നടിയിൽ നിന്ന് എഴുത്തുകാരി, ഇനി പുതിയ മേഖലയിലേക്ക്; വിശേഷങ്ങൾ പങ്കിട്ട് ഗായത്രി

gayathri-arun-trip1
Image Source: Gayathri Arun
SHARE

ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ചില വിയോഗങ്ങള്‍ ആരെയും ഉലച്ചു കളയും. അതില്‍ നിന്നും കരകയറുക അത്ര എളുപ്പമല്ല, മാസങ്ങളും... ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും പഴയ നമ്മളിലേക്ക് തിരികെയെത്താന്‍. അത്തരമൊരനുഭവത്തിലൂടെ കടന്നുപോയപ്പോള്‍ ഗായത്രി അരുണിനും ജീവിതം അത്ര എളുപ്പമായിരുന്നില്ല. പെട്ടെന്നുളള അച്ഛന്റെ മരണം ഒരു ഒറ്റപ്പെട്ട തുരുത്തിലെത്തിച്ച പോലായിരുന്നു. പിന്നെ സ്വയം തിരികെ പിടിക്കാനുളള ശ്രമങ്ങളില്‍ കൂട്ടായത് യാത്രകളും. അത്തരത്തില്‍ സ്വയം തിരിച്ചു പിടിക്കാനുള്ള യാത്രകളില്‍ ഒന്നായിരുന്നു ഋഷികേശിലേക്ക് ഗായത്രി ഒറ്റക്ക് നടത്തിയത്. മലയാളികളുടെ പ്രിയതാരം ഗായത്രി മനസുതുറക്കുകയാണ് തന്റെ യാത്രകളെ കുറിച്ച്... ജീവിതത്തെ കുറിച്ച്... മനോരമ ഓണ്‍ലൈനുമായി.

അച്ഛപ്പം കഥകള്‍...

സമയം കിട്ടുമ്പോള്‍ യാത്രകളെ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ യാത്രകള്‍ക്കായി സമയം മാറ്റിവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഗായത്രി. ഓരോ യാത്രകളില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജവും സന്തോഷവും മറ്റൊന്നിനും പകരം വയ്ക്കാനാവില്ല. ഒട്ടും പ്ലാന്‍ ചെയ്യാതെ പെട്ടെന്ന് സംഭവിക്കുന്ന യാത്രകളും ഗായത്രിയുടെ ജീവിതത്തില്‍ നിരവധിയാണ്. കേരളത്തിലെ യാത്രകളൊക്കെ അത്തരത്തിലുളളതാണ്. ഭര്‍ത്താവ് അരുണും മകള്‍ കല്യാണിയും യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്നവരാണ്.

gayathri-arun-trip

കേരളത്തില്‍ ഒരുവിധം എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഗായത്രി യാത്രപോയിട്ടുണ്ട്. ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്കും പിന്നെ ഷൂട്ടിങ് ആവശ്യങ്ങള്‍ക്കുമൊക്കെ ആയായിട്ടാണ് മിക്കപ്പോഴും കേരളത്തില്‍ യാത്രചെയ്യേണ്ടി വരാറ്്. പോയതില്‍ ഏറ്റവും ഇഷ്ടം വാഗമണിനോടാണ്. അവിടവച്ചാണ് ഗായത്രി അച്ഛന്റെ ജീവിതത്തില്‍ നടന്ന ചില രസകരമായ കഥകള്‍ കോര്‍ത്തിണക്കി 'അച്ഛപ്പം കഥകളെ'ന്ന പുസ്തകം എഴുതുന്നത്. ജീവിതത്തില്‍ ഒരു മാറ്റം തേടിയാണ് വാഗമണിലെ ഋതംഭര എന്ന ഇക്കോ സ്പിരിച്വല്‍ കമ്മ്യൂണിലേക്ക് എത്തുന്നത്. ഇപ്പോള്‍ സ്വന്തം വീടുപോലെ കരുതുന്ന ഒരിടമായി മാറി അത്. അത്രക്ക് അടുപ്പമാണ് ആ സ്ഥലവുമായെന്ന് ഗായത്രി പറയുന്നു.

തീവണ്ടിയുടെ ചൂളംവിളിയും കാത്ത്...

