ADVERTISEMENT

ദൂരെ ഒരിടത്തേക്കു യാത്രപോവുക. അവിടെ കുറച്ചു ദിവസം താമസിച്ച് ആ നാടിനെ അടുത്തറിയുക, അറിയാത്ത വഴികളിലൂടെ നടക്കുക, പുതിയ മനുഷ്യരെ പരിചയപ്പെടുക, തനത് ഭക്ഷണം ആസ്വദിക്കുക. ഏതൊരു യാത്രാമോഹിയുടെയും ആഗ്രഹങ്ങളാണിത്. ഇത്തരം ശാന്തസുന്ദര യാത്രകളോടാണ് നടിയും ചിത്രകാരിയും നരവംശശാസ്ത്രജ്ഞയുമായ ശാന്തി ബാലചന്ദ്രന് പ്രിയം. തരംഗം എന്ന സിനിമയിലൂടെ നായികയായെത്തി ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ആഹാ, ചതുരം, ജിന്ന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി. 14 വിദേശ രാജ്യങ്ങളില്‍ പോയിട്ടുള്ള ശാന്തി തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു മനോരമ ഓണ്‍ലൈനുമായി.

നാടകത്തിലൂടെ സിനിമയിലേക്ക്...

ചിത്രം വരയ്ക്കും, എഴുതും, അഭിനയിക്കും, പഠിത്തത്തില്‍ മിടുമിടുക്കി. ചെറുപ്പം മുതലേ കലയുമായി ഏറെ അടുപ്പമുണ്ട് ശാന്തിക്ക്. സ്‌കൂളില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഭാവിയില്‍ അതു കരിയറാവുമെന്ന് ഒരിക്കലും ശാന്തി ചിന്തിച്ചിട്ടില്ല. യുകെയിലായിരുന്നു ശാന്തിയുടെ ഉപരിപഠനം. ഓക്‌സ്‌ഫഡില്‍ പഠിക്കുന്ന സമയത്ത് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് എറണാകുളത്ത് ഒരു നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ദ് ലവര്‍ എന്ന ആ നാടകമാണ് സിനിമയിലേക്കു വഴി തുറന്നത്.

santhy-balachandran2
Image Source: Santhy Balachandran

 

പിന്നീട് നിരവധി അവസരങ്ങള്‍ തേടിയെത്തിയതോടെ അഭിനയത്തെ ഗൗരവമായി കാണാന്‍ തുടങ്ങി. ഒരു കഥാപാത്രം ചെയ്യുക എന്നതിനപ്പുറം ആളുകളുമായി സംവദിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും യാത്ര ചെയ്യാനുമൊക്കെയുള്ള അവസരങ്ങള്‍ കൂടിയാണ് ശാന്തിക്ക് സിനിമ.

14 രാജ്യവും കടന്ന്...

santhi1
Image Source: Santhy Balachandran

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശാന്തി. എന്നാല്‍ തിരക്കേറി ജീവിതത്തിനിടയിലെ ‘ദാ പോയി... ദേ വന്നു’ എന്നതരം യാത്രകളോട് തീരെ താൽപര്യമില്ല. യാത്രപോയാല്‍ അവിടെ കുറച്ചേറെ ദിവസം താമസിക്കണം. ആ നാടിനെ അടുത്തറിയണം. അവിടെ മൊത്തം ചുറ്റി സംസ്‌കാരവും ജീവിതരീതിയും അറിയണം. അറിയാത്ത വഴികളിലൂടെ വെറുതെ നടക്കണം. തനത് ഭക്ഷണത്തിന്റെ രുചി അറിയണം. ആ നാട്ടിലെ നാട്ടുകാരോട് മിണ്ടണം. ഇങ്ങനെയാണ് ശാന്തിയുടെ ഓരോ യാത്രയും.

