മരിച്ചവർക്കായി ഫ്ലാറ്റ്, സുരക്ഷിത രാജ്യത്തെ അതിശയ കാഴ്ചകൾ

singapore-travel
Image credit: Indira
SHARE

സന്ദര്‍ശകരെയും സഞ്ചാരികളെയും ഒരിക്കലും നിരാശരാക്കാത്ത സിംഗപ്പൂരിലും മലേഷ്യയിലുമായിരുന്നു ഒരാഴ്ചത്തെ എന്റെ യാത്ര. പ്രിയ സുഹൃത്ത് സേവ്യറും കുടുംബവും സിംഗപ്പൂരിലാണ് താമസം. അതുകൊണ്ട് പ്രധാനപ്പെട്ട പല സ്ഥലങ്ങളും ടൂറിസ്റ്റുകൾ കാണാത്ത ചില സ്ഥലങ്ങളും എനിക്ക് കാണുവാൻ സാധിച്ചു. അതിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാഴ്ചകളിൽ ഒന്നാണ് സിംഗപ്പൂരിലെ സെമിത്തേരികൾ. 

യാത്രയിൽ കണ്ട സിംഗപ്പൂരിനെക്കുറിച്ച്ു പറഞ്ഞിട്ട് ഫൈൻ സിറ്റിയിലെ സെമിത്തേരിയിലേക്കു പോകാം.

കൃത്യമായ പ്ലാനിങ്ങോടെ പടിപടിയായി ഉയര്‍ന്ന് വികസന ലക്ഷ്യങ്ങള്‍ കീഴടക്കി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറിയ സിംഗപ്പൂര്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. ഉയരം കൂടിയ കെട്ടിടങ്ങൾ, ദ്വീപുകൾ, ചെറിയ തെരുവുകൾ ഇവയൊക്കെ സഞ്ചരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

singapore-travel2
Image credit: Indira

സിംഗപ്പൂരിന്റെ വലുപ്പക്കുറവ് കാരണം ലോക ഭൂപടത്തിലും ഏഷ്യൻ ഭൂപടത്തിലും ഒരു ചെറിയ ബിന്ദുവായി കാണപ്പെടുന്നതുകൊണ്ട് ചുവന്ന പുള്ളിക്കുത്ത് (little red dot) എന്നും സിംഗപ്പൂർ പറയപ്പെടുന്നു.

സിംഗപ്പൂരിന്റെ ചിഹ്നം മെർലിയോൺ ആണ്. സിംഹത്തിന്‍റെ തലയും മത്സ്യത്തിന്‍റെ ഉടലുമുള്ള ഈ രൂപം ഇവിടുത്തെ ഏതെങ്കിലും പുരാണങ്ങളില്‍ നിന്നോ കഥകളില്‍ നിന്നോ എടുത്തതല്ല. സിംഗപ്പൂർ ടൂറിസം ബോവയ്‌ക്കായി 1964 ൽ ബ്രിട്ടിഷ് ഇക്തിയോളജിസ്റ്റ് അലക്‌സ് ഫ്രേസർ-ബ്രണ്ണർ രൂപകൽപന ചെയ്തതാണിത് ഈ രൂപം.

സുരക്ഷിതമായ രാജ്യം

വളരെ സുരക്ഷിതമായ രാജ്യമാണ് സിംഗപ്പൂര്‍. ഫൈന്‍ സിറ്റി എന്നാണ് പൊതുവേ സിംഗപ്പൂരിനെ വിശേഷിപ്പിക്കാറുള്ളത്. ഫൈന്‍ എന്നാൽ പിഴ എന്ന് അർഥം. കർശന നിയന്ത്രണം നടപ്പാക്കിയ ഈ രാജ്യത്ത് കർശനമായി നിയമപാലകരും ഉണ്ട്. കുറ്റമറ്റ രീതിയിൽ വൃത്തിയും ശുചിത്വവുമുള്ള ഇവിടെ വഴിയരികില്‍ തുപ്പുന്നതോ മാലിന്യം വലിച്ചെറിയുന്നതോ ബഹളം വയ്ക്കുന്നതോ ഒക്കെ മതി ശിക്ഷ ലഭിക്കുവാന്‍.

