ADVERTISEMENT

 ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലൂടെയാണ്  ഗ്രേസ് ആന്‍റണി മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയത്. തമാശ, ഹലാല്‍ ലവ് സ്റ്റോറി, സാജന്‍ ബേക്കറി തുടങ്ങിയ ചിത്രങ്ങളിലൂടെയും ഗ്രേസ് പ്രേക്ഷകരുടെ കൈയ്യടിനേടി. നടി മാത്രമല്ല, ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയായ ഗ്രേസ് ഇപ്പോള്‍ ദുബായില്‍ വെക്കേഷനിലാണ്. ദുബായില്‍ നിന്നുള്ള അടിപൊളി യാത്രാ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. രാത്രിയില്‍ കടലിനരികെ നിന്നും എടുത്ത ചിത്രങ്ങളാണ് ഏറ്റവും പുതുതായി ഗ്രേസ് പങ്കുവച്ചിട്ടുള്ളത്.

ലോകത്തിലെ മനോഹരമായ ഒട്ടേറെ അദ്ഭുതക്കാഴ്ചകളുടെ ഔന്നത്യം പേറുന്ന നാടാണ് ദുബായ്. ആകർഷകമായ ഇവന്റുകളും ആഡംബര റിസോര്‍ട്ടുകളും മറ്റു വിനോദാനുഭവങ്ങളുമെല്ലാമായി, സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. വര്‍ഷം മുഴുവന്‍ പോകാവുന്ന ഇടമാണെങ്കിലും നവംബര്‍ ഡിസംബര്‍ മാസങ്ങള്‍ ദുബായ് യാത്രയ്ക്ക് ഏറെ മികച്ച സമയമാണ്. ഈ സമയങ്ങളില്‍ കാലാവസ്ഥ സൗമ്യമായതിനാല്‍ അധികം ക്ഷീണിക്കാതെ നഗരം മുഴുവൻ ചുറ്റി നടന്നുകാണാം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തന്നെയാണ് ഈ സമയത്തും ഏറ്റവും കൂടുതല്‍ സന്ദര്‍ശകത്തിരക്ക് അനുഭവപ്പെടുന്ന ഒരിടം. ദുബായിലെ ഏറ്റവും പ്രശസ്തമായ വാട്ടർപാർക്കുകളിൽ ഒന്നായ അക്വാവെഞ്ചർ വാട്ടർപാർക്കില്‍ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പം അടിച്ചുപൊളിക്കാം. അബുദാബിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ അമ്യൂസ്‌മെന്‍റ് പാർക്കായ ഫെരാരി വേൾഡ് ആണ് മറ്റൊരു ആകര്‍ഷണം. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർകോസ്റ്ററായ ഫോർമുല റോസ ഇവിടെയാണ്‌ ഉള്ളത്. അറേബ്യൻ നാടോടിക്കഥയായ ജുഹയുടെ ഇതിഹാസത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച വൈൽഡ് വാഡി വാട്ടർപാർക്കും പ്രായഭേദമില്ലാതെ ആവേശകരമായ അനുഭവങ്ങള്‍ നല്‍കുന്നു.

1,000-ലധികം ഔട്ട്‌ലെറ്റുകളുള്ള ദുബായ് മാളില്‍ ഷോപ്പിങ് നടത്താം. ഫാഷൻ വസ്ത്രങ്ങൾ മുതൽ വീഡിയോ ഗെയിമുകളും സുഗന്ധങ്ങളും വരെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാം കിട്ടുന്ന ദുബായ് മാള്‍ ദുബായുടെ ഐക്കണിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്.

അറേബ്യൻ മരുഭൂമിയിലൂടെയുള്ള ഡെസേർട്ട് സഫാരി, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇൻഡോർ സ്കീയിംഗ് കേന്ദ്രമായ സ്കീ ദുബായ്, ജുമൈറ ബീച്ച്, വൈൽഡ് വാഡി, ഗ്ലോബൽ വില്ലേജ്, ദുബായ് ഡെസേർട്ട് കൺസർവേഷൻ റിസർവ്, ഹജർ ഫൂത്ത്‌ഹിൽസ്, ഉമ്മുൽ ഖുവൈൻ മുതലായ ക്യാംപ് സൈറ്റുകൾ എന്നിവയെല്ലാം ഈ സമയത്ത് ദുബായില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളാണ്.

English Summary: Grace Antony Enjoys Holiday in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com