നാലുമാസം, രണ്ടു പറക്കലുകള്‍; വീണ്ടും ആകാശപ്പറവയായി അഹാന!

ahaana-krishna
Ahaana Krishna
SHARE

ദുബായില്‍ സ്കൈ ഡൈവ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. 4 മാസത്തിനുള്ളിൽ അഹാനയുടെ രണ്ടാമത്തെ സ്കൈ ഡൈവിങ് ആണിത്. 13000 അടി ഉയരത്തിൽ, ഒരു പക്ഷിയെപ്പോലെ പറന്നുനടക്കുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രശസ്തമായ പാം ജുമൈറയ്ക്ക് മുകളിലൂടെയാണ്‌ അഹാനയുടെ പറക്കല്‍. ദുബായിലെ ജുമൈറയിലുള്ള ഒരു കൃത്രിമ ദ്വീപ്‌ സമൂഹമാണ് പാം ജുമൈറ. ഈന്തപ്പനയുടെ ആകൃതിയില്‍ നിർമിച്ചിരിക്കുന്ന ദ്വീപില്‍ പാം ജുമൈറ, ദെയ്‌റ ദ്വീപ്, പാം ജബൽ അലി എന്നീ മൂന്നു ദ്വീപുകളാണ് ഉള്ളത്. 2001-ൽ ആരംഭിച്ച് 2007- ല്‍ നിർമാണം പൂര്‍ത്തിയായ ദ്വീപുകളില്‍ നിരവധി സ്വകാര്യ വസതികളും ഹോട്ടലുകളുമുണ്ട്.

പാം ജുമൈറയ്ക്ക് മുകളിലൂടെയുള്ള സ്കൈഡൈവിങ് ഈയിടെയായി സഞ്ചാരികള്‍ക്കിടയില്‍ ട്രെന്‍ഡാണ്. മലയാളത്തില്‍ നിന്നുള്ള സാനിയ അയ്യപ്പന്‍, പാര്‍വ്വതി, നസ്രിയ തുടങ്ങിയ ധാരാളം സെലിബ്രിറ്റികള്‍ ഈയിടെ ദുബായില്‍ സ്കൈ ഡൈവ് ചെയ്തിരുന്നു. പാം ജുമൈറ ദ്വീപിന് സമീപമുള്ള ദുബായ് മറീനയില്‍ സ്ഥിതിചെയ്യുന്ന സ്കൈഡൈവ് ആണ് പ്രധാനമായും ഇതിനുള്ള അവസരമൊരുക്കുന്നത്.

ahaana-krishna-1

മുന്‍പരിചയമില്ലാത്തവര്‍ക്കും സ്കൈ ഡൈവ് ചെയ്യാം. ഒരിക്കലും പാരച്യൂട്ട് ജമ്പ് ചെയ്യാത്തവർക്കുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ടാൻഡം ജമ്പ്. വിമാനത്തിൽ നിന്ന് ഒരു പ്രൊഫഷണൽ ഇൻസ്ട്രക്ടര്‍ക്കൊപ്പം ചാടിയ ശേഷം പറക്കുന്നതാണിത്. പാരച്യൂട്ട് നിയന്ത്രിക്കുന്നത് ഇൻസ്ട്രക്ടര്‍ ആയിരിക്കും. ലാൻഡിങ്ങും ഇൻസ്ട്രക്ടറാണ് ചെയ്യുന്നത്. അതിനാല്‍ പേടി കൂടാതെ പറക്കാം.

സ്കൈഡൈവ് ദുബായിക്ക് സ്വന്തമായി എയർസ്ട്രിപ്പ് ഉണ്ട്. ഇവിടെ നിന്നാണ് ചാടാനുള്ള വിമാനം പുറപ്പെടുന്നത്. ഫ്രീ ഫാൾ സമയത്ത് 210 കിലോമീറ്റർ/മണിക്കൂർ വേഗതയിലാണ് താഴേക്ക് വീഴുക. ഒരു നിശ്ചിത ഉയരത്തിൽ എത്തുമ്പോള്‍ ഇൻസ്ട്രക്ടർ കയർ വലിച്ച് പാരച്യൂട്ട് തുറക്കുന്നു, അതോടെ പറക്കല്‍ ആരംഭിക്കുകയായി.

വിമാനത്തിൽ പറക്കുമ്പോഴും സ്‌കൈഡൈവ് ജമ്പിലും ഉള്‍പ്പെടുന്ന ആകെ പ്രദേശമാണ് ഡ്രോപ്പ് സോൺ. 26,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് സ്കൈഡൈവ് ദുബായ് ഡ്രോപ്പ് സോൺ. ഇതിൽ 75% വെള്ളവും 25% കരയുമാണ്. ഇതിന്‍റെ ഭൂരിഭാഗവും പാം ജുമൈറയ്ക്ക് മുകളിലാണ്. പറക്കലിന് ശേഷം താഴെയിറങ്ങി, സ്കൈഡൈവ് ദുബായ് കഫേയിൽ വിശ്രമിക്കാം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാരച്യൂട്ടിംഗിനും സ്കൈഡൈവിങ്ങിനും ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായി സ്കൈഡൈവ് ദുബായ് മാറിയിട്ടുണ്ട്. എമിറേറ്റ്‌സ് എയ്‌റോസ്‌പോർട്‌സ് ഫെഡറേഷന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സ്കൈഡൈവ് ദുബായ് പ്രവര്‍ത്തിക്കുന്നത്.

പാം ജുമൈറയില്‍ മാത്രമല്ല, ദുബായ് മരുഭൂമിയ്ക്ക് മുകളിലും സ്കൈഡൈവ് ഒരുക്കുന്നുണ്ട്‌ ഇവര്‍. ഇത് പാം ജുമൈറയേക്കാള്‍ ചിലവ് കുറച്ചു കുറവാണ്. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവര്‍ക്ക് മാത്രമേ സ്കൈഡൈവ് ചെയ്യാനാവൂ. പുരുഷന്മാര്‍ക്ക് പരമാവധി 100 കിലോയും സ്ത്രീകള്‍ക്ക് പരമാവധി 90 കിലോയും ഭാരമേ പാടുള്ളൂ എന്നും നിബന്ധനയുണ്ട്. വസ്ത്രങ്ങളും ഷൂസും ഉള്‍പ്പെടെയാണ് ഭാരം കണക്കാക്കുന്നത്.

English Summary: Ahaana Krishna Sky Diving For Second Time In Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS