പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രേതനഗരം, ധൈര്യമുണ്ടോ ഇങ്ങോട്ടൊരു യാത്രയ്ക്ക്?

ghost-town
Cerro Gordo ,Gerald Corsi/shutterstock
SHARE

യാത്രകൾ പോകാൻ തീരുമാനിക്കുമ്പോഴേ ഒരു കൂട്ടർ ആശയകുഴപ്പത്തിലാകും, ഏതു സ്ഥലം തിരഞ്ഞെടുക്കും എന്നതായിരിക്കും പ്രധാനമായും അവരെ വലയ്ക്കുന്ന കാര്യം. 'ഒന്ന് ചിൽ ആകാൻ' തണുപ്പ് കൂടിയ സ്ഥലത്തു പോകാൻ ചിലർ തീരുമാനമെടുക്കുമ്പോൾ ചിലർക്കു കടൽ കാഴ്ചകളായിരിക്കും പ്രിയം. സാഹസിക വിനോദങ്ങളും ട്രെക്കിങ്ങും ഇഷ്ടപ്പെടുന്നവരും നമുക്കിടയിൽ ധാരാളമായിട്ടുണ്ട്. എന്നാൽ ഇതിൽ ഒന്നും ഉൾപ്പെടാത്ത ഒരു വിഭാഗമുണ്ട്. അവർക്കു കാണാനും അറിയാനും താല്പര്യം, അല്പം പേടിപ്പെടുത്തുന്ന കാഴ്ചകളും സ്ഥലങ്ങളുമായിരിക്കും. അത്തരം കാഴ്ചകൾ കാണാൻ താൽപര്യമുള്ളവർക്കു സന്ദർശിക്കാവുന്നൊരിടമാണ് കാലിഫോർണിയയിലെ ഗോസ്റ്റ് ടൗൺ എന്നറിയപ്പെടുന്ന സെറോ ഗോർഡോ.

പത്തൊമ്പതാം നൂറ്റാണ്ടിൽ  'പ്രേതനഗരം' എന്നറിയപ്പെട്ട സെറോ ഗോർഡോ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. പുരാതന കാലത്തിന്റെ ശേഷിപ്പുകളും പേറി നിൽക്കുന്ന ഈ നഗരത്തെ ടെക്സസിലെ ഓസ്റ്റിനിലുള്ള ഒരു ബാക്ക്പാക്കർ ഹോസ്റ്റലിന്റെ ഉടമയായ ബ്രെന്റ് അണ്ടർവുഡ് സ്വന്തമാക്കിയിരിക്കുന്നു. ഏകദേശം 1.4  മില്യൺ ഡോളറാണ് അതിനുവേണ്ടി അണ്ടർവുഡ് ചെലവഴിച്ചത്. ഇത്രയധികം തുക ചെലവഴിച്ച് എന്തിനായിരിക്കും അദ്ദേഹം ഈ നഗരം വാങ്ങിയത്? ഉത്തരം ലളിതമാണ്, ഈ പ്രേത നഗരം കാണാനും അറിയാനുമായി നിരവധി യാത്രാപ്രേമികൾ  എത്തുന്നുണ്ട്. അവർക്കു ആവശ്യമായ സഹായങ്ങളും താമസവും ചെയ്തു കൊടുക്കുകയും കൂടുതൽ സന്ദർശകരെ സെറോ ഗോർഡോയിലേക്ക് എത്തിക്കുകയും ചെയ്യുക. മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിൽ പണിതിരിക്കുന്ന ഇരുപത്തിരണ്ടോളം നിർമിതികളുടെ അവശിഷ്ടങ്ങളും ഘടനയും ആ നഗരത്തിലുണ്ട്. ഈ കെട്ടിടങ്ങൾ അതേപടി സംരക്ഷിക്കുക, അതിനൊപ്പം സന്ദർശകർക്കു അവ കാണാനുള്ള അവസരവും ഒരുക്കി കൊടുക്കുക. ഇതാണ് ബ്രെന്റ് അണ്ടർവുഡ് ലക്ഷ്യമിടുന്നത്. 

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അണ്ടർവുഡ് ഇപ്രകാരം പറയുകയുണ്ടായി. സെറോ ഗോർഡോ എന്ന ഈ നഗരത്തിനു ഒരു വലിയ ചരിത്രം പറയാനുണ്ട്.  പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയുടെ നേർക്കാഴ്ചയാണ് ഈ നഗരം. നിരവധിയാളുകളുടെ ജീവിതത്തെ ഇവിടം സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയിതു പുനരാവിഷ്കരിക്കുക എന്നത് അതികഠിനമാണ്. 

പഴമയെ അതേപടി നിലനിർത്തിക്കൊണ്ടു ആധുനിക സൗകര്യങ്ങൾ സന്ദർശകർക്കായി ഒരുക്കുക, കൂടാതെ കാലിഫോർണിയ എന്ന വൻനഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി ഇവിടം മാറ്റിയെടുക്കുക എന്നതാണ് അണ്ടർവുഡും പങ്കാളിയും ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യപടിയെന്ന നിലയിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ശൈലിയിൽ പണിതിരിക്കുന്ന കെട്ടിടങ്ങൾ നവീകരിക്കാനും വൈഫൈ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. മുന്നൂറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂമിയിൽ സംഗീത പരിപാടികൾ, മികച്ച ഭക്ഷണങ്ങൾ, ഫോട്ടോ ഷൂട്ടിനുള്ള സൗകര്യങ്ങൾ, തീയേറ്ററുകൾ, വിനോദത്തിനായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവയും ഉണ്ടായിരിക്കും. 1870-കളിൽ ഒരാഴ്‌ചയിൽ ഒരു കൊലപാതകമെങ്കിലും നടന്നിരുന്ന, അപകടകരമായ ഒരു സ്ഥലമായി ഒരിക്കൽ അറിയപ്പെട്ടിരുന്ന സെറോ ഗോർഡോ താമസിയാതെ കെട്ടുകഥകൾ തകർത്ത് ,സന്ദർശകരെ സമ്പന്നമായ ഒരു അവധിക്കാലത്തേക്ക് സ്വാഗതം ചെയ്‌തേക്കാം.

English Summary: This Ghost Town In California Can Soon Become Your Next Holiday Spot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA