ADVERTISEMENT

അറബ് രാജ്യങ്ങളെന്നു കേള്‍ക്കുമ്പോള്‍ ചൂടേറിയ മരുഭൂമികളും കോണ്‍ക്രീറ്റ് സൗധങ്ങളുമെല്ലാമാണ് ഓര്‍മ്മയില്‍ വരുന്നത്, അല്ലേ? എന്നാലിനി ആ ചിത്രം മാറ്റിവരയ്ക്കാന്‍ സമയമായി. ഒമാന്‍ എന്നു കേള്‍ക്കുമ്പോള്‍ അടിവയറ്റില്‍ ഒരു മഞ്ഞു കോരിയിട്ട പോലെയൊരു അനുഭവമായിരിക്കും!

 

snow-man-oman-2
Snow Man, Image Source: Mall Of Oman

മഞ്ഞുകാലത്തിന്‍റെ അനുഭവം നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് സുരക്ഷിതമായി ആസ്വദിക്കാന്‍, ഒമാനില്‍ ഇന്‍ഡോര്‍ സ്നോ ഡെസ്റ്റിനേഷനായ ‘സ്നോ മാൻ’ തുറന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ ഷോപ്പിംഗ് മാൾ, കമ്മ്യൂണിറ്റി, റീട്ടെയ്‌ൽ, ലഷർ രംഗങ്ങളിലെ ഭീമന്മാരായ മാജിദ് അൽ ഫുത്തൈമാണ് പാര്‍ക്ക് നിർമിച്ചത്. ഇതിനുള്ളില്‍ 14,830 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 'ഡെസേർട്ട് ബ്ലിസാർഡ്' തീമില്‍ ഒരുക്കിയ കാഴ്ചകള്‍ ആസ്വദിക്കാം. 

 

മെന മേഖലയിലുള്ള മാൾ ഓഫ് ഒമാന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ ഒമാന്‍റെ നഗരദൃശ്യങ്ങളും മണൽക്കൂനകളുമെല്ലാം മഞ്ഞില്‍പ്പൊതിഞ്ഞ രീതിയില്‍ പുനര്‍നിർമിച്ചിരിക്കുന്നു. മൈനസ് 4 ഡിഗ്രിയാണ് ഇതിനുള്ളിലെ താപനില.

snow-man-oman-1
Snow Man, Image Source: Mall Of Oman

 

മൗണ്ടൻ ത്രില്ലർ, റോളർ ഗ്ലൈഡർ സ്‌നോ ബുള്ളറ്റ്, സ്ലൈഡ് വിൻഡർ, ക്ലൗഡ് ക്ലൈംബർ, സോർബ് ബോൾ തുടങ്ങിയ കുടുംബ സൗഹൃദ സവാരികളും കോൾഡ് ടൗൺ മസ്‌കറ്റ്, ഫ്രോസൺ ഷിപ്പ് റെക്ക് ആൻഡ് ലൈറ്റ് ഹൗസ്, സ്‌നോ മെയ്‌സ്, സ്‌നോ മെയ്‌സ് തുടങ്ങിയ സവിശേഷ ആകർഷണങ്ങളുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. 475 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഐസ് റിങ്ക് ആണ് മറ്റൊരു കാഴ്ച.

 

മാത്രമല്ല, സ്കൈ ദുബായ്, സ്കീ ഈജിപ്ത് എന്നിവിടങ്ങളിലേതു പോലെ കിംഗ്, ജെന്റൂ പെൻഗ്വിനുകളെ സംരക്ഷിക്കുന്ന ഒരു പെൻഗ്വിനേറിയവും ഇവിടുത്തെ കാഴ്ചകളില്‍പ്പെടുന്നു. 

 

2005-ൽ, മാൾ ഓഫ് എമിറേറ്റ്‌സിലെ സ്കീ ദുബൈയിൽ, മജിദ് അൽ ഫുത്തൈം നിർമിച്ച ഇൻഡോർ സ്‌കീ റിസോർട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർച്ചയായി ഏഴു വർഷമായി പ്രശസ്‌തമായ വേൾഡ് സ്‌കൈ അവാർഡ് നേടി, ലോകത്തിലെ ഏറ്റവും മികച്ച ഇൻഡോർ സ്‌കീ റിസോർട്ടായി മാറി. 2017- ൽ, മാൾ ഓഫ് ഈജിപ്തിൽ സ്കീ ഈജിപ്ത് തുറന്നപ്പോള്‍, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം എന്ന രീതിയിലും അത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

സ്നോ പാര്‍ക്ക്‌ സന്ദര്‍ശിക്കാന്‍ ടിക്കറ്റ് എടുക്കണം. വെബ്സൈറ്റില്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അതാതു വിനോദങ്ങള്‍ക്കാവശ്യമായ വസ്ത്രങ്ങളുടെ വാടകയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. 3 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 4-14 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് മുതിർന്നവരുടെ മേൽനോട്ടം ആവശ്യമാണ്.

 

English Summary: Oman set to welcome MENA’s largest indoor snow park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com