singapore-travel5
Image credit: Indira

ച്യൂയിങ് ഗം, ജെയ്‌വാക്കിങ്, മാലിന്യം വലിച്ചെറിയൽ, മൂടിയ നടപ്പാതയുടെ 15 മീറ്ററിനുള്ളിൽ പുകവലിക്കുക, പൊതു വിശ്രമമുറിയിൽ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യാതിരിക്കുക, അനുമതിയില്ലാതെ ഒരാളുടെ വൈഫൈയിലേക്ക് കണക്‌റ്റ് ചെയ്യുക എന്നിങ്ങനെ എല്ലാത്തിനും കർശന നിയമങ്ങളുണ്ട്. സിംഗപ്പൂരിൽ മാലിന്യം വലിച്ചെറിയുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്, മൂന്നു തവണയിൽ കൂടുതൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടുപിടിക്കപ്പെട്ടാൽ അയാൾ ഞായറാഴ്ചകളിൽ ബിബ് ധരിച്ച് തെരുവുകൾ വൃത്തിയാക്കണം. ഇതാണ് ശിക്ഷ. വലിയ കുറ്റകൃത്യങ്ങളോടുള്ള സീറോ ടോളറൻസ് പോളിസിയുടെ ഫലമായി, വധശിക്ഷ വിധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ.

singapore-travel3
Image credit: Indira

സിംഗപ്പൂര്‍ എന്ന രാജ്യം എത്ര വേഗത്തില്‍ മുന്നോട്ടു കുതിക്കുന്നുവോ അതുപോലെ തന്നെയാണ് ഇവിടുത്തെ ആളുകളും. ലോകത്തിലെ ഏറ്റവും വേഗത്തില്‍ നടന്നു നീങ്ങുന്ന കാല്‍നട യാത്രകര്‍ ഇവിടെയുള്ളവരാണ്. വനങ്ങൾ, പൂന്തോട്ടങ്ങൾ, മഴക്കാടുകൾ, പാർക്കുകൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയുടെ രൂപത്തിൽ സമൃദ്ധവും ഫലഭൂയിഷ്ഠവുമായ പച്ചപ്പ് നിറഞ്ഞതാണ് സിംഗപ്പൂർ.

ആഘോഷങ്ങളുടെ നാട്

ആഘോഷങ്ങളുടെ നാട് കൂടിയാണിത്. ജീവിതം ആഘോഷമായി കൊണ്ടുനടക്കുന്നവരാണ് സിംഗപ്പൂരുകാര്‍. സാംസ്കാരിക ഉത്സവങ്ങൾ, പ്രധാന കായിക വിനോദങ്ങൾ, കലാ പരിപാടികൾ എന്നിവ വർഷം മുഴുവനും ഇവിടെ ആഘോഷിക്കാറുണ്ട്. സിംഗപ്പൂർ ഷോപ്പിങ് പറുദീസയാണ്. എന്നാൽ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്താൽ നമുക്ക് ഷോപ്പിങ് ബുദ്ധിമുട്ടാണ്.

singapore-travel22
Image credit: Indira

യൂണിവേഴ്‌സൽ സ്റ്റുഡിയോ 

സിംഗപ്പൂരിലെ സെന്റോസയിലുള്ള റിസോർട്ട്സ് വേൾഡ് സെന്റോസയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു തീം പാർക്കാണ് യൂണിവേഴ്സൽ സ്റ്റുഡിയോ. ലോകമെമ്പാടുമുള്ള ആറ് യൂണിവേഴ്സൽ സ്റ്റുഡിയോ തീം പാർക്കുകളിൽ ഒന്നാണിത്.

ഏഴ് തീം സോണുകളിലായി 28 റൈഡുകൾ, ഷോകൾ എന്നിവയുള്ള പാർക്കിൽ സന്ദർശകരുടെ തിരക്കാണ് എപ്പോഴും.  ഒറ്റ ദിവസം കൊണ്ട് മുഴുവൻ കാഴ്ചകൾ കണ്ടു തീരാൻ പറ്റാത്ത  സ്ഥലം. ഒഴുകി എത്തുന്നു സന്ദർശകർ. 

singapore-travel7
Image credit: Indira

മലേഷ്യക്ക്‌ പോകുന്നതിന്റെ തലേ ദിവസമാണ് സേവ്യറിന്റെ വീട്ടിൽ കൂടിയത്. സേവ്യറും ആനിയും നാട്ടിൽ പോയതുകൊണ്ട് മകൻ നെൽസനും മകളും കൊച്ചുമക്കളും എല്ലാം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നാട്ടിൽനിന്നു വന്നിട്ട് ആദ്യമായി ചോറും കറികളും കഴിച്ചത് അവിടെനിന്നാണ്. ഇഷ്ടപ്പെട്ട ആഹാരം വയറു നിറച്ചു കഴിക്കുമ്പോൾ കിട്ടുന്ന തൃപ്തി പറഞ്ഞറിയിക്കുവാൻ പറ്റില്ല. സിംഗപ്പൂർ വെറൈറ്റി ഫുഡ്സ് കഴിച്ചെങ്കിലും ഈ സുഖം കിട്ടിയില്ല.

തിരിച്ചു പോരുന്ന സമയത്ത് താഴെ ഒരു പന്തൽ കണ്ടു. മരിച്ച ആളുടെ ശരീരം പന്തലിൽ അലങ്കരിച്ചു കിടത്തിയിരിക്കുന്നു. മൃതദേഹം അഞ്ചു ദിവസം തന്നെ വീട്ടിൽ സൂക്ഷിക്കുന്ന രീതിയാണ് അവർക്കുള്ളതെന്ന് നെൽസൻ പറഞ്ഞു. റിസപ്ഷൻ നടക്കുന്ന പന്തലുപോലെ തോന്നിക്കുന്ന ഇവിടെ ടേബിളിനു മുന്നിൽ ആഹാരം കഴിക്കുന്നവരെയും ഒന്നിച്ചിരുന്നു സംസാരിക്കുന്നവരെയും കണ്ടു. 

ഇവിടെത്തെ ചടങ്ങുകൾ ഒരു പ്രത്യേക തരമാണ്. ടൂറിസ്റ്റുകൾ സാധാരണയായി കാണാത്തതും എന്നാൽ കണ്ടിരിക്കേണ്ടതുമായ ഒരു സ്ഥലത്തെപ്പറ്റി നെൽസൻ എന്നോട് പറഞ്ഞു.

ടൂറിസ്റ്റ് പട്ടികയിൽ പെടാത്ത സ്ഥലം

മൃതശരീരങ്ങളെ ഇത്രയും ആദരവോടെ കാണുന്ന വേറെ രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. Lim chu khang എന്നാണ് സ്ഥലത്തിന്റെ പേര്. ടൂറിസ്റ്റ് പട്ടികയിൽ പെടാത്ത സ്ഥലം. സിംഗപ്പൂരിലെ സെമിത്തേരികൾ നിറഞ്ഞ പാർക്കുകൾ ഇവിടെയാണ്‌. ജാതി മത വ്യത്യാസം ഇല്ലാതെ, റോഡിന് ഇരുവശവും നിരനിരയായി ശാന്തമായി ഉറങ്ങുന്ന പരേതാത്മാക്കളുടെ ശവകുടീരങ്ങൾ. അത് കാണേണ്ട കാഴ്ച തന്നെയാണ്.

തിരക്കു കുറഞ്ഞ റോഡ്. ഇരുവശവും പല തരം ശവകുടീരങ്ങൾ. ഇത് പല ആകൃതികളിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ഇടയ്ക്ക്‌ പൂക്കൾ നിറഞ്ഞ ചെടികൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. വേണ്ടപ്പെട്ടവർ അന്തിയുറങ്ങുന്ന സ്ഥലത്ത് കുറച്ചു സമയം വന്നിരിക്കുവാനും അവരുടെ കുഴിമാടങ്ങളിൽ പൂക്കൾ അർപ്പിക്കുവാനും എല്ലാ സൗകര്യങ്ങളും ഒരുക്കി അവിടുത്തെ ഭരണാധികാരികൾ.