ചെറുപ്പത്തില്‍ ഒരുപാട് യാത്രകളൊന്നും പോയിട്ടില്ല ഗായത്രി. എന്നാല്‍ ബൈക്കില്‍ എത്രദൂരം പോകാന്‍ പറ്റുമോ അത്രയും ദൂരം അച്ഛന്‍ കൊണ്ടുപോയിട്ടുണ്ട്. എല്ലാ ആഴ്ചാവസാനവും ഒരു കുഞ്ഞുയാത്ര തീര്‍ച്ചയായും ഉണ്ടാവും. അന്നൊക്കെ തീവണ്ടിയില്‍ ഒന്ന് കയറാന്‍ വലിയ കൊതിയായിരുന്നു. അങ്ങനെ അഞ്ചാംക്ലാസിലെ അവധികാലത്ത് തീവണ്ടിയില്‍ കന്യാകുമാരിയിലേക്ക് പോകാമെന്ന് അച്ഛന്‍ പറഞ്ഞു. അതോടെ കാത്തിരിപ്പായിരുന്നു ആ യാത്രക്കായി.

gayathri-travel

ഊണിലും ഉറക്കത്തിലുമെല്ലാം തീവണ്ടിയുടെ ചൂളം വിളിയും ഓര്‍ത്തിരിക്കും. ആ അവധിക്ക് അങ്ങനെ കന്യാകുമാരിയിലേക്കുളള തീവണ്ടിയില്‍ കയറി യാത്ര തുടങ്ങി. നല്ല മഴയുളള സമയമായിരുന്നു. തിരുവനന്തപുരത്ത് വച്ച് തീവണ്ടി പിടിച്ചിട്ടു. പാളത്തില്‍ തടസങ്ങളാണെന്നും ഇനി മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്നും അനൗണ്‍സ്‌മെന്റ് വന്നതോടെ ആ യാത്ര അവിടെ അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. കന്യാകുമാരി കാണാനാവാതെ തിരികെ വന്നതില്‍ വല്ലാത്ത വിഷമമായിരുന്നു അന്ന്. എന്നാല്‍ തൊട്ടടുത്ത അവധിക്കുതന്നെ കന്യാകുമാരിയിലേക്ക് ടാക്‌സി കാറില്‍ കൊണ്ടുപോയി അച്ഛന്‍ ആ വിഷമം മാറ്റി. ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്.

ബീറും പാരാഗ്ലൈഡിങ്ങും

അടുത്തിടെയാണ് ഗായത്രി കുടുംബത്തോടൊപ്പം ഉത്തരേന്ത്യന്‍ യാത്ര പോയത്. ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ കാണാവുന്ന കാഴ്ചകളെല്ലാം കണ്ട്, പോകാവുന്ന സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിച്ചാണ് ബിര്‍ എന്ന പാരാഗ്ലൈഡിങ്ങിന്റെ പറുദീസയിലേക്കെത്തിയത്. പോയതില്‍ ഏറ്റവും മനോഹരമായ ഒരു യാത്രയെന്നാണ് ബീറിലേക്കുളള യാത്രയെ ഗായത്രി വിശേഷിപ്പിക്കുന്നത്. ബിറിലെ പ്രകൃതി ഭംഗി, അവിടത്തെ ആളുകള്‍ എല്ലാം തന്നെ വളരെ അധികം ആകര്‍ഷിച്ചുവെന്നും ഗായത്രി പറയുന്നു.

gayathri-travel1

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാരാഗ്ലൈഡിങ് സൈറ്റാണ് ബീര്‍. മാത്രമല്ല സാഹസിക വിനോദ സഞ്ചാരത്തിന് വളരെ അധികം പേരുകേട്ട സ്ഥലം കൂടിയാണ് ബിര്‍. അവിടെ ചെന്നപ്പോള്‍ മകള്‍ കല്യാണിക്കും പാരാഗ്ലൈഡിങ് നടത്തണമെന്നായി. ഒടുവില്‍ അവളുടെ ആഗ്രഹം സാധിച്ചുകൊടുത്താണ് ബീറില്‍ നിന്ന് തിരികെ പോന്നത്.

ആന്‍ഡമാനിലെ മീന്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട് ബ്ലെയറിലേക്ക് ഗായത്രിയും കുടുംബവും യാത്ര പോയിരുന്നു. ഭര്‍ത്താവ് അരുണിന്റെ പെങ്ങളുടെ ഭര്‍ത്താവ് എയര്‍ഫോര്‍സിലാണ്. അവരോടൊപ്പമായാരുന്നു യാത്ര പോയത്. ബീചിനോട് അമിതാവേശമുളള വ്യക്തിയല്ല ഗായത്രി. കേട്ടറിഞ്ഞ കഥകളുടെ ചരിത്രമാണ് ഗായത്രിയെ ഈ യാത്രയിലേക്ക് ആകര്‍ഷിച്ചത്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍, റോസ് ഐലന്റ്, അവിടത്തെ ആന്ത്രോപോളജി മ്യൂസിയം എല്ലാം ഒരുപാട് മനോഹരമായ കാഴ്ചകളും അറിവുകളുമാണ് സമ്മാനിച്ചത്. ആന്‍ഡമാനിലെ തനി നാടന്‍ പ്രദേശവാസികളെ കാണാന്‍ സാധിച്ചുവെങ്കിലും അവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നില്ല. ചുറ്റും കടലാണെങ്കിലും കഴിക്കാന്‍ നല്ല മീന്‍ അവിടെ കിട്ടാറില്ലെന്ന് അവിടെയുളളവര്‍ തന്നെ പറയും. അത് ശരിക്കും അനുഭവത്തില്‍ ഞങ്ങള്‍ നേരിട്ടറിഞ്ഞ കാര്യംകൂടിയായിരുന്നു ആ യാത്ര.

