ADVERTISEMENT

ലോകത്തിലെ മനോഹരമായ നഗരങ്ങളുടെയും മറ്റും ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലും സോഷ്യല്‍മീഡിയയിലുമെല്ലാം കാണുമ്പോള്‍, ഒരിക്കലെങ്കിലും അവിടെയൊന്ന് പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാത്തവര്‍ കുറവായിരിക്കും. അങ്ങനെയുള്ള ഇടങ്ങളില്‍ താമസിക്കാന്‍ ആയിരുന്നെങ്കില്‍ എന്നു ചിന്തിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. മുന്നില്‍ ഉള്ള പ്രധാനപ്രശ്നം എപ്പോഴും ചെലവ് തന്നെയായിരിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ ഒട്ടേറെ ഇടങ്ങള്‍ കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാനാവില്ല, അവിടെ പോയി ജീവിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട!

ലോകത്തില്‍ ജീവിക്കാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചെലവുള്ള ഇടം ഏതെന്നറിയാമോ? യുഎസിലെ ന്യൂയോർക്ക് സ്റ്റേറ്റിലെ നഗരമായ ന്യൂയോർക്കും സിംഗപ്പൂരും ആണ് ഇക്കുറി ചെലവിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എല്ലാ വർഷവും സന്ദർശിക്കുന്ന നഗരങ്ങളാണ് ഇവ രണ്ടും.

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്‍റെ വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിങ് റിപ്പോർട്ട് ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. റഷ്യ- യുക്രെയ്ന്‍ യുദ്ധവും കോവിഡ്-19 മഹാമാരിയും കാരണം, 2022 ൽ ശരാശരി ജീവിതച്ചെലവ് 8.1 ശതമാനം ഉയർന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

expensive-city
Ultima_Gaina/Istock

സർവേ നടത്തിയ 172 നഗരങ്ങളിലെ ശരാശരി വിലക്കയറ്റം ഈ വർഷത്തെ സൂചികയിൽ വ്യക്തമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തെ കണക്കെടുത്തു നോക്കുമ്പോള്‍ ഇക്കുറി ഉണ്ടായിരിക്കുന്നത് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം ആണെന്ന് കാണാന്‍ കഴിയും. നഗരങ്ങളിലെ പെട്രോൾ വിലയിലെ വർദ്ധനവ് പ്രത്യേകിച്ചും എടുത്തുപറയേണ്ടതാണ്. നഗരവാസികളെ സംബന്ധിച്ചിടത്തോളം, ഭക്ഷണം, യൂട്ടിലിറ്റികൾ, വീട്ടുപകരണങ്ങൾ എന്നിവയും വളരെ, ചെലവേറിയതായി മാറി.

യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്, 'ദി ബിഗ് ആപ്പിൾ ' എന്നും അറിയപ്പെടുന്ന ന്യൂയോര്‍ക്ക്. വര്‍ഷംതോറും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന്‌ വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു. സിംഗപ്പൂരാവട്ടെ, ഈ വർഷം മാത്രമല്ല, പൊതുവെ ജീവിക്കാൻ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിലൊന്നാണ്. ‘റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ’ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സിംഗപ്പൂരിന്, ഇംഗ്ലീഷ്, മലായ്, മന്ദാരിൻ, തമിഴ് എന്നിങ്ങനെ നാല് ഔദ്യോഗിക ഭാഷകളുണ്ട്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്.

expensive-city1
AndreyKrav/Istock

മൂന്നാം സ്ഥാനത്ത് ഇസ്രായേലി മെഡിറ്ററേനിയൻ തീരനഗരമായ ടെൽ അവീവ് ആണ്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ നഗരമാണിത്. സാംസ്കാരികത്തനിമയ്ക്ക് പേരുകേട്ട നഗരത്തിലെ രാത്രിജീവിതം വളരെയധികം ഊര്‍ജ്ജസ്വലവും വര്‍ണാഭവുമാണ്.

ഹോങ്കോങ്ങും ലോസ് ആഞ്ചലസുമാണ് ഈ പട്ടികയിൽ അടുത്തത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയനാണ് ഹോങ്കോങ്. യുഎസിലെ കാലിഫോർണിയയിലുള്ള നഗരമായ ലൊസാഞ്ചലസ്, ഹോളിവുഡിന് പ്രശസ്തമാണ്. സ്വിറ്റ്സർലൻഡിലെ സൂറിച്ച് ഈ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ബാങ്കിംഗിനും ധനകാര്യത്തിനുമുള്ള ആഗോള കേന്ദ്രങ്ങളില്‍ ഒന്നായ സൂറിച്ച് നഗരം മ്യൂസിയങ്ങൾക്കും ആർട്ട് ഗാലറികൾക്കും പേരുകേട്ടതാണ്. മറ്റൊരു സ്വിസ് നഗരമായ ജനീവയാണ് സൂറിച്ചിന് തൊട്ടുതാഴെ ഏഴാംസ്ഥാനത്തുള്ളത്. സ്വിറ്റ്സർലൻഡിന്‍റെ ജർമ്മൻ സംസാരിക്കുന്ന ഭാഗമാണ് സൂറിച്ച്, സൂറിച്ചിന് ശേഷം ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ജനീവയാകട്ടെ, ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശമാണ്.

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ എട്ടാം സ്ഥാനത്താണ്. പ്രശസ്തമായ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഇത്, ലോകത്തിലെ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള പാലങ്ങളിൽ ഒന്നുകൂടിയാണ്. നിരവധി ബോളിവുഡ് സിനിമകളിൽ ഇടം നേടിയ നഗരം,  മനോഹരമായ വാസ്തുവിദ്യയ്ക്കും കുത്തനെയുള്ള ഉയർന്ന റോഡുകൾക്കും പേരുകേട്ടതാണ്.

ഫ്രാൻസിലെ പാരീസ്, കോപ്പൻഹേഗൻ, ഡെന്മാർക്ക് എന്നിവയാണ് അടുത്ത മൂന്നു സ്ഥാനങ്ങളില്‍. ഇവയും ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

English Summary: The most expensive city in the world to live in is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com