ADVERTISEMENT

വിയറ്റ്നാം, കണ്ടാലും കണ്ടാലും മതിവരാത്തത്രയും കാഴ്ചകളുമായി അദ്ഭുതപ്പെടുത്തുന്ന നാട്. വലിയ നഗരങ്ങളും ഗോത്ര ഗ്രാമങ്ങളും മനോഹരമായ പ്രകൃതിയും വ്യത്യസ്ത സംസ്കാരങ്ങളും വാസ്തു വിദ്യാ നിർമിതികളും തുടങ്ങി വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളുടെ വാതായനങ്ങളാണ് സന്ദർശകർക്കായി ആ രാജ്യം തുറന്നിടുന്നത്. 

കുറഞ്ഞ ചെലവിൽ യാത്ര പോകാൻ പറ്റിയ ഇടമാണ് വിയറ്റ്നാം. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ താമസവും ഭക്ഷണവും ഉൾപ്പടെ ചെലവ് കുറച്ച് യാത്രപോകാൻ വിയറ്റനാം മികച്ചയിടമാണ്. വലിയ മുതൽമുടക്കില്ലാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന രാജ്യമാണ് വിയറ്റ്നാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിയറ്റ്‌നാമിന്റെ തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്നും മാറി തിരക്കില്ലാത്തതും എന്നാല്‍ അതിമനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര നടത്താം. 

ഇതിൽ തന്നെ എടുത്തു പറയേണ്ടതും ലോകപ്രസിദ്ധിയാർജിച്ചതുമായ ഒന്നാണ് ഇവിടുത്തെ പഗോഡകൾ. പ്രാർത്ഥനകൾ, ആഘോഷങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് വിയറ്റ്നാം ജനത  ഈ ആരാധനാലയങ്ങൾ  സന്ദർശിക്കുന്നത്. ചൈനയിലെ പഗോഡകളെ അപേക്ഷിച്ച് ചെറുതും ടൈൽ, ഇഷ്ടിക, തടി എന്നിവയാൽ നിർമിതവുമാണ് ഇവിടുത്തെ പഗോഡകൾ. തടാകങ്ങൾ, നദികൾ, കുളങ്ങൾ എന്നിവയോടു ചേർന്നാണ് ഇവയുടെ സ്ഥാനം. വിയറ്റ്നാമിൽ കാണുന്ന ധാരാളം പഗോഡകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നാണ് ഒറ്റ സ്തംഭ പഗോഡ. 

ഒറ്റ സ്തംഭ പഗോഡ

ഏഷ്യയിലെ അതിവിശിഷ്ടമായ പഗോഡ എന്നറിയപ്പെടുന്ന ഈ നിർമിതി അക്കാലത്തെ വാസ്‌തുവിദ്യാചാതുര്യത്തിനു മാറ്റുകൂട്ടുന്ന ഒന്നാണ്. വിയറ്റ്നാമിന്റെ ദേശീയ പുഷ്പമായ താമരയോടു സാദൃശ്യം തോന്നുന്ന രീതിയിലാണ് ഈ ആരാധനാലയത്തിന്റെ നിർമാണം. തടാക നടുവിൽ, ഒരു സ്തംഭത്തിനു മുകളിലായി, സമചതുരാകൃതിയിലാണിത് നിലകൊള്ളുന്നത്. മറ്റെല്ലാ പഗോഡകളെയും പോലെ പ്രഭാതങ്ങളിൽ തന്നെയാണ് ഈ പ്രാർത്ഥനാലയം സന്ദർശിക്കുന്നതിനു ഉചിതമായ സമയം. എന്നിരിക്കിലും ഇവിടം സന്ദർശിക്കുന്നതിന് മുൻപ് ഇവിടുത്തെ സമയക്രമങ്ങളെ കുറിച്ച് മനസിലാക്കിയിരിക്കേണ്ടതാണ്. പത്താം നൂറ്റാണ്ടിൽ നിർമിച്ചതെന്നു കരുതപ്പെടുന്ന പഗോഡ സ്ഥിതി ചെയ്യുന്നത് ഹോ ചി മിൻ സ്മൃതി മണ്ഡപത്തിനുള്ളിലായാണ്. ദശലക്ഷക്കണക്കിനു സന്ദർശകരാണ് ഓരോ വർഷവും ഇവിടെ സന്ദർശനത്തിനായി എത്തുന്നത്.