പോകുന്നിടം മതിയാവോളം ആസ്വദിക്കാന്‍ വേണ്ട സമയവും കയ്യില്‍പിടിച്ചേ ശാന്തി യാത്രപോവാറുളളു. അതുകൊണ്ടുതന്നെ യാത്ര പോയ എല്ലാ ഇടങ്ങളും ശാന്തിയ്ക്ക് എന്നെന്നും പ്രിയപ്പെട്ടവയാണ്. ഈജിപ്ത്, ഫ്രാന്‍സ്, കോസ്റ്ററിക്ക, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, മാസിഡോണിയ, ഫിന്‍ലൻഡ്, കാനഡ, അമേരിക്ക, യുകെ,  ജര്‍മനി, പാക്കിസ്ഥാന്‍, യുഎഇ, ബെല്‍ജിയം എന്നിങ്ങനെ പതിനാലു രാജ്യങ്ങളില്‍ പോയിട്ടുണ്ട്. ഇതില്‍ പഠനത്തിന്റെ ഭാഗമായള യാത്രകളും ചിത്രപ്രദര്‍ശനത്തിനുവേണ്ടിയുളള യാത്രകളും സോളോ യാത്രകളുമെല്ലാമുണ്ട്. പോയ ഇടങ്ങളില്‍ വീണ്ടും വീണ്ടും പോവുന്നതും ഒരുപാടിഷ്ടമെന്ന് പറയുന്നു ശാന്തി.

കഥപറയും യാത്രകള്‍...

ഓരോ യാത്രയ്ക്കും ഓരോ കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് ശാന്തി യാത്രക്കഥകള്‍ ആരംഭിക്കുന്നത്. യാത്ര പോയ രാജ്യങ്ങളുടെ കൂട്ടത്തില്‍ പാക്കിസ്ഥാനുമുണ്ട്. അത്രയെളുപ്പം ഇന്ത്യക്കാര്‍ക്കു പോവാനാവാത്ത പാക്കിസ്ഥാനിലേക്ക്, യുകെയില്‍ പഠിക്കുന്ന കാലത്ത് ഒരു സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായാണ് ശാന്തി പോയത്. ആ യാത്ര ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് ഓര്‍ത്തെടുക്കുന്നു ശാന്തി. പാക്കിസ്ഥാനെ കുറിച്ചും അവിടത്തെ ആളുകളെകുറിച്ചും കേട്ടും വായിച്ചും സിനിമകളിലും അറിഞ്ഞ കഥകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആ നാടും നാട്ടുകാരും.

santhi2
Image Source: Santhy Balachandran

ഇന്ത്യക്കാരെന്നു പറയുമ്പോള്‍ പ്രത്യേക സ്‌നേഹവും അടുപ്പവുമാണ് പാക്കിസ്ഥാനികള്‍ക്ക്. ചില കടകളില്‍ പോയപ്പോള്‍ ഇന്ത്യക്കാരിയായതുകൊണ്ടുമാത്രം ഡിസ്‌കൗണ്ട് പോലും കിട്ടിയെന്നും ശാന്തി. ലഹോറിലേക്കായിരുന്നു പോയത്. ഡല്‍ഹി പോലെയുളള ഒരു പട്ടണമാണ് ലാഹോര്‍. നല്ല ഭക്ഷണശാലകളുണ്ട്. എന്നാല്‍ അതിലേറെ അവിടത്തെ മിടുമിടുക്കികളായ സ്ത്രീകളും പെണ്‍കുട്ടികളുമാണ് തന്റെ ശ്രദ്ധ ആകര്‍ഷിച്ചതെന്ന് ശാന്തി പറയുന്നു.

santhy-balachandran4
Image Source: Santhy Balachandran

പഠനകാലത്തുതന്നെ യാത്രപോയ സ്ഥലമാണ് ഈജിപ്ത്. ആദ്യ വിനോദയാത്രയായിരുന്നു അത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ആ യാത്ര. അതിനുശേഷം നടത്തിയ സോളോ യാത്രയായിരുന്നു കോസ്റ്ററിക്കയിലേയ്ക്ക്. സ്വന്തമായി പ്ലാന്‍ ചെയ്ത്, താമസവും മറ്റ് കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്ത ആദ്യ യാത്ര. ഈ രണ്ടു യാത്രകളുമാണ് ഒരു യാത്രികയെന്ന നിലയില്‍ തന്നെ വളരാന്‍ സഹായിച്ചതെന്നാണ് ശാന്തി പറയുന്നത്.

