കാട്ടിലെ അടിപൊളി സഫാരിയും മുന്തിരിത്തോട്ടങ്ങളിലെ നിലാനടത്തവും: മധുവിധുവിന് ആഫ്രിക്ക!

south-africa-trip3
mountain climbing, pixdeluxe/Istock
SHARE

മാസങ്ങള്‍ നീണ്ട പ്ലാനിങ്ങിനുശേഷം വിവാഹവും വിരുന്നു സല്‍ക്കാരവുമെല്ലാം ഒരുവിധം തീര്‍ന്നാല്‍പിന്നെ, മധുവിധുവിനുള്ള ഒരുക്കമാണ്. തിരക്കുകളില്‍നിന്നു മാറി പുതുപ്പെണ്ണിനും ചെറുക്കനും മാത്രമായിക്കിട്ടുന്ന മധുരതരമായ സമയമാണിത്. ജീവിതകാലം മുഴുവന്‍ മറക്കാനാവാത്ത അതുല്യമായ അനുഭവമാക്കി ഹണിമൂണ്‍ കാലത്തെ മാറ്റാന്‍ മികച്ച ഒരു യാത്രയ്ക്ക് സാധിക്കും. മനോഹരമായ ബീച്ചുകളും പര്‍വതങ്ങളും സാഹസിക വിനോദങ്ങളും സമ്പന്നമായ സംസ്കാരവും ജൈവവൈവിധ്യവുമെല്ലാം നിറഞ്ഞ ദക്ഷിണാഫ്രിക്ക, ഇങ്ങനെ ഹണിമൂണ്‍ യാത്രയ്ക്ക് പറ്റിയ ഒരു ഇടമാണ്. ദക്ഷിണാഫ്രിക്കന്‍ ഹണിമൂണ്‍ ആഘോഷമാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍...

കാട്ടിലൂടെ ഒരു സഫാരിയായാലോ?

south-africa-trip
South Africa.wanderluster/IStock

ദക്ഷിണാഫ്രിക്കയ്ക്ക് ‘അഡ്വഞ്ചർ കാപ്പിറ്റൽ ഓഫ് ദ് വേൾഡ്’ എന്നൊരു വിശേഷണം തന്നെയുണ്ട്. ഹണിമൂണ്‍ ആഘോഷിക്കാന്‍ കാട്ടിനുള്ളിലൂടെ ഒരു മധുവിധുയാത്ര, സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതിമാര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും. സിംഹം, കാണ്ടാമൃഗം, പുള്ളിപ്പുലി, ആന എന്നിങ്ങനെ കാട്ടിലെ വമ്പന്‍മാരെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കണ്ടുമുട്ടാന്‍ അവസരമൊരുക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. ക്രൂഗർ നാഷനൽ പാർക്ക്, സാബി സാൻഡ്സ് പ്രൈവറ്റ് ഗെയിം റിസർവ്, മഡിക്വെ പ്രൈവറ്റ് ഗെയിം റിസർവ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇതിന് അനുയോജ്യമാണ്.

ഔട്ട്ഡോര്‍ വിനോദങ്ങള്‍ക്ക് അടിപൊളി സ്ഥലം

പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പമുള്ള ത്രില്ലിങ് അനുഭവങ്ങള്‍ക്ക് ദക്ഷിണാഫ്രിക്ക പോലൊരു ഇടം ഈ ഭൂമിയിലില്ല. ഹോട്ട് എയർ ബലൂൺ സവാരി, ക്ലാരൻസിലെ റാഫ്റ്റിങ്, ഹൈക്കിങ്, ഹെർമനസിൽ പാരാഗ്ലൈഡിങ്, സ്നോർക്കലിങ്, വൈൽഡ് കോസ്റ്റിലെ മറ്റ് ജലവിനോദങ്ങള്‍, ക്വാസുലു നേറ്റലിലെ ഷാര്‍ക്ക് കേജ്-ഡൈവിങ്, ബംഗീ ജമ്പിങ് മുതലായവയെല്ലാം പരീക്ഷിച്ചു നോക്കണം.

നഗരക്കാഴ്ചകള്‍ കണ്ടു നടക്കാം

south-africa-trip2
South Africa.Janetisa1987/Istock

ദക്ഷിണാഫ്രിക്കയിലെ നഗരങ്ങള്‍ ഹണിമൂണ്‍ സഞ്ചാരികളെ ഒട്ടും നിരാശരാക്കില്ല. പകലും രാത്രിയും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്. നെൽസ്പ്രൂട്ടിലെ സുദ്വാല ദിനോസർ പാർക്ക്, ബാതർസ്റ്റിലെ ബിഗ് പൈനാപ്പിൾ, റോബർട്‌സണിലെ ബിഗ്ഗെസ്റ്റ്‌ ചെയർ ഓഫ് ആഫ്രിക്ക, സോവെറ്റോയിലെ ഒർലാൻഡോ ടവേഴ്സ് എന്നിവ തീര്‍ച്ചയായും കാണേണ്ടതാണ്. കേപ്ടൗൺ, ജോഹാനസ്ബർഗ് തുടങ്ങിയ നഗരങ്ങളിലെ വര്‍ണാഭമായ രാത്രിജീവിതവും അനുഭവിച്ചറിയുക തന്നെ വേണം.

നിലാവില്‍ മുന്തിരിത്തോട്ടങ്ങളിലൂടെ നടക്കാം

പാല്‍നിലാവൊഴുകുന്ന രാത്രിയില്‍ പ്രിയപ്പെട്ട ആളുടെ കൈയും പിടിച്ച്, മുന്തിരിത്തോട്ടങ്ങളിലൂടെ നടക്കുന്നതു പോലെയുള്ള റൊമാന്റിക് അനുഭവങ്ങളും ദക്ഷിണാഫ്രിക്കയിലുണ്ട്. കേപ്ടൗണില്‍ നിന്ന് വെറും ഒന്നര മണിക്കൂര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന കേപ് വൈന്‍ലാന്‍ഡ്സ് ഇത്തരത്തില്‍ ഒരു സ്ഥലമാണ്. വിറ്റ്സെന്‍ബര്‍ഗ് താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന ഈ തോട്ടത്തിനുള്ളിലൂടെ ദമ്പതികള്‍ക്ക് കുതിരപ്പുറത്തും സഞ്ചരിക്കാം.

south-africa-trip1
South Africa, Mlenny/istock

യാത്രയ്ക്കൊപ്പം അല്‍പം ഷോപ്പിങ്ങും

ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്ന സമയത്ത് ഇവിടെ നിന്നുള്ള തനതായ ഭക്ഷണസാധനങ്ങളും മറ്റും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം കൊടുക്കാനായി വാങ്ങി സൂക്ഷിക്കാം. ഇവിടുത്തെ സ്പെഷല്‍ മദ്യമായ അമരുല, കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ, ചോക്ലേറ്റുകൾ, തുകൽ ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവ ദക്ഷിണാഫ്രിക്കയിൽ വാങ്ങാനുള്ള ഏറ്റവും മികച്ച വസ്തുക്കളാണ്. വി&എ വാട്ടർഫ്രണ്ട്, സാൻഡ്‌ടൺ സിറ്റി, ഗേറ്റ്‌വേ തിയേറ്റർ ഓഫ് ഷോപ്പിങ്, കേപ് ക്വാർട്ടർ, കാവെൻഡിഷ് സ്‌ക്വയർ എന്നിവയാണ് ഷോപ്പിങ്ങിന് പേരുകേട്ട സ്ഥലങ്ങള്‍.

English Summary: South Africa Honeymoon Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA