ബോളിവുഡ് താരം ലിസ ഹെയ്ഡന്‍റെ ബീച്ചുകളോടുള്ള പ്രിയം ഏറെ പ്രശസ്തമാണ്. ഇടയ്ക്കിടെ ബീച്ച് ഡെസ്റ്റിനേഷനുകളിലേക്ക് യാത്ര ചെയ്യുന്നതും സമുദ്രസാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമെല്ലാം താരത്തിന് ഒരു ഹരമാണ്. ഓസ്ട്രേലിയയിലെ മനോഹരമായ ബീച്ച് ദിനങ്ങളുടെ ഓര്‍മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി. ഇതോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കടലിനടിയില്‍ നീന്തുന്നതാണ് വിഡിയോയില്‍. പ്രശസ്തമായ ബോണ്ടി ബീച്ച് ആണ് വിഡിയോയില്‍ കാണുന്നത്. ഇവിടെ താന്‍ 16 വര്‍ഷം മുന്‍പേ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റ് കാണാന്‍ കുടുംബത്തെ കൂടെ കൊണ്ടുപോയ അനുഭവത്തെക്കുറിച്ച് വളരെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് ലിസ പങ്കുവച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ഒരു പ്രശസ്തമായ ബീച്ചാണ് ബോണ്ടി ബീച്ച്. ഓസ്‌ട്രേലിയയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്. ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള മനോഹരമായ ബീച്ചില്‍ ജലവിനോദങ്ങളും മറ്റും സജീവമാണ്. ലോകമെമ്പാടുമുള്ള രുചികരമായ ഭക്ഷണം നൽകുന്ന നിരവധി റസ്റ്ററന്റുകളും ബാറുകളും കഫേകളും ബീച്ചിലുണ്ട്.
ഓസ്ട്രേലിയയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് തികച്ചും സൗജന്യമായി സന്ദര്‍ശിക്കാവുന്ന ഒരിടമാണിത്. ബീച്ച് 24 മണിക്കൂറും തുറന്നിരിക്കുന്നു. തിളങ്ങുന്ന മണലും തെളിഞ്ഞ ജലവുമുള്ള ഈ പ്രദേശം തിമിംഗല നിരീക്ഷണത്തിനും ഗോൾഫിങ്ങിനും പ്രശസ്തമാണ്. ഓസ്‌ട്രേലിയയിലെ ഏറ്റവും പഴയ നീന്തൽ ക്ലബ്ബും ബോണ്ടി ബീച്ചിലാണ്. ‘ബാക്ക്പാക്കേഴ്സ് എക്സ്പ്രസ്’ എന്നും ബീച്ച് അറിയപ്പെടുന്നു.
സിഡ്‌നിയിലെ ഏറ്റവും വിശാലമായ ബീച്ച് കൂടിയാണ് ബോണ്ടി ബീച്ച്, ഇത് 2008-ൽ ഓസ്‌ട്രേലിയൻ ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബീച്ചിന്‍റെ തെക്കേ ഭാഗം പൊതുവെ സർഫ്ബോർഡിങ്ങിനായി നീക്കിവച്ചിരിക്കുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ കായിക വിനോദമാണ് സർഫിങ്, ബോണ്ടി ബീച്ച് സന്ദർശിക്കുന്നവര്‍ക്ക് സര്‍ഫിങ് നടത്തുന്നതോടൊപ്പം, ഇത് പഠിക്കാനും അവസരമുണ്ട്. വടക്കേ അറ്റം കുട്ടികൾക്ക് ഏറെ അനുയോജ്യമാണ്.
ബോണ്ടി മഞ്ഞുമലകൾ എന്നും അറിയപ്പെടുന്ന മനോഹരമായ ഓഷ്യൻ പൂൾ, ബോണ്ടി ബീച്ചിന്‍റെ തെക്കേ അറ്റത്തായാണ് സ്ഥിതി ചെയ്യുന്നത്. പൈതൃക കെട്ടിടമായ ബോണ്ടി പവലിയനും ഇതിനരികിലാണ് സ്ഥിതിചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും പഴയ ആർട്ട് ഗാലറിയായ കൂയി ആർട്ട് ഗാലറി, ബോണ്ടി ബീച്ച് ഗ്രാഫിറ്റി മതിൽ എന്നിവയും കാണേണ്ട കാഴ്ചകളാണ്. ബീച്ചിലെ അതിമനോഹരമായ സൂര്യോദയത്തിനും അസ്തമയത്തിനും സാക്ഷ്യം വഹിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നു. ബ്രോണ്ടെ, ഗോർഡൺസ് ബേ, താമരമ, ക്ലോവെല്ലി തുടങ്ങിയ മനോഹരമായ ബീച്ചുകളും ബോണ്ടി ബീച്ചിനരികിലാണ്.
English Summary: Lisa Haydon enjoys holiday in Australia