മാസിഡോണിയ യാത്ര ഒരു പെയിന്റിങ് എക്‌സിബിഷനു വേണ്ടിയായിരുന്നു. അവിടത്തെ ഒരു പ്രശസ്ത ആര്‍ട് ഫെസ്റ്റിവലിന്റെ ഭാഗമായാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. അതും സോളോ യാത്രയായിരുന്നു. ഹിന്ദി സിനിമയ്ക്ക് ഒരുപാട് ആരാധകരുളള നാടാണ് മാസിഡോണിയ. ടാക്‌സിയില്‍ കയറുമ്പോള്‍ ചില ഡ്രൈവര്‍മാര്‍ ഹിന്ദി പാട്ടുകള്‍ വയ്ക്കും. നാടിന്റെ ഓര്‍മകള്‍ നല്‍കുന്നതായിരുന്നു ആ യാത്ര. അവിടത്തെ മറ്റൊരു പ്രത്യേകത രുചികരമായ ഭക്ഷണമാണ്. തിരികെ വരുമ്പോള്‍ ആ നാടും അവിടത്തെ ഭക്ഷണവും ഒരിക്കല്‍കൂടി ആസ്വദിക്കാനുളള തിരക്കില്‍ ഫ്‌ളൈറ്റ് മിസാവേണ്ടതായിരുന്നു. ഭാഗ്യത്തിന് അവസാന നിമിഷം അവിടെയെത്തിയതുകൊണ്ട് സമയത്തിന് തിരികെയെത്താന്‍ സാധിച്ചു. അവസരം കിട്ടിയാല്‍ ഇനിയും പോകാന്‍ ആഗ്രഹമുള്ളത്രയും ഇഷ്ടം ശാന്തിക്ക് മാസിഡോണിയയോടുണ്ട്.

സോളോ യാത്രകളും ട്രെക്കിങും

മറ്റുളളവര്‍ക്കൊപ്പമുളള യാത്രകള്‍ രസകരമാണെങ്കിലും ഒറ്റയ്ക്കുളള യാത്രകളോടാണ് ശാന്തിക്ക് കൂടുതല്‍ പ്രിയം. സ്വയം കണ്ടെത്തുന്നതു പോലെയാണ് ആ യാത്രകള്‍. ഹിമാചലില്‍ ട്രെക്കിങ് നടത്തിയിട്ടുണ്ട് ശാന്തി. ബാക്ക് പാക്ക് ഒക്കെയായുളള യാത്രയും ടെന്റിലെ താമസവും വേറിട്ട അനുഭവമായിരുന്നു. എന്നാല്‍ റിസ്‌കിയായ ട്രെക്കിങ് ഇതുവരെ നടത്തിയിട്ടില്ല. അതേതായാലും പ്ലാനിലില്ല. ഇനി പോവുകയാണെങ്കില്‍ തന്നെ ഒരു ഗ്രൂപ്പിന്റെ കൂടെ മാത്രമേ അത്തരം യാത്രകള്‍ നടത്തൂവെന്നും ശാന്തി പറയുന്നു. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പ്രത്യേകിച്ചും ട്രക്കിങ് പോലെ റിസ്‌കി യാത്രകളില്‍ ഗൈഡ് ചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതായിരിക്കും നല്ലത്.

ഉപ്പുപരലിലെ സൂര്യവെളിച്ചവും നാഗാലാന്‍ഡും

Santhy-Balachandran
Image Source: Santhy Balachandran

ഗുജറാത്തിലെ റാന്‍ ഓഫ് കച്ച്. വെളള മണല്‍ വിരിച്ച മരുഭൂമി. ചുറ്റും ഉപ്പു പരലുകള്‍ നിറഞ്ഞയിടങ്ങള്‍. അതിലൂടെ ഒരു ജീപ്പില്‍ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു യാത്ര. സമയം ഏതാണ്ട് പാതിരാത്രിയായി കാണും. പെട്ടെന്ന് ജീപ്പിന്റെ ടയറുകള്‍ മണലില്‍ പൂണ്ട് അനക്കമില്ലാതായി. ആരും സഹായത്തിനില്ലാത്ത അവസ്ഥ.

santhy-balachandran3
Image Source: Santhy Balachandran

ആ തണുത്തുറഞ്ഞ, നിലാവുളള രാത്രിയില്‍ കയ്യിലെ ഭക്ഷണവും കഴിച്ച് വെളളവും കുടിച്ച് ഉളള പുതപ്പില്‍ ചുരുണ്ടുമൂടികിടന്നു എല്ലാവരും. അല്‍പം പേടിയോടെയാണ് ആ രാത്രി കഴിച്ചുകൂട്ടിയത്. എന്നാല്‍ നേരം വെളുത്തപ്പോള്‍ കണ്ട കാഴ്ച ഒരു സ്വപ്‌നം പോലെയാണ് തോന്നിയത്. പുലര്‍കാല സൂര്യരശ്മികള്‍ വീണ് തിളങ്ങുന്ന വെളളമണലും പ്രകാശം പ്രതിഫലിക്കുന്ന ഉപ്പുപരലുകളും കൂടിച്ചേര്‍ന്ന് അതിമനോഹരമായ കാഴ്ച. അന്ന് വണ്ടി അവിടെ കുടുങ്ങിയുല്ലായിരുന്നെങ്കില്‍ നഷ്ടമാവുക ആ അപൂര്‍വ കാഴ്ച കാണാനുളള അവസരമായിരുന്നുവെന്നും ശാന്തി പറയുന്നു.

santhy-balachandran1
Image Source: Santhy Balachandran

ചെറുപ്പത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിൽ ഒരുപാടിടങ്ങളില്‍ യാത്ര പോയിട്ടുണ്ട് ശാന്തി. ഡാര്‍ജിലിങ്, ഒഡിഷയൊക്കെ അങ്ങനെപോയ സ്ഥലങ്ങളാണ്. ജോലിയും തിരക്കും കൂടിയതോടെ അത്തരംയാത്രകള്‍ കുറഞ്ഞു. പിന്നീട് ഒറ്റയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായി യാത്രകള്‍. നാഗാലാന്‍ഡില്‍ ശാന്തിക്കു കുറച്ച് കൂട്ടുകാരുണ്ട്. അവരെ കാണാനായി അടുത്തിടെ പോയിരുന്നു. ഒരു മാസത്തോളം അവിടെ നിന്ന് നാഗാലാൻഡ് ഒരുവിധം ചുറ്റിക്കറങ്ങിയാണ് തിരികെ എത്തിയത്.

കേരളത്തില്‍ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ശാന്തിക്കു മറക്കാനാവാത്ത യാത്ര ആലപ്പുഴയിലേക്കുളള യാത്രയാണ്. ആലപ്പുഴയില്‍ കയാക്കിങ് നടത്തിയതും സൂര്യോദയം കണ്ടതും നല്ല പുട്ടും കടലയും കഴിച്ചതും ആ യാത്രയെ മികച്ച അനുഭവമാക്കി മാറ്റിയെന്ന്് പറയുന്നു ശാന്തി.

നടന്നു നടന്ന്...

