ADVERTISEMENT

ദുബായ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് ഇപ്പോള്‍. ഇന്ത്യയില്‍ നിന്നും സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെ ആളുകള്‍ ഈയിടെയായി അവധിക്കാലം ആഘോഷിക്കാന്‍ ദുബായിലേക്ക് പറക്കുന്നുണ്ട്‌. അക്കൂട്ടത്തില്‍ നടി അനാര്‍ക്കലി മരക്കാറുമുണ്ട്. ദുബായില്‍ സ്കൈഡൈവിങ് നടത്തുന്ന ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും അനാര്‍ക്കലി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യം വളരെ ആവേശം ഉണ്ടായിരുന്നെങ്കിലും പിന്നീട് ചെറുതായി പേടി തോന്നിയെന്ന് അനാര്‍ക്കലി ഇതോടൊപ്പം പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ദുബായ് യാത്രയിൽ സ്കൈഡൈവിങ് കൂടാതെ പൂക്കളുടെ മാന്ത്രിക ലോകമായ മിറാക്കിൾ ഗാർഡൻ സന്ദർശിച്ച ചിത്രങ്ങളും മരുഭൂമിയിലെ കാഴ്ചകളും ദുബായിയുടെ ആകാശത്ത് വിസ്മയം തീർത്ത ‘മ്യൂസിയം ഓഫ് ദ് ഫ്യൂചർ’ സന്ദര്‍ശിച്ച ചിത്രങ്ങളും അനാർക്കലി പങ്കുവച്ചിട്ടുണ്ട്. 

അനാര്‍ക്കലിയും യാത്രകളും

കാഴ്ചകൾ തേടിയുള്ള യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് മലയാളികളുടെ പ്രിയതാരം അനാർക്കലി മരയ്ക്കാർ. വീണുകിട്ടുന്ന അവസരങ്ങളൊക്കെയും സുഹൃത്തുകൾക്കൊപ്പം യാത്ര പോകുക പതിവാണ്. ഇൗ കഴിഞ്ഞിടയ്ക്കാണ് മറയൂർ,വട്ടവട, രാമകൽമേട്, മാങ്കുളം എന്നിവിടങ്ങളിലേക്കെല്ലാം അനാർക്കലി യാത്ര പോയത്. നിരവധി ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവച്ചിരുന്നു. മറയൂരിൽ ആരെയും ആകർഷിക്കുന്ന മൺവീട്ടിലെ താമസവും കാഴ്ചകളുമായിരുന്നു ആ യാത്രകളിലെ ഹൈലൈറ്റ്. 

സ്കൈ ഡൈവിങ് നടത്തി അനാൽക്കലി

ആകാശത്തിലൂടെ പറവയെപോലെ പറക്കുന്ന അനാർക്കലി, സ്കൈഡൈവിങ് മിക്കവര്‍ക്കും പ്രിയമുള്ള വിനോദമാണ്. ദുബായില്‍ എത്തുന്ന സാഹസിക പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു വിനോദമാണ്‌ സ്കൈ ഡൈവിങ്. ഈയിടെയായി ഇതിനു വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ് ദുബായില്‍.

ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊപ്പമാണ് സ്കൈഡൈവ് ദുബായ് മുന്നിട്ടു നില്‍ക്കുന്നത്.

ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. 

രജിസ്റ്റർ ചെയ്ത ശേഷം, എല്ലാ സുരക്ഷാ നടപടികളും സജ്ജീകരിച്ച്, മുഴുവൻ പ്രക്രിയയും വിശദീകരിച്ചുകഴിഞ്ഞാൽ, സഞ്ചാരികളെ 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ശേഷം, ഏകദേശം 5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കാം.

ഔട്ട്ഡോർ സ്കൈ ഡൈവിങ്ങിനായി വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കും അത് പരീക്ഷിക്കാൻ ഭയപ്പെടുന്നവർക്കും അനുയോജ്യമായതാണ് ഇൻഡോർ സ്കൈഡൈവിങ്. ശക്തമായ ഫാനുകളുടെയും എയർ കണ്ടീഷണറുകളുടെയും സഹായത്തോടെയും ഫ്രീവിൽ സിമുലേഷനും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ചുമാണ് ഈ അനുഭവം ഒരുക്കുന്നത്. ഇന്‍ഫ്ലൈറ്റ് ദുബായ്, ഐഫ്ലൈ ദുബായ് എന്നിങ്ങനെയുള്ള കമ്പനികള്‍ ഈ അനുഭവം നല്‍കുന്നുണ്ട്.

ഇതു കൂടാതെ, ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഹരമായ ബുര്‍ജ് ഖലീഫയും ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒട്ടനവധി നിര്‍മിതികളും മരുഭൂമി സഫാരിയും ഷോപ്പിങ് മാളുകളും തുടങ്ങി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ദുബായ് നല്‍കുന്നത്. ഇത്യയില്‍ നിന്നുള്ളവര്‍ക്ക് ബജറ്റ് യാത്രകള്‍ക്ക് അനുയോജ്യമായ വിദേശരാജ്യങ്ങളില്‍ ഒന്നുകൂടിയാണിത്.

English Summary: Anarkali Marikar shares her exciting skydive experience in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com