one-pillar-pagoda1
Hanoi, Vietnam,CharlieTong/Istock

1049 ലാണ് പഗോഡ നിർമിച്ചിരിക്കുന്നത്. ഒറ്റക്കല്ലിലുള്ളതാണ് തൂണ്. പഗോഡയുടെ ചുവരുകളെല്ലാം തന്നെ തടിയിലാണ്. ബുദ്ധമത പ്രകാരം വിശുദ്ധിയെ സൂചിപ്പിക്കുന്ന പുഷ്പമാണ് താമര, അതുകൊണ്ടുതന്നെ താമരയോട് സാദൃശ്യം തോന്നുന്ന തരത്തിലാണ് രൂപകൽപന. 1954 ൽ നശിപ്പിക്കപ്പെട്ട പഗോഡ, 1955 ൽ സാംസ്‌കാരിക മന്ത്രാലയം പുനർനിർമിച്ചു. വിയറ്റ്നാമിലെ മറ്റുള്ള പഗോഡകളെ അപേക്ഷിച്ചു ഏറെ വ്യത്യസ്തമായ ഈ പഗോഡയിൽ കാണപ്പെടുന്ന ഇരു വളയങ്ങൾ യിൻ, യാങ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. യിൻ സൂചിപ്പിക്കുന്നത് ഭൂമി, സ്ത്രീ, നിഷ്ക്രിയത്വം, ഇരുട്ട്, സ്വീകരണ സന്നദ്ധത എന്നിവയെയും യാങ് സൂചിപ്പിക്കുന്നത് സ്വർഗം, പുരുഷൻ, സജീവത്വം, പ്രകാശം, പ്രത്യുത്പാദനശക്തി എന്നിവയെയുമാണ്. 

1.25 മീറ്റർ വ്യാസവും 4 മീറ്റർ ഉയരവുമുണ്ട് തൂണിന്. രണ്ടു ബ്ലോക്കുകളായുള്ള കൽത്തൂൺ, വളരെ വൈദഗ്ധ്യത്തോടെ നിർമിച്ചിരിക്കുന്നതു കൊണ്ടുതന്നെ ആദ്യകാഴ്ചയിൽ ഒന്നാണെന്നേ തോന്നുകയുള്ളൂ. താമര ദളങ്ങൾ പോലെ, തൂണിന്റെ മുകൾ ഭാഗത്ത് 8 തടി ദളങ്ങൾ സ്ഥാപിച്ചിട്ടുണ്ട് പഗോഡയുടെ  മുകൾ ഭാഗത്തു ഡ്രാഗണുകളെയും കാണാം. വലുപ്പത്തിൽ ചെറുതെങ്കിലും രാജ്യത്തെ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഈ  ആരാധനാലയം.

കുളത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പഗോഡയുടെ ചുറ്റിലുമായി ചെറുമതിലുണ്ട്. വിയറ്റ്നാമിലെ ബുദ്ധമതത്തിന്റെയും അവിടുത്തെ ജനതയുടെയും അഭിമാനത്തിന്റെ പ്രതീകമാണ് ഒറ്റ തൂണിൽ നിലകൊള്ളുന്ന പഗോഡ. വിയറ്റ്നാമിലെ ഹോ ചി മിൻ ശവകുടീരം, ഹോ ചി മിൻ മ്യൂസിയം എന്നിവയ്‌ക്കൊപ്പം തന്നെ അവരുടെ സാംസ്‌കാരിക ചരിത്രത്തെ രേഖപ്പെടുത്തുന്ന ഒന്നാണ് ഹാനോയിൽ സ്ഥിതി ചെയ്യുന്ന ഒറ്റ സ്തംഭ പഗോഡ. വർഷാവർഷം ധാരാളം സഞ്ചാരികളാണ് ഈ വിസ്മയം കാണുവാനായി ഇവിടെയെത്തുന്നത്. 