gayathri-travel2

ദ്വീപില്‍ നിന്ന് കഴിച്ച മീന്‍ മകള്‍ കല്യാണിയ്ക്ക് ഫുഡ് ഇന്‍ഫക്ഷനുണ്ടാക്കി. നല്ല ഛര്‍ദിയും പനിയുമായി മകള്‍ പിച്ചും പേയും പറയുന്ന അവസ്ഥവരെ എത്തി. താമസിക്കുന്നയിടത്ത് ആകെയുളളത് ഒരു ആശുപത്രിമാത്രം. അപ്പോള്‍ തിരക്കും എത്രമാത്രമുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. ഒരു വാര്‍ഡ് മാത്രമേയുളളു അവിടെ. പ്രത്യേക ചികിത്സാ സൗകര്യങ്ങളൊന്നുമില്ല. കല്യാണിക്ക് പനി കൂടിവന്നപ്പോള്‍ എന്തുചെയ്യും എങ്ങോട്ട് കൊണ്ടുപോകുമെന്ന ആധിയായി. പിറ്റേന്ന് തിരിച്ച് നാട്ടിലേക്ക് എത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മകളുടെ പനി കാരണം യാത്രചെയ്യാനാവില്ല എന്ന സ്ഥിതികൂടിവന്നതോടെ ശരിക്കും പേടിച്ച അവസ്ഥയായി. യാത്ര പോരണ്ടായിരുന്നു എന്നുവരെ തോന്നിപ്പോയെന്ന് ഗായത്രി പറയുന്നു. പിന്നെ എന്തോ ഭാഗ്യത്തിന് പിറ്റേന്നത്തേക്ക് പനി കുറഞ്ഞ് മകള്‍ ഓക്കെയായതോടെ വേഗം നാട്ടിലേക്ക് എത്തിയാല്‍ മതിയെന്ന് തോന്നിപ്പോയി. ഈ യാത്രക്ക് ശേഷം ഭക്ഷണകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധവയ്ക്കാറുണ്ടെന്നും ഗായത്രി പറയുന്നു.

സോളോ ട്രിപ് ടു റിഷികേശ്...

കൂട്ടുകാരോടൊപ്പം യാത്ര പോവാന്‍ പ്ലാന്‍ ചെയ്യാറുണ്ടെങ്കിലും പല കാര്യങ്ങള്‍ക്കൊണ്ട് അത് നടക്കാതെ പോവാറാണ് പതിവ്. അരുണിനും കല്യാണിക്കുമൊപ്പമുളള യാത്രകളാണ് കൂടുതല്‍. അച്ഛന്റെ മരണശേഷമാണ് സോളോ ട്രിപ് പോവണമെന്ന ആഗ്രഹം തോന്നിയത്. മരണാനന്തര ചടങ്ങുകളിലൊന്നും വിശ്വാസമുളള വ്യക്തിയായിരുന്നില്ല ഗായത്രിയുടെ അച്ഛന്‍. 'ഞാന്‍ മരിച്ചാല്‍ എന്റെ ചിതാഭസ്മം ഏതെങ്കിലും ഒരു പുണ്യനദിയില്‍ ഒഴുക്കി വിട്ടാല്‍ മതി'യെന്ന് ജീവിച്ചിരിക്കുമ്പോള്‍ അച്ഛന്‍ പറയും.

Gayathri-Arun-trip123

അതുകൊണ്ട് അച്ഛനുവേണ്ടി കാശിയിലേക്ക് യാത്ര പോകണമെന്ന് ആഗ്രമുണ്ടായിരുന്നു. എന്നാല്‍ കാശിയിലേക്ക് ഒറ്റക്ക് പോവാനുളള സാഹചര്യമുണ്ടായിരുന്നില്ല. പ്രകൃതി ദുരന്തമുണ്ടായതിനെ തുടര്‍ന്ന് യാത്ര എളുപ്പമായിരിക്കില്ലെന്ന് മനസിലായപ്പോഴാണ് ഋഷികേശിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. അച്ഛന്റെ അപ്രതീക്ഷിത മരണം വല്ലാതെ തളര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ സ്വയം തിരികെപിടിക്കാനുളള ഒരു യാത്ര കൂടിയായിരുന്നു ഋഷികേശ് യാത്ര ഗായത്രിക്ക്.

gayathri-travel4

ബക്കറ്റ് ലിