കോവിഡിന് ശേഷം വിയറ്റ്നാമിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. വിയറ്റ്നാം നാഷണൽ അഡ്മിനിസ്ട്രേഷൻ ഓഫ് ടൂറിസ(VNAT)ത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ വർഷത്തെ ആദ്യ 10 മാസങ്ങളിൽ വിയറ്റ്നാമിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ, പ്രതിമാസം ശരാശരി 51% വർധനവാണ് ഉണ്ടായത്. ജൂലൈ മുതൽ, ഓരോ മാസവും വിയറ്റ്നാമിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 2019- ൽ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കുന്നു. ഒക്ടോബറിൽ 20,681 പേരും 2022- ലെ ആദ്യ 10 മാസങ്ങളിൽ 82,066 പേരും ഇന്ത്യയില്‍ നിന്നും വിയറ്റ്നാം സന്ദർശിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിലെ തായ്ലൻഡും സിംഗപ്പൂരും പോലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്നിലാക്കിയാണ് വിയറ്റ്നാം സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയത്. വീസ ഓൺ അറൈവൽ പോലുള്ള സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ പടിഞ്ഞാറൻ, മധ്യ-തെക്കൻ മേഖലയിലെ വലിയ നഗരങ്ങളിൽ നിന്നുള്ള ധാരാളം യാത്രക്കാരെ വിയറ്റ്നാമിലെ സാമ്പത്തിക, ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാനായി. മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് വിയറ്റ്നാമീസ് നഗരങ്ങളായ ഹനോയ്, ഹോ ചി മിൻ, ഡാ നാങ്, ഫു ക്വോക് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റുകൾ ഉള്ളതും യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി.

വിയറ്റ്നാമിൽ നിന്നുള്ള രാജ്യാന്തര വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് ഏവിയേഷൻ നിലവിൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള 17 വിമാനസര്‍വീസുകള്‍ നല്‍കുന്നുണ്ട്. കൂടാതെ, ദ നാങ്ങിനെ മുംബൈ, ന്യൂഡൽഹി മുതലായ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഏതാനും ഫ്ലൈറ്റുകളും ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള 3194 കിലോമീറ്റർ ദൂരം വെറും 4.5 മണിക്കൂറിനുള്ളില്‍ സഞ്ചരിക്കാന്‍ ഇത് സഹായിക്കും.
വിയറ്റ്നാമിലെ ഹനോയ്, ഹോ ചി മിൻ സിറ്റി, ഫു ക്വോക്ക്, ക്യു നോൺ, ദനാങ്, ഹോയ് ആൻ, ൻഹാ ട്രാങ്, ഫാൻ തിയെറ്റ്, ദലാത്ത്, ഹാലോംഗ് തുടങ്ങിയവ ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഉൾപ്പെടുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ ഭക്ഷണവും ഉയർന്ന നിലവാരമുള്ള റിസോർട്ട് സേവനങ്ങളും ഈ നഗരങ്ങളുടെ സ്വീകാര്യത കൂട്ടുന്ന ചില കാര്യങ്ങളാണ്.
English Summary: Vietnam sees 51% monthly increase in Indian travellers