ഷാറുഖ് ഖാൻ ആരാധകരെ ഇതിലെ, പഠാന്‍ ചിത്രീകരിച്ച സുന്ദര രാജ്യങ്ങളിൽ സഞ്ചാരികൾ പോകാൻ കൊതിക്കും

pathaan-location
Image Source: Youtube
SHARE

ബോളിവുഡ് ചിത്രം പഠാന്‍ ബോക്‌സ്ഓഫീസിലെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. സുന്ദരമായ ദൃശ്യങ്ങളും ദേശങ്ങളും ആവോളമുണ്ട് ഷാറുഖ് - ദീപിക ചിത്രമായ പഠാനിൽ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രദേശങ്ങള്‍ പഠാനിൽ കാണാനാവും. പഠാന്‍ ചിത്രീകരിച്ച ആ സുന്ദര ദേശങ്ങളില്‍ ചിലത് നമ്മുടെ യാത്രാ പദ്ധതികളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അത്തരം ദേശങ്ങളെക്കുറിച്ചും സഞ്ചാര സാധ്യതകളെക്കുറിച്ചും അറിയാം. 

സ്‌പെയിന്‍

ലോകത്ത് തന്നെ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നാടാണ് സ്‌പെയിന്‍. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും തനത് സംസ്‌ക്കാരവും ഭക്ഷണവുമെല്ലാം കാളപ്പോരിന്റേയും ലാ ടൊമാറ്റിന എന്ന ടൊമാറ്റോഫെസ്റ്റിവലിന്റേയും നാടായ സ്‌പെയിനെ വ്യത്യസ്തമാക്കുന്നു.

പഠാനിലെ പലെ ബേശരം രംഗ്... എന്ന ഗാനം സ്‌പെയിനിലെ മല്ലോര്‍കയും കാഡിസും ജെറസും അടങ്ങുന്ന പ്രദേശങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അധികം സിനിമകളൊന്നും ചിത്രീകരിച്ചിട്ടില്ലാത്ത ദ്വീപായ മല്ലോര്‍ക്ക പോലുള്ള പ്രദേശങ്ങളുടെ വ്യത്യസ്ത സൗന്ദര്യം പത്താനിലെ ഈ പാട്ടിലുണ്ട്. 

യുഎഇ

ഷാറുഖ് ഖാന് സ്വന്തമായി വീടുള്ള നാടാണ് ദുബായ്. പഠാന്‍ സിനിമയുടെ പല ഭാഗത്തും യുഎഇയില്‍ നിന്നുള്ള കാഴ്ചകള്‍ സുലഭമാണ്. കോവിഡിനു ശേഷം ദുബായിലെ വിനോദ സഞ്ചാര മേഖലയും ഉണര്‍വിന്റെ പാതയിലാണ്. 2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 1.14 കോടി പേരാണ് ദുബായ് സന്ദര്‍ശിച്ചതെന്ന ഡി.ഇ.ടി കണക്കുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഇതേ കാലയളവില്‍ ദുബായിലെ ഹോട്ടലുകളില്‍ ശരാശരി 71 ശതമാനം മുറികളിലും സന്ദര്‍ശകരുണ്ടായിരുന്നുവെന്നതും അവര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. 

pathaan-2

പാം ജുമൈറ, മാള്‍ ഓഫ് എമിറേറ്റ്‌സ്, ബുര്‍ജ് ഖലീഫ എന്നിവയെല്ലാം സാധാരണ ദുബായിലെത്തുന്ന സഞ്ചാരികളുടെ പട്ടികയിലുള്ള സ്ഥലങ്ങളാണ്. ഓരോ സമയങ്ങളിലും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേകം ഫെസ്റ്റുകളും ദുബായ് സംഘടിപ്പിക്കാറുണ്ട്. ഗള്‍ഫ് ഫുഡ് 28ാമത് പതിപ്പ് ഫെബ്രുവരി 20ന് ദുബായില്‍ ആരംഭിക്കും. അബുദാബിയില്‍ ജനുവരി 25ന് ആരംഭിച്ച ഫെബ്രുവരി 25 വരെ നീളുന്ന ഷെയ്ഖ് സയ്യദ് ഫെസ്റ്റിവലും ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

റഷ്യ, സൈബീരിയ

സിനിമ കണ്ടവർക്ക് മനസ്സിലാകും ഷാറുഖും ജോണ്‍ എബ്രഹാമും തമ്മിലുള്ള ബൈക്ക് ആക്ഷന്‍ രംഗങ്ങളിലെ ആ മഞ്ഞുറഞ്ഞ തടാകം.  പ്രകൃതി ഒരുക്കിയ അദ്ഭുതമാണത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ സൈബീരിയയിലെ ബൈക്കല്‍ തടാകമാണിത്.

pathaan-1

ഇവിടേക്ക് 330 പുഴകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ 20 ശതമാനം ശേഖരിച്ചിരിക്കുന്നത് രണ്ടര കോടി വര്‍ഷം പ്രായമുള്ള ഈ തടാകത്തിലാണ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അടക്കമുള്ള റഷ്യയിലെ പ്രദേശങ്ങളും പത്താനില്‍ കാണിക്കുന്നുണ്ട്.