യാത്ര പോവാന്‍ സിറ്റിയായാലും പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങളായാലും ഒരുപോലെ ഇഷ്ടമാണ് ശാന്തിക്ക്. വെറുതെ നടക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളോടാണ് കൂടുതലിഷ്ടം. പാരിസ്, സ്വിറ്റ്‌സര്‍ലൻഡിലെ ബാസല്‍ സിറ്റി, ഇറ്റലിയിലെ വെനീസ്, ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സിറ്റി ഒക്കെ അങ്ങനെ ചുമ്മാ നടക്കാന്‍ രസമുളള സ്ഥലങ്ങളാണ്. നമുക്ക് വളരെയധികം സുരക്ഷിതത്വവും അടുപ്പവും തോന്നുന്ന സ്ഥലങ്ങള്‍.

ഒരിക്കല്‍ സ്ട്രാസ്ബര്‍ഗ് സിറ്റിയില്‍ പോയപ്പോള്‍ ഒരുപാട് നടന്ന് ക്ഷീണിച്ചു. അപ്പോള്‍ റെയില്‍വേസ്‌റ്റേഷനടുത്തുളള ഒരു പാര്‍ക്കില്‍ അല്‍പനേരം വിശ്രമിക്കാനിരുന്നു. വളരെ മനോഹരമായ, വൃത്തിയുളള ശാന്തമായ അന്തരീക്ഷം. അറിയാതെ അല്‍പനേരം മയങ്ങിപ്പോയി. ഒരു പൊതുവിടത്തില്‍ ഉറങ്ങാനുളള സുരക്ഷിതത്വം പോലും അവിടെ ലഭിക്കും. നമ്മുടെ നാട്ടില്‍ ഇക്കാര്യം ആലോചിക്കാന്‍പോലുമാവില്ലെന്ന് ശാന്തി പറയുന്നു. സിറ്റിയിലൂടെ നടക്കാനാണ് കൂടുതലിഷ്ടം. പിന്നെ പ്രകൃതിസൗന്ദര്യം നിറഞ്ഞ സ്ഥലങ്ങളോടും ഇഷ്ടമേറെയാണ്. ഒരു മനുഷ്യനെ സംബന്ധിച്ച് പച്ചപ്പ് കാണുകയെന്നത് വളരെ പ്രധാനമാണെന്നും ശാന്തി.

പ്രിയം യുകെ, സ്വപ്‌നം ദക്ഷിണാഫ്രിക്ക

santhy-balachandran5

പഠനത്തിന്റെ ഭാഗമായി ഏഴു വര്‍ഷത്തോളം ശാന്തി യുകെയില്‍ ജീവിച്ചു. സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും നല്‍കിയ ജീവിതമായിരുന്നു അവിടെ. അതുകൊണ്ടുതന്നെ ആ നാടിനോട് പ്രിയമേറെയെന്ന് പറയുന്നു ശാന്തി. ഒരിക്കല്‍കൂടി അവിടെ പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഏറെ ആഗ്രഹിക്കുന്ന ഒരു യാത്ര  ദക്ഷിണാഫ്രിക്കയിലേക്കാണ്. ശാന്തിക്ക് നിരവധി കൂട്ടുകാരുണ്ടവിടെ. കാടും മലകളും കടല്‍തീരവുമൊക്കെ കൂടിച്ചേര്‍ന്ന് വളരെ വ്യത്യസ്തമായ പ്രകൃതിയാണ് ദക്ഷിണാഫ്രിക്കയിലേത്. അത് നേരിട്ട് കണ്ട് അനുഭവിച്ചറിയണമെന്ന ആഗ്രഹം പങ്കുവെയ്ക്കുന്നു ശാന്തി. അതുപോലെ അമേരിക്കയിലെ അലാസ്‌ക, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും പോകണമെന്നുണ്ട്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും പോകണം. വിയറ്റ്‌നാമിലെയും കൊറിയയിലെയും ഭക്ഷണത്തിന്റെ രുചി അറിയണമെന്നും നല്ലൊരു ഭക്ഷണപ്രിയ കൂടിയായ ശാന്തി പറയുന്നു.