singapore-travel9
Image credit: Indira

ഞാൻ നെൽസനോട് വണ്ടി പതുക്കെ ഓടിക്കുവാൻ പറഞ്ഞു. റോഡിന് ഇരുവശത്തും ഉള്ള കുടീരങ്ങൾ പലതരത്തിൽ ഉള്ളതായിരുന്നു. ചൈനീസ്, ഹിന്ദു, മുസ്‌ലിം, പഞ്ചാബി എന്നിങ്ങനെ തരം തിരിച്ചു ഭംഗിയായി സൂക്ഷിക്കുന്ന സെമിത്തേരികൾ. നമ്മുടെ നാട്ടിലാണെങ്കിൽ ആളുകൾ പോകാൻ മടിക്കുന്ന, പേടിപ്പെടുത്തുന്ന സ്ഥലം.

ഈ റോഡിൽ വാഹനങ്ങൾ തീരെ കുറവാണ്. ശാന്തമായ സ്ഥലം. വഴിയിൽ പലയിടത്തും ബോർഡുകൾ കണ്ടു. ഓരോ കൂട്ടരുടെയും സെമിത്തേരികൾ തിരിച്ചറിയുവാനുള്ള ബോർഡുകൾ ആയിരുന്നു. എല്ലാത്തിലും നമ്പറുകൾ ഉണ്ട്. 

ചൈനീസ് ശവകുടിരങ്ങൾ ഒരു പ്രത്യേക തരത്തിൽ ഉള്ളതാണ്. ചെറിയ കളിവീടുകൾ പോലെ അടുക്കി നിരനിരയായി വച്ചിരിക്കുന്ന കല്ലറകൾ. അതിനു മുകളിൽ വെട്ടി നിർത്തിയ പുല്ലിന്റെ പരവതാനിയും കാണാം. കല്ലറകൾക്ക് മുന്നിൽ ചെറിയ തൂണുകളും അതിൽ സിംഹത്തിന്റെ തലയും കൊത്തിയിട്ടുണ്ട്. ഈ കല്ലറയിൽ ചൈനീസ് ലിപിയിൽ മരിച്ചവരെകുറിച്ചുള്ള വിവരങ്ങളും ചിലതിൽ ഫോട്ടോകളും വച്ചിട്ടുണ്ട്. ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ച കല്ലറകൾ ആയിരുന്നു അവിടെ കാണുവാൻ സാധിച്ചത്. 

മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ആചാരപ്രകാരം ഉള്ള കല്ലറകൾ റോഡിന് ഇരുവശവും കണ്ടു. മുസ്ലിം കല്ലറകൾക്കു മുകളിൽ ടൗവൽ പോലെ തൂവെള്ള തുണിയിട്ടിരിക്കുന്നു. ദൂരെ നിന്ന് കാണുമ്പോൾ കൊക്കുകൾ ഇരിക്കുന്നതുപോലെ തോന്നും. ഓരോ കൂട്ടരുടെയും സെമിത്തേരികൾ എളുപ്പം തിരിച്ചറിയുവാൻ ഇടയ്ക്കിടയ്ക്ക് റോഡിൽ ബോർഡ്‌ വച്ചിട്ടുണ്ട്. ഇടയ്ക്ക് പൂക്കടകളും കാണാം.

Chainees semitheri path 36 എന്ന സ്ഥലത്ത് നെൽസൻ വണ്ടി നിർത്തി. അവിടെ നട്ടുവളർത്തി വെട്ടിനിർത്തിയ പുല്ലുകൾ. ആ വഴിയുടെ ഇരുവശവും ചൈനീസ് ശവ കല്ലറകൾ. അതിൽ വാടാത്ത പൂക്കളും കണ്ടു. അടുത്ത സമയത്ത് മരണം വരിച്ച ആരുടെയോ കല്ലറ ആയിരുന്നു അത്. അങ്ങ് ദൂരെ ഒരു ബെഞ്ചിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. വേണ്ടപ്പെട്ട ആരുടെയോ കല്ലറ അടുത്തു തന്നെ കാണും എന്ന് നെൽസൻ പറഞ്ഞു. അകന്നുപോയവരുടെ അടുത്ത് കുറച്ചു സമയം വന്നിരിക്കുന്നവർ. 