തുര്‍ക്കി

ഒരുപാട് സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള തുര്‍ക്കിയില്‍ നിന്നുള്ള കാഴ്ചകളും പഠാൻ സിനിമയിലുണ്ട്. യൂറോപ്പിനും ഏഷ്യക്കുമിടയില്‍ കിടക്കുന്ന ഇസ്തംബുള്‍ നഗരവും സാംസ്‌ക്കാരിക രത്‌നവും ലോകത്തെ തന്നെ ശ്രദ്ധേയമായ നിര്‍മിതിയുമായ ഹാഗിയ സോഫിയയുമെല്ലാം തുര്‍ക്കിയിലാണ്. ലോകത്തിലെ തന്നെ വലിയ മാര്‍ക്കറ്റുകളിലൊന്നായ ഗ്രാന്‍ഡ് ബസാറില്‍ നാലായിരത്തിലേറെ കടകളുണ്ട്. ദിവസവും ഇവിടെ വന്നുപോകുന്നവരുടെ എണ്ണമെടുത്താല്‍ പത്തു ലക്ഷത്തിലേറെ വരും. 1455ല്‍ നിര്‍മിച്ച ഗ്രാന്‍ഡ് ബസാര്‍ ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള മാര്‍ക്കറ്റുകളിലൊന്നാണ്. 

1124656717

തുര്‍ക്കിയുടെ ഭൂതകാലത്തെ വ്യാപാരകേന്ദ്രമാണ് എഫേസുസ്. എന്നാല്‍ ഇന്നത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. ശുദ്ധജലങ്ങളും പ്രകൃതിയും ചേര്‍ന്ന് ചിത്രരചന നടത്തുന്ന പ്രദേശമാണ് പാമുക്കലേ. ഹോട്ട് ബലൂണ്‍ യാത്രയിലൂടെ കപ്പഡോക്കിയ കാണിച്ചു തരുന്ന ആകാശ കാഴ്ചകൾ പകരം വയ്ക്കാനൊന്നുമില്ല. ഒരുകാലത്ത് അഗ്നിപര്‍വത ലാവ പൊട്ടിയൊലിച്ച പ്രദേശങ്ങള്‍ ഇന്ന് മലനിരകളാണ്. ഈ മലകള്‍ തുരന്ന് വീടുകളും റസ്റ്ററന്റുകളും ഷോപ്പിങ് മാളുകളും പണിതിട്ടുണ്ട്. 

ഫ്രാന്‍സ്

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട യൂറോപ്യന്‍ നഗരങ്ങളുടെ പട്ടികയെടുത്താല്‍ ഫ്രാന്‍സ് മുന്‍പന്തിയിലുണ്ടാവും. എസ്.ആര്‍.കെ ചിത്രം ഫ്രാന്‍സിന്റെ സൗന്ദര്യവും ഒപ്പിയെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം എഴുപത് ലക്ഷം സഞ്ചാരികളാണ് ഈഫല്‍ ടവര്‍ കാണാനായി എത്തുന്നത്. ഫ്രാന്‍സിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ലൂവ്രേ.

tower
Eiffel Tower, Paris, France-espiegle/istock

പാരീസിലെ വിഖ്യാത കലാമ്യൂസിയമായ ഇവിടെ 38,000ത്തിലേറെ കലാസൃഷ്ടികളും ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുമാണ് സൂക്ഷിച്ചിരിക്കുന്നത്. ലാവെണ്ടര്‍ തോട്ടങ്ങളും ഒലീവ് തോട്ടങ്ങളും നിറഞ്ഞ പ്രോവെന്‍സ്, മഞ്ഞിലെ വിനോദങ്ങള്‍ക്കും കായിക ഇനങ്ങള്‍ക്കും പേരുകേട്ട മോണ്ട് ബ്ലാന്‍ക്, ഗതകാല രാജകുടുംബ പ്രൗഢി നിറഞ്ഞ പാലസ് ഓഫ് വെര്‍സെയ്‌ലസ് എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് സവിശേഷ അനുഭവങ്ങള്‍ നല്‍കും. 

മുംബൈ

ബോളിവുഡിന്റെ ആസ്ഥാനമായ മുംബൈയും പഠാനിൽ  പ്രധാന ഷൂട്ടിങ് ലൊക്കേഷനാണ്. ഇന്ത്യയുടെ വ്യവസായനഗരമെന്നും സ്വപ്‌നങ്ങളുടെ നഗരമെന്നുമൊക്കെ അറിയപ്പെടുന്ന മുംബൈയില്‍ കാണേണ്ട കാഴ്ചകളും അനവധി.

Bandra
Mumbai- f9photos/istock

മറൈന്‍ ഡ്രൈവ്, സി.എസ്.എം.ടി സ്റ്റേഷന്‍, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, പൃഥ്വി തിയേറ്റര്‍, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള താരാപോരേവാല അക്വേറിയം, ജൂഹു ബീച്ച്, സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, റെഡ് കാര്‍പെറ്റ് വാക്‌സ് മ്യൂസിയം എന്നിങ്ങനെ ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാന്‍ പോന്ന നിരവധി കേന്ദ്രങ്ങളുണ്ട് നമ്മുടെ മുംബൈയിലും. 

English Summary: Pathaan Shooting Locations That Are Absolutely Mesmerising In Real Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS