ആ മനോഹര കനാലുകള്‍ വറ്റിവരണ്ടു, വെനീസിലെ ഗൊണ്ടോല യാത്ര ഇക്കുറി നടക്കില്ല

ITALY-CLIMATE-ENVIRONMENT-TOURISM
വെനീസിലെ വെനീസ് കനാൽ ഗ്രാൻഡേ ജലപാതയിൽ വേലിയിറക്കത്തിനിടെ ജലവിതാനം കുറഞ്ഞതിനെത്തുടർന്ന് കെട്ടിയിട്ടിരിക്കുന്ന ഗൊണ്ടോളകളിൽ ഒന്ന്. ചിത്രം – MARCO SABADIN / AFP
SHARE

ഇറ്റലിയുടെ കുട്ടനാടാണ് വെനീസ്. എണ്ണിയാല്‍ ഒടുങ്ങാത്തത്ര കനാലുകളും ജലാശയങ്ങളുമാണ് വെനീസിന്‍റെ മുഖമുദ്ര. ജലത്തിന് മുകളില്‍ പടുത്തുയര്‍ത്തിയ ഈ മനോഹരനഗരം ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് അത്ര സുഖകരമായ വാര്‍ത്തകള്‍ അല്ല വന്നുകൊണ്ടിരിക്കുന്നത്.

വെനീസില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദങ്ങളില്‍ ഒന്നാണ് ജലപാതകളിലൂടെയുള്ള ഗൊണ്ടോല യാത്ര. വെനീസിന്‍റെ മുഖമുദ്രയായ പ്രത്യേകതരം വള്ളങ്ങളാണിവ. എന്നാല്‍ ഇക്കുറി ഈ അനുഭവം ആസ്വദിക്കാന്‍ കഴിയില്ല. കഠിനമായ ചൂടു കാരണം വെനീസിലെ ജലപാതകള്‍ വറ്റിവരണ്ടതാണ് കാരണം. മഴയുടെ അഭാവം, ഉയർന്ന മർദം, കടൽ പ്രവാഹങ്ങൾ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ കാലാവസ്ഥയ്ക്ക് പ്രതികൂലമായി വര്‍ത്തിക്കുന്നു. 

ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താനായി കൂടുതലും ജലഗതാഗതത്തെ ആശ്രയിക്കുന്ന നഗരമാണ് വെനീസ്. ഇപ്പോഴാകട്ടെ, വിനോദസഞ്ചാരം പോയിട്ട്, ആംബുലൻസ് ബോട്ടുകൾക്ക് പോലും സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്നില്ല എന്നാണ് പറയുന്നത്.

 2020-2021 ലെ ശീതകാലം മുതൽ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് വെനീസില്‍. ഒരു 50 ദിവസമെങ്കിലും മഴ പെയ്തെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ എന്നു വിദഗ്ദര്‍ പറയുന്നു.

 സമീപ വർഷങ്ങളിൽ വെനീസ്, ജലപാതകൾ സംരക്ഷിക്കുന്നതിനും അമിത ടൂറിസം ചെറുക്കുന്നതിനുമുള്ള നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, സെന്‍റ് മാർക്ക് സ്‌ക്വയറിനും ഗ്യൂഡെക്ക കനാലിനും സമീപമുള്ള ലഗൂൺ തടത്തിൽ വലിയ ക്രൂയിസ് കപ്പലുകൾ നിരോധിക്കുകയും വെനീസിന് ചുറ്റുമുള്ള ജലപാതകളെ "ദേശീയ സ്മാരകം" ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ശ്രമങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക അപകട പട്ടികയിൽ ഉൾപ്പെടുന്നതിൽ നിന്ന് വെനീസിനെ രക്ഷിച്ചു.

 വെനീസില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക ഫീസ്‌ ഈടാക്കാനുള്ള ആലോചന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തല്‍ക്കാലത്തേക്ക് ഇത് നടപ്പിലാക്കില്ല, ഈ നടപടി എപ്പോള്‍ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ജലയാത്രകള്‍ കൂടാതെ, നെടുവീർപ്പുകളുടെ പാലം അഥവാ ‘ബ്രിഡ്ജ് ഓഫ് സൈസ്’, വെനീഷ്യൻ ഗെറ്റോ മ്യൂസിയം, പിയാസ സാൻ മാർക്കോ, കാമ്പനൈൽ, മുറാനോ, ബുറാനോ, ടോർസെല്ലോ ദ്വീപുകള്‍ തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ വെനീസിലുണ്ട്.

ചെറിയ കനാലുകള്‍ വരൾച്ച ബാധിച്ച് വറ്റിവരണ്ടെങ്കിലും ഗ്രാൻഡ് കനാൽ പോലെയുള്ള വിശാലമായ പ്രധാന ജലപാതകൾ ഇപ്പോഴും സഞ്ചാരയോഗ്യമായി തുടരുന്നു. വെനീസിന്‍റെ മധ്യഭാഗത്തൂടെ, റെയിൽവേ സ്റ്റേഷനിൽ നിന്ന് സാൻ മാർക്കോയിലേക്ക് കടന്നുപോകുന്ന ഒരു വലിയ ജലപാതയാണ് ഗ്രാന്‍ഡ്‌ കനാല്‍. ഇതിലൂടെ സഞ്ചരിക്കാന്‍ വാട്ടര്‍ ബസുകളും വാട്ടര്‍ ടാക്സികളും ലഭ്യമാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതില്‍ വെനീസ് ഒറ്റയ്ക്കല്ല. ആൽപ്‌സിൽ, മഞ്ഞിന്‍റെ അഭാവവും അസാധാരണമായ ചൂടും കാരണം, ഈ ജനുവരിയിൽ നിരവധി സ്കീ റിസോർട്ടുകൾ അടച്ചുപൂട്ടിയിരുന്നു.

English Summary: venices beloved canals are drying up gondola ride tourism in italy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS