ADVERTISEMENT

യാത്രകളില്ലാതായതോടെ കോവിഡ്‌കാലം ഒരുപാട് അസ്വാസ്ഥ്യങ്ങളുണ്ടാക്കിത്തുടങ്ങിയിരുന്നു. ഇരുണ്ട ഒരു മുറിയില്‍ തനിച്ചിരിക്കുന്ന പോലെ അശാന്തി നിറഞ്ഞ ദിനങ്ങള്‍. പുല്‍മേടുകളിലൂടെ, മഞ്ഞണിഞ്ഞ മലനിരകളിലൂടെ നടന്നു പോകുന്നത് സ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്ന  രാവുകള്‍. നഗരങ്ങളുടെ ഗന്ധങ്ങള്‍, ശബ്ദങ്ങള്‍ അലട്ടുന്ന ദിനാന്ത്യങ്ങള്‍. ഈ കാലം ഒരിക്കലും അവസാനിക്കില്ലേ എന്നു ഭയപ്പെടുത്തിയ രാത്രികള്‍. നൈരന്തര്യത്തിന്റെ ചെറിയ ഒരു ചതുരത്തിലേക്ക്, ഒരേ പതിവുകളിലേക്കു വലിച്ചെറിയപ്പെട്ട മഹാമാരിക്കാലം. അപരിചിത നഗരങ്ങളിലെ റോഡുകളിലൂടെ രാവിലെ നടക്കുമ്പോള്‍ മൂക്കില്‍ വന്നു തൊടുന്ന അഴുകിയ പച്ചക്കറികളുടെ, ഹോട്ടലുകളുടെ പാര്‍ക്കിങ് ഏരിയയുടെ, അണ്ടര്‍ഗ്രൗണ്ട് സ്‌റ്റോറേജില്‍ കൂടിക്കിടക്കുന്ന ഉരുളക്കിളങ്ങിന്റെ, സവാളയുടെ ഗന്ധങ്ങള്‍ പോലും ഒന്നു തിരിച്ചുവന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയിട്ടുണ്ട്. കോവിഡ് ഒന്നു പിന്‍വലിഞ്ഞ സമയത്താണ് നേപ്പാളിലേക്ക് പോകാനുള്ള അവസരമുണ്ടായത്. എന്നും പ്രലോഭിപ്പിച്ചിരുന്ന നാടാണ്. അന്നപൂര്‍ണ്ണയും ഹിമാലയവും തിബറ്റന്‍ ഗോംപകളും കുട്ടിക്കാലത്തു കണ്ടു പരിചയിച്ച കുക്രി ധരിച്ച ഗൂര്‍ഖകളും ഷെര്‍പ്പകളും ജീവിക്കുന്ന, എവറസ്റ്റിന്റെ നാട്. സര്‍വ്വോപരി ബുദ്ധന്‍ ജനിച്ച നാട്. ലുംബിനി-അതായിരുന്നു യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണം... എത്തിപ്പെടണം എന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇടങ്ങളുണ്ട്. വേണ്ട എന്നു വിചാരിച്ചാലും  അവിടേക്ക് നാം എത്തിച്ചേരുക തന്നെ ചെയ്യും. ബുദ്ധന്‍ വിളിച്ചുകാണണം. എന്തായാലും എട്ടു പത്തു ദിവസത്തേക്ക് ബാഗ് പായ്ക്ക് ചെയ്യുന്ന എന്നെക്കണ്ട് എനിക്കുതന്നെ വിസ്മയം തോന്നി. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഒരു ദീര്‍ഘയാത്ര. മാസ്‌കും സാനിറ്റൈസറുമായി എത്രത്തോളം സൗകര്യപ്രദമാവും എന്നറിയില്ല. സമാധാനമായി ശ്വസിക്കാന്‍, അപരിചിതരുമായി ഇടപഴകാന്‍, പൊതുടോയ്‌ലറ്റ് ഉപയോഗിക്കാന്‍ ഒക്കെ ബുദ്ധിമുട്ടാവുമോ എന്ന ആധി ഉണ്ടായിരുന്നു. പക്ഷേ അതിനേക്കാളുപരിയായിരുന്നു യാത്ര ചെയ്തില്ലെങ്കില്‍ മാനസിക നില തെറ്റുമെന്ന ഭയം. മേയ് 17ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിക്ക്. കൊച്ചി -ബെംഗളുരു -ലക്‌നൗ... ലക്‌നൗവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കാഠ്മണ്ഡു... ഇങ്ങനെയാണ് യാത്രാപദ്ധതി. കാഠ്മണ്ഡുവിലേക്ക് ഫ്ലൈറ്റ് കുറവാണ്. അതിനാണെങ്കില്‍ നല്ല റേറ്റും. ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം ട്രെയിനില്‍ ഗോരഖ്പൂര്‍ ചെന്ന്  ബസില്‍ കാഠ്മണ്ഡുവിലേക്കു പോകുന്നതാണ്. പക്ഷേ കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com