ഒരിക്കലും അവസാനിക്കാത്ത സന്തോഷവും ഭാഗ്യവും

ഈ പഗോഡയുടെ യഥാർത്ഥ പേര് ഡീൻ ഹു തു എന്നാണ്, ഒരിക്കലും അവസാനിക്കാത്ത സന്തോഷവും ഭാഗ്യവും എന്നാണ് ഈ പേര് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ആരാധനാലയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ലൈ താങ്ങ് തോങ് എന്ന രാജാവിന് കുട്ടികളുണ്ടായിരുന്നില്ല. അതിൽ വിഷണനായിരുന്നു രാജാവിന്റെ സ്വപ്നത്തിലൊരിക്കൽ കരുണയുടെ ദേവത എന്നറിയപ്പെടുന്ന ക്വാൻ ആം പ്രത്യക്ഷപ്പെട്ടു. താമര പുഷ്പത്തിന്റെ മുകളിൽ ഒരു കുഞ്ഞിനേയും കയ്യിലെടുത്തിരിക്കുന്ന രൂപത്തിലാണ് ദേവിയെ രാജാവ് കണ്ടത്. വൈകാതെ രാജാവ് വേറൊരു വിവാഹം കഴിക്കുകയും അതിൽ രാജാവിന് ഒരു പുത്രൻ ജനിക്കുകയും ചെയ്തു. ആഹ്ളാദവാനായ രാജാവ്, തന്റെ കൃതജ്ഞത രേഖപ്പെടുത്തുവാനായി താൻ സ്വപ്നത്തിൽ കണ്ടതുപോലെ ഒരു ക്ഷേത്രം നിർമിച്ചു. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ പഗോഡ പലതവണ  നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. 

അക്കാലത്തു രാജാവിന്റെ നിർദ്ദേശപ്രകാരം വർഷാവർഷം ഒരു ദിനത്തിൽ ആഘോഷപൂർവം ബുദ്ധ സ്നാനം നടത്തിയിരുന്നു. ധാരാളം സന്യാസിമാരും ജനങ്ങളും പങ്കെടുക്കുമായിരുന്ന ഒരു ചടങ്ങായിരുന്നുവത്. 1105 ലാണ് ആദ്യമായി പഗോഡ നവീകരിക്കുന്നത്. ആ നവീകരണത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ ഒരു വലിയ മണിയും സ്ഥാപിക്കുകയുണ്ടായി. എന്നാൽ മണിയുടെ ഭാരവും വലുപ്പവും മൂലം അത് പിന്നീട് ക്ഷേത്രത്തിൽ നിന്നും എടുത്തു മാറ്റേണ്ടി വന്നു. 1954 ൽ ഫ്രഞ്ച് സൈന്യത്തിന്റെ ആക്രമണത്തിൽ പഗോഡ പൂർണമായും തകർക്കപ്പെടുകയുണ്ടായി. രാജ്യത്തിൻറെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ ക്ഷേത്രം പിന്നീട് പുനർനിർമിച്ചു. ഇന്ന് ഹാനോയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ പഗോഡകളിൽ ഒന്നാണിത്. മറ്റെങ്ങും കാണാൻ കഴിയാത്ത ഘടനയും ഹൃദയത്തെ തൊടുന്ന ചരിത്രവും ഊഷ്‌മളമായ സംസ്കാരവും പറയാനുള്ള ഒറ്റത്തൂണിലെ പഗോഡ, ഹാനോയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ്. 

യാത്രയില്‍ ശ്രദ്ധിക്കാം

പഗോഡ സന്ദർശിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രധാരണ രീതി. കാലുകൾ, ചുമലുകൾ, നെഞ്ച് എന്നിവ മറയത്തക്ക രീതിയിലാണ് വസ്ത്രം ധരിക്കേണ്ടത്. സ്കാർഫ് കൂടി കൈയിൽ കരുതിയാൽ നല്ലത്. വളരെ സ്നേഹത്തോടെ ഇടപഴകുന്നവരും അതിഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരുമാണ് വിയറ്റ്നാമിലെ ജനത. പഗോഡ സന്ദർശിക്കുന്നതിനു പ്രവേശന ഫീസ് ഒന്നും തന്നെയില്ല. കാലത്തു 8 മണി മുതൽ 11.30 വരെ എല്ലാ ദിവസവും സന്ദർശകരെ അനുവദിക്കുന്നതാണ്. മാത്രമല്ല,ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 2 മണി മുതൽ  4 വരെയും പഗോഡ സന്ദർശിക്കാവുന്നതാണ്. 

English Summary: One Pillar Pagoda: A Mini Guide To Experience Absolute Calmness In Hanoi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com