മരിച്ചവർക്കുള്ള ഫ്ലാറ്റ്

പലരും തിരക്കുകളിൽനിന്ന് ആശ്വാസം കിട്ടുവാൻ ഈ വഴി വണ്ടി ഓടിച്ചു വന്ന് ഇവിടെ കുറച്ചു നേരം ഇരിക്കാറുണ്ട്. നെൽസനും ഇടയ്ക്ക് വരുവാൻ ഇഷ്ടപ്പെടുന്ന സ്ഥലം. വീണ്ടും വണ്ടി കുറച്ചു ദൂരം പോയപ്പോൾ ഒരു സൈഡിൽ ഫ്ലാറ്റുകളുടെ പണി നടക്കുന്നത് കണ്ടു. പണി തീർന്ന ഫ്ലാറ്റുകളും ഉണ്ട്. ഇത് ആളുകൾക്ക് താമസിക്കുവാൻ ഉള്ളതല്ല. കല്ലറകൾ നിറയുമ്പോൾ പഴയ കല്ലറകൾ പൊളിച്ചു മാറ്റും. ആ കല്ലറയിൽ നിന്ന് കിട്ടുന്ന ശരീരങ്ങളുടെ ഭാഗങ്ങൾ സൂക്ഷിക്കുന്ന ഫ്ലാറ്റുകൾ ആണ് ഇതെല്ലാം. ജീവിച്ചിരിക്കുന്നവർ‌ക്കു താമസസൗകര്യം ഒരുക്കുന്നത് പോലെ തന്നെ മരണം വരിച്ചവർക്കും വേണ്ട സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.

ഫ്ലാറ്റിലെ ഓരോ മുറിയിലും നിറയെ ലോക്കറുകൾ. നമ്മുടെ ഇവിടെത്തെ ബാങ്കുകളുടെ ലോക്കറുകൾ പോലെ സുരക്ഷിതമായ സ്ഥലം. ഇവിടെ കല്ലറയിൽ നിന്ന് കിട്ടിയ അസ്ഥികൾ സൂക്ഷിച്ചു വയ്ക്കും. ലോക്കാറിന്റെ പുറത്ത് മരിച്ച ആളുടെ പേരും അവകാശികളുടെ വിവരങ്ങളും ഫോൺ നമ്പറും കാണും. എത്ര നാൾ കഴിഞ്ഞാലും അവകാശികൾക്ക് വന്നു വർഷത്തിൽ ഒരിക്കൽ ഉള്ള ചടങ്ങുകൾ നടത്തുവാൻ ഉള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. വേണമെങ്കിൽ അവർക്ക് കൊണ്ടുപോകുവാനുള്ള സൗകര്യവും അവിടെ ഉണ്ട്.

മരിച്ചവർക്ക് ഇത്ര ആദരവ് കൊടുക്കുന്ന ഈ ചെറിയ രാജ്യത്തെ നമിക്കാതെ വയ്യ. ഈ വിവരങ്ങൾ എല്ലാം നെൽസൻ ആണ് തന്നത്. ഈ കാഴ്ചകൾ കാണാതെ പോന്നിരുന്നെങ്കിൽ വലിയ നഷ്ടം തന്നെ ആയിരുന്നു.

തിരിച്ചു പോരുമ്പോൾ പൂക്കളാൽ അലങ്കരിച്ച ഒരു വാഹനം കടന്നു പോകുന്നത് കണ്ടു. പുതിയ അതിഥി ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. മൗനമായി പതിയെ പുറകെ രണ്ടു വാഹനങ്ങളും കടന്നുപോയി. തിരിഞ്ഞു നോക്കിയപ്പോൾ അവ പൂന്തോട്ടത്തിൽ മറഞ്ഞിരുന്നു.

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് ലേഖിക

English Summary: Singapore Travel Experience 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS