ADVERTISEMENT

ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കുമൊപ്പം മാലദ്വീപിലായിരുന്നു ഇക്കുറി നടന്‍ അഭിഷേക് ബച്ചന്‍റെ പിറന്നാള്‍ ആഘോഷം. ഈ ഫെബ്രുവരി 5 ന് അഭിഷേകിന് 47 വയസ്സുതികഞ്ഞു. പിറന്നാളിനോടനുബന്ധിച്ച് യാത്രയിൽ നിന്നുള്ള നിരവധി ഫോട്ടോകൾ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെയായി നിരവധി ബോളിവുഡ് താരങ്ങളും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം യാമി ഗൗതം, നിമ്രത് കൗർ എന്നിവർക്കൊപ്പം ദസ്വി എന്ന കോമഡി ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. ഈ മാർച്ചിൽ അജയ് ദേവ്ഗണിന്റെ വരാനിരിക്കുന്ന ചിത്രമായ ഭോലയിലും അഭിഷേക് ഉണ്ട്. സയാമി ഖേറിനൊപ്പം ആർ ബാൽക്കിയുടെ ഘൂമർ എന്ന ചിത്രവും അഭിഷേകിന്റെതായി വരാനുണ്ട്. ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഐശ്വര്യാറായിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.

മാലദ്വീപിലെ സെന്‍റ് റെജിസ് മാല്‍ദീവ്സ് വോമ്മുലി റിസോര്‍ട്ടിലായിരുന്നു അഭിഷേകിന്‍റെ പിറന്നാള്‍ ആഘോഷം. ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ് ഈ റിസോര്‍ട്ട്. പച്ചപുതച്ച മഴക്കാടുകൾക്കും വെള്ളമണൽ ബീച്ചുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് അതിമനോഹരമാണ്. 33 ഓൺ-ലാൻഡ് വില്ലകളും 44 ഓവർ-വാട്ടർ വില്ലകളുമുള്ള ഈ റിസോര്‍ട്ട് മാരിയറ്റ് ഗ്രൂപ്പിന്‍റെതാണ്. 

ധാലു അറ്റോളിലുള്ള ഈ റിസോര്‍ട്ടിലേക്ക് പ്ലെയ്ന്‍ വഴി മാത്രമേ വരാന്‍ സാധിക്കുള്ളൂ. സ്വകാര്യ ലഗൂൺ, ഓവര്‍വാട്ടര്‍ ലോഞ്ച്, ലക്ഷ്വറി സ്പാ, ഇറിഡിയം സ്പാ, സ്വകാര്യ ലക്ഷ്വറി വില്ലകള്‍, ഔട്ട്ഡോർ ഇൻഫിനിറ്റി പൂൾ, എന്നിവയെല്ലാമുള്ള ആഡംബര റിസോര്‍ട്ട് ആണിത്. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണം വിളമ്പുന്ന മികച്ച റസ്റ്റോറന്റുകളും റിസോര്‍ട്ടില്‍ ഉണ്ട്. ആൽബ, ഓറിയന്റേൽ, ടി പാൻ, കാർഗോ, ക്രസ്റ്റ് & ക്രാഫ്റ്റ്, വെയ്ല്‍ ബാര്‍ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. 

കൂടാതെ ഡൈവിങ്, സ്നോർക്കലിങ്, സ്പീഡ് ബോട്ടിങ്, വിൻഡ്‌സർഫിങ്, ആഴക്കടൽ മത്സ്യബന്ധനം, ഗ്ലാസ്-ബോട്ടം കയാക്ക് ടൂറുകൾ മുതലായ വിനോദങ്ങള്‍ക്കും ധാരാളം അവസരമുണ്ട്. സൂര്യാസ്തമയക്കാഴ്ച ആസ്വദിച്ചുകൊണ്ട്, ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കപ്പല്‍യാത്ര ചെയ്യുന്നതും പ്രിയപ്പെട്ട ആള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കുന്നതും പോലുള്ള റൊമാന്റിക് അനുഭവങ്ങളും റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.

English Summary: Abhishek Bachchan shares pictures from Maldives Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com