പ്രേക്ഷകരുടെ പ്രിയ താരം അനുഷ്‌ക ശര്‍മ സമൂഹമാധ്യമത്തിൽ സജീവമാണ്. വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ബാങ്കോക്ക് വിശേഷങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം. ബാങ്കോക്കിലെ ട്രാഫിക്കും ഭക്ഷണവും തെരുവുകളുടെ ചിത്രവുമൊക്കെ അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്.
ചിത്രീകരണത്തിന്റെ ഭാഗമായി ബാങ്കോക്കിലെത്തിയ അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചു 'ജോലിയുടെ ഭാഗമായി കുറച്ചു ദിവസം ബാങ്കോക്കിലാണ്. ഇവിടുത്തെ പ്രധാന സംസാരവിഷയങ്ങളില്‍ ഒന്നാണ് ഈ സെല്‍ഫിയില്‍. ട്രാഫിക്ക് ബ്ലോക്ക്!'. പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് കമന്റും ലൈക്കുകളും ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ തങ്ങളുടെ പ്രിയ ക്രിക്കറ്റ് താരവും അനുഷ്‌കയുടെ പങ്കാളിയുമായ കോലി എവിടെയെന്ന് ചോദിക്കുന്നവരുമുണ്ട്.
റോഡിന് മുകളിലൂടെയുള്ള കാല്‍ നടയാത്രക്കാര്‍ക്കുള്ള പാലത്തിന് മുകളില്‍ ബെയ്ജ് ടോപ്പ് ധരിച്ചുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. താഴെ വാഹനങ്ങള്‍ പോകുന്നത് കാണാമെങ്കിലും ബാങ്കോക്കിലെ പേടിസ്വപ്‌നമായ ഗതാഗതതടസം വലുതായി കാണാനുമില്ല. ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് യാത്ര തിരിക്കും മുമ്പും അനുഷ്‌ക ഇന്‍സ്റ്റ സ്റ്റോറിയിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
വര്‍ണാഭമായ ബാങ്കോക്കിലെ സ്ട്രീറ്റ് ഫുഡിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. അനുഷ്‌ക ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും കരിക്കുമെല്ലാം ചിത്രങ്ങളിലുണ്ട്. വ്യത്യസ്തമായ നിറത്തില്‍ മാത്രമല്ല രുചികളിലും കാഴ്ചകളിലും ഏതൊരു സഞ്ചാരിയുടേയും പോക്കറ്റിനൊതുങ്ങുന്ന സ്ട്രീറ്റ് ഫുഡുള്ള രാജ്യമാണ് ബാങ്കോക്ക്. ഉപ്പുകൊണ്ട് പൊതിഞ്ഞ് പാകം ചെയ്യുന്ന ഗ്രില്‍ഡ് ഫിഷ്, ഫ്രൈഡ് റൈസ്, നൂഡില്‍സും ചെമ്മീനും, ആവിയില്‍ പാകം ചെയ്ത കോഴിയും ചോറും, പന്നി വിഭവങ്ങള്‍ എന്നിങ്ങനെ പല തരം സ്ട്രീറ്റ് ഫുഡുകള്‍ക്ക് പ്രസിദ്ധമാണ് തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക്.

രുചികരമായ ഭക്ഷണത്തിനും വൈവിധ്യമാർന്ന ക്ഷേത്ര സമുച്ചയങ്ങളാലും പേരുകേട്ടയിടമാണ് ബാങ്കോക്ക്. ബാങ്കോക്കിന്റെ ഹൃദയഭാഗത്തുകൂടെ ഒഴുകുന്ന നദിയാണ് ചാവോ ഫ്രായ. ബാങ്കോക്കിലെ പ്രധാന നിർമിതികളും ചരിത്രസ്മാരകങ്ങളുമെല്ലാം ഇതിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ബാങ്കോക്ക് നഗരത്തിന്റെ രാത്രികാല സൗന്ദര്യവും കൂടെ സ്വാദിഷ്ഠമായ തായ് വിഭവങ്ങളും തായ് കലാരൂപങ്ങളും സംഗീതവും ആസ്വദിച്ചുകൊണ്ടുള്ള യാത്ര ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തും.
പാരമ്പര്യവും വ്യത്യസ്തമായ സംസ്‌കാരവും ആധുനികതയുമായി ഇഴ ചേര്‍ന്നു കിടക്കുന്ന നാടാണ് തായ്‌ലാന്‍ഡ്. അവരുടെ ജി.ഡി.പിയിലെ തന്നെ വലിയൊരു പങ്ക് വിനോദ സഞ്ചാരത്തില്‍ നിന്നുള്ളതാണ്. ഭക്ഷണത്തിനും ഷോപ്പിങിനും പേരുകേട്ട ചൈന ടൗണ്‍, വിനോദങ്ങളുടെ കേന്ദ്രമായ ഡ്രീം വേള്‍ഡ്, ആരാധനാലയങ്ങളായ വാട്ട് പോയും വാട്ട് അരുണും, സഫാരി വേള്‍ഡ്, എം.ബി.കെ ഷോപ്പിങ് സെന്റര്‍, സിയാം പാര്‍ക്ക് സിറ്റി, ലുംഫിനി പാര്‍ക്, ടെര്‍മിനല്‍ 21 എന്നിങ്ങനെ നിരവധി കേന്ദ്രങ്ങള്‍ ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു.
English Summary: Anushka Sharma shares glimpses of Bangkok traffic