യാത്രകളില്‍ ഇതുവരെ കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല. ഇതുവരെയുളള അനുഭവത്തില്‍ അസുഖങ്ങളാണ് ആകെ വില്ലനായി എത്തിയിട്ടുളളത്. അപരിചിതമായ സ്ഥലങ്ങളില്‍ വച്ച് അസുഖം വരുമ്പോള്‍ പരിചിത മുഖങ്ങള്‍ക്കായി നമ്മള്‍ വെറുതെ അന്വേഷിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും പരിചയക്കാരെ കാണണേ എന്ന് ആഗ്രഹിച്ചുപോവും.

യൂറോപ്യന്‍ രാജ്യങ്ങളില്‍ റോഡ് മുറിച്ചുകടക്കാന്‍ വേണ്ടി കാല്‍നടയാത്രക്കാര്‍ക്ക് ട്രാഫിക്ക് നിയന്ത്രിക്കാനാവും. അതിനായി ഒരു ബട്ടണ്‍ ഉണ്ട്. അതമര്‍ത്തിയാല്‍ റെഡ് സിഗ്നല്‍ വരും. അപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോകാം. പലപ്പോഴും റോഡ് മുറിച്ചുകടക്കുമ്പോള്‍ ഈ സംവിധാനം നമ്മുടെ നാട്ടിലും വന്നിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്.

വരയും വരാനിരിക്കുന്ന സിനിമകളും...

കോട്ടയമാണ് ശാന്തിയുടെ ജന്മസ്ഥലം. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ഇപ്പോള്‍ എറണാകുളത്താണ് താമസം. 2021 ല്‍ ഒബ്ലിവ്യന്‍ എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബം ചെയ്തിരുന്നു. എ.ആര്‍. റഹ്‌മാന്‍ ആയിരുന്നു അതിന്റെ റിലീസ്. ചെറുപ്പത്തിലേ ചിത്രരചനയോട് താത്പര്യമുളള ശാന്തി അച്ഛന്‍ വിവര്‍ത്തനം ചെയ്ത ടോഗോറിന്റെ ഗീതാഞ്ജലിക്കുവേണ്ടി 16 ചിത്രങ്ങള്‍ വരയ്ക്കുകയുണ്ടായി. സിനിമാ അഭിനയത്തിനൊപ്പം ശാന്തി ചേര്‍ത്തുപിടിക്കുന്ന ഒന്നാണ് ചിത്രകലയും.

ജിന്നാണ് മലയാളത്തില്‍ ശാന്തിയുടെ പുതിയതായി പുറത്തുവന്ന ചിത്രം. തമിഴില്‍ സ്വീറ്റ്കാരം കോഫിയെന്ന സീരീസാണ് റിലീസിനായി തയാറായികൊണ്ടിരിക്കുന്നത്. മൂന്ന് തലമുറകളിലെ സ്ത്രീകള്‍ ഒരു യാത്ര പോവുന്നതും അതിനിടെ നടക്കുന്ന ചില സംഭവങ്ങളുമാണ് സ്വീറ്റ്കാരം കോഫി പറയുന്നത്.

ഇതില്‍ ശാന്തിയുടെ അമ്മയായി റോജ ഫെയിം മധുബാലയും അമ്മൂമ്മയായി തെന്നിന്ത്യന്‍ നടി ലക്ഷ്മിയുമാണ് എത്തുന്നത്. അതേസമയം പ്രമുഖ നടന്‍ മനോജ് ബാജ്‌പേയിക്കൊപ്പം ഗുല്‍മോഹര്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കുകയാണ് ശാന്തി. മാര്‍ച്ചിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

English Summary: Most memorable travel experience by Santhy Balachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com