്ള ചിത്രങ്ങളിൽ നഗര കാഴ്ചകൾ വ്യക്തമാണ്. അയർലൻഡിലാണെങ്കിൽ, ദയവായി ഗ്ലെൻഡലോഫ് സന്ദർശിക്കുക, നിങ്ങൾക്കത് ഇഷ്ടപ്പെടുമെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം റിമി കുറിച്ചിട്ടുണ്ട്.

പഴമയുടെ പ്രൗഢിയും ആധുനികതയും ഒത്തുചേർന്ന നാടാണ് അയർലൻഡ്. സുന്ദരിയായ പ്രകൃതിയും അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആർത്തിരമ്പലും തടാകങ്ങളും പുഴകളും താഴ്‍‍വരകളുമൊക്കെ കൊണ്ട് സമ്പന്നമാണ് രാജ്യം. വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ വടക്കൻ അറ്റ്ലാന്റിക്കിലെ ഒരു ദ്വീപ് രാഷ്ട്രമാണിത്. രാജ്യത്തിലെത്തുന്ന ഭൂരിപക്ഷം സന്ദർശകരുടെയും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് ഡബ്ലിൻ. അതിഥികളെ ആകർഷിക്കുന്ന തരത്തിലുള്ള ധാരാളം കാഴ്ചകളും വിനോദങ്ങളും സ്വന്തമായുള്ളൊരിടമാണിത്.

ഡബ്ലിനിലെ ഒരു പ്രധാന ആകർഷണമാണ് ഗിന്നസ് സ്റ്റോർ ഹൗസ്. യാത്ര അയർലൻഡിലേക്കാണെങ്കിൽ മറക്കാതെ സന്ദർശിക്കേണ്ട ഒരിടം തന്നെയാണിത്. 250 ലധികം വർഷത്തിന്റെ ചരിത്രം പറയാനുണ്ട് ഈ സ്റ്റോർ ഹൗസിന്. ഓരോ വർഷവും ഒരു മില്യണിലധികം ആളുകൾ ഇവിടെ എത്താറുണ്ട്. ബ്രീവെറിയിലെ ഗ്രാവിറ്റി ബാറിൽ നിന്നും നോക്കിയാൽ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ചകൾ കാണുവാൻ കഴിയും. 

ഡബ്ലിനിലെ പ്രശസ്തമായ നദിയാണ് ലിഫി. ഈ നദിയിലൂടെയുള്ള ബോട്ട് യാത്രയിൽ നഗരത്തിലെ പ്രധാനമായ സ്മാരകങ്ങളും ചരിത്രാവശേഷിപ്പുകളും  കാണാം. വൈക്കിങ്ങുകളുടെ വരവ് മുതൽ 18-ഉം 19-ഉം നൂറ്റാണ്ടുകളിലെ ഡബ്ലിൻ നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികസനം വരെ ആ യാത്രയിലൂടെ കണ്ടു മനസിലാക്കാൻ സാധിക്കും. അയർലണ്ടിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ദേവാലയങ്ങളിലൊന്നാണ് സെന്റ്. പാട്രിക്‌സ് കത്തീഡ്രൽ. ഡബ്ലിൻ നഗരത്തിന്റെ ഹൃദയ ഭാഗത്തായാണിത് സ്ഥിതി ചെയ്യുന്നത്. 800 വർഷത്തെ അയർലണ്ടിന്റെ ചരിത്രവും സംസ്കാരവും പറയാനുണ്ട് ഈ വിശുദ്ധ ദേവാലയത്തിന്. തലസ്ഥാന നഗരിയിലെ മറ്റൊരു പ്രധാനകാഴ്ചയാണ് ഡബ്ലിൻ കോട്ട. പതിമൂന്നാം നൂറ്റാണ്ടിൽ പണിതിരിക്കുന്ന ഈ കോട്ട ആരെയും അതിശയിപ്പിക്കുന്ന ഒരു വാസ്തുവിദ്യാനിർമിതിയാണ്. രാജ്യത്തിൻറെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രഥമ സ്ഥാനമുള്ള ഡബ്ലിൻ  കോട്ട കാണാൻ ധാരാളം സഞ്ചാരികളാണ് ഓരോ വർഷവും എത്തുന്നത്.

English Summary: Rimi Tomy Enjoys Holiday In Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com