ADVERTISEMENT

സുഗന്ധം പരത്തുന്ന ചന്ദനത്തിരികള്‍ പോലുള്ള ധൂപവര്‍ഗങ്ങള്‍ക്ക് പല ഏഷ്യന്‍ രാജ്യങ്ങളുടെയും ആത്മീയജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഇവയെല്ലാം ഉണ്ടാക്കുന്നത് എവിടെയായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? വടക്കൻ വിയറ്റ്നാമിലെ പരമ്പരാഗത ഗ്രാമങ്ങളിലാണ് ഇവ പ്രധാനമായും ഉണ്ടാക്കുന്നത്. സുഗന്ധധൂപങ്ങള്‍ വിയറ്റ്നാമീസ് സംസ്കാരത്തിന്‍റെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. ഇത്തരം ഗ്രാമങ്ങളില്‍ പൊതുസ്ഥലത്ത് വർണാഭമായ സുഗന്ധദ്രവ്യങ്ങൾ ഉണക്കുന്ന വലിയ മൈതാനങ്ങള്‍ സ്ഥിരം കാഴ്ചയാണ്. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്കും വളരെയധികം കൗതുകം പകരുന്ന ദൃശ്യങ്ങളിലൊന്നാണിത്.

വിയറ്റ്‌നാമിലെ ധൂപവര്‍ഗങ്ങള്‍ നിര്‍മിക്കുന്ന ഗ്രാമങ്ങളെക്കുറിച്ച്...

 

യെൻ ഫു ധൂപ ഗ്രാമം

incense-village2
drying incense, Son Nguyen/Istock

ഹാനോയിയിലെ പരമ്പരാഗത കരകൗശല ഗ്രാമങ്ങളിൽ ഒന്നാണ് യെൻ ഫു. തായ് ഹോ ജില്ലയിലെ യെൻ ഫു അഴിമുഖത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.. നൂറ്റാണ്ടുകളായി ധൂപവര്‍ഗങ്ങളുടെ നിര്‍മാണത്തിന് പേരുകേട്ടതാണ് ഇവിടം.

ഗ്രാമത്തിലെ മുതിർന്നവർ പറയുന്നതനുസരിച്ച്, 13-ാം നൂറ്റാണ്ട് മുതൽ ചൈനീസ് പാരമ്പര്യം പിന്തുടര്‍ന്ന് ആരംഭിച്ചതാണ് ഇവിടെ ധൂപവര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണം. ഇന്ന് വളരെയധികം വികസിച്ച ഒരു ബിസിനസ്സാണ് ഇത്. ഗ്രാമവാസികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. 

80-കളുടെ തുടക്കത്തിൽ, പല കുടുംബങ്ങളും ധൂപവർഗ നിര്‍മാണജോലി ഉപേക്ഷിച്ച് അലങ്കാര മത്സ്യം വളർത്തുന്നതിനും കച്ചവടത്തിനും വ്യാപാരത്തിനുമായി പോയി. ഗ്രാമത്തിലെ ഏകദേശം 20% കുടുംബങ്ങൾ മാത്രം അപ്പോഴും തങ്ങളുടെ പരമ്പരാഗത ജോലിയില്‍ തുടര്‍ന്നു. പിന്നീട് തൊണ്ണൂറുകളില്‍ എത്തിയപ്പോഴേക്കും വീണ്ടും ആളുകള്‍ ഈ ജോലിയിലേക്ക് തന്നെ തിരിഞ്ഞു.

incense-village1
Colorful incenses snapshot,Fernando Rico Mateu/Istock

ധൂപവര്‍ഗ്ഗങ്ങളുടെ നിര്‍മ്മാണം വളരെ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്. വരുമാനവും അത്ര ഉയർന്നതല്ല. ഈ ജോലിക്ക് പല പല ഘട്ടങ്ങളുണ്ട്. ഇത്തരം കുടുംബങ്ങളിലെ അംഗങ്ങള്‍ എല്ലാവരും ഒരു വ്യക്തിയുടെ മേല്‍നോട്ടത്തില്‍ വിവിധ പണികള്‍ ചെയ്യുന്നു. ഏറ്റവും ലളിതമായത് മുതൽ സങ്കീർണ്ണമായത് വരെയുള്ള ജോലികള്‍ വിവിധ ആളുകള്‍ ഏറ്റെടുത്ത് ചെയ്യും. 

പ്രായമായവരും കുട്ടികളും പലപ്പോഴും പൂർത്തിയാക്കിയ ഉൽപ്പന്നങ്ങൾ ഉണക്കുക, ശേഖരിക്കുക, പായ്ക്ക് ചെയ്യുക തുടങ്ങിയ സങ്കീർണമല്ലാത്ത ജോലികൾ ഏറ്റെടുക്കുന്നു. ഏറ്റവും പ്രയാസമേറിയതും സങ്കീർണ്ണവുമായ ഘട്ടം, ധൂപവർഗ്ഗപ്പൊടി (മരം മാത്രമാവില്ല) സുഗന്ധദ്രവ്യങ്ങളായ സ്റ്റാർ സോപ്പ്, കറുവപ്പട്ട, ബാസ് എന്നിവയുമായി കലർത്തുന്നതാണ്. ഈ ജോലി വിദഗ്ധരും സാങ്കേതികമായി പരിചയസമ്പന്നരുമായ ആളുകൾ ചെയ്യണം, കാരണം തെറ്റായാണ് മിശ്രിതം തയാറാക്കിയതെങ്കില്‍ വിചാരിച്ച സുഗന്ധം ധൂപവര്‍ഗ്ഗത്തിന് ലഭിക്കില്ല.

സാ കിയു ഗ്രാമം

ഹനോയിയിൽ നിന്ന് ഏകദേശം 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഉങ് ഹോവ ജില്ലയിലെ സാ കിയു ഗ്രാമവും ധൂപവർഗ്ഗത്തിന് പേരുകേട്ടതാണ്. ഇവിടെ ഇത് എപ്പോൾ ആരംഭിച്ചുവെന്ന് ആർക്കും കൃത്യമായി അറിയില്ല.

സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ, രാസവസ്തുക്കൾ ചേർക്കാതെ വളരെ ശ്രദ്ധാപൂര്‍വ്വമാണ്‌ ഇവിടെയുള്ള ആളുകള്‍ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുള്ള ധൂപവര്‍ഗ്ഗത്തിന് സവിശേഷമായ ഒരു സുഗന്ധമുണ്ട്.

കത്തിച്ച കാട്ടുമരങ്ങൾ, കാനേറിയം മരങ്ങളുടെ റെസിൻ, കൽക്കരി പൊടി എന്നിവ സംയോജിപ്പിച്ചാണ് ധൂപ കോണുകൾ നിർമ്മിക്കുന്നത്. ഇതിലെ ഓരോ ചേരുവയുടെയും അനുപാതം രഹസ്യമാണ്. ചേരുവകൾ കലക്കിയ ശേഷം, ഗ്രാമവാസികൾ മിശ്രിതം ഉണക്കി പൊടിക്കുന്നു. വീണ്ടും കുറച്ച് വെള്ളം ചേര്‍ത്ത ശേഷം മിശ്രിതം വീണ്ടും ഉണക്കി പൊടിക്കുന്നു. ചന്ദനത്തില്‍ നിന്നും ധൂപ കോണുകള്‍ നിര്‍മിക്കുന്നുണ്ട് ഈ ഗ്രാമത്തില്‍. 

ഗ്രാമത്തില്‍ പല നിര്‍മ്മാണ കേന്ദ്രങ്ങളിലും യന്ത്രങ്ങള്‍ ഉപയോഗിച്ചും ധൂപവര്‍ഗ്ഗങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഗ്രാമത്തില്‍ നിന്നുള്ള ഉൽപ്പന്നങ്ങൾ സമീപ പ്രവിശ്യകളായ തൻ ഹോവ, നാം ദിൻ, ഹായ് ഡുവോങ് മുതലായ സ്ഥലങ്ങളിലേക്കും തെക്കൻ പ്രവിശ്യകളിലേക്കും ധാരാളമായി കയറ്റി അയക്കപ്പെടുന്നു.

ഹോങ് ഡ്യൂങ് ഗ്രാമം

ഹോംഗ് ഡ്യൂങ്ങിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകളും പരമ്പരാഗതമായി സുഗന്ധ ധൂപവര്‍ഗ്ഗങ്ങള്‍ നിര്‍മ്മിച്ചുവരുന്നു. ഗ്രാമത്തിലുടനീളം, കൊച്ചു കുട്ടികള്‍ പോലും മുതിര്‍ന്നവരെ സഹായിക്കുന്നതും, വഴി നീളെ ധൂപത്തിരികള്‍ ഉണക്കാനിട്ടതും കാണാം.

ചന്ദനത്തിരി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുള പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കാരണം പലയിടങ്ങളിലും ധൂപവര്‍ഗ ബിസിനസ്സിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇത്തരം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ മനസ്സറിഞ്ഞു നല്‍കുന്ന പണവും ഇവരുടെ വലിയൊരു സാമ്പത്തിക സ്രോതസാണ്.

English Summary: Incense Villages in Hanoi – The Beauty of Vietnam Tradition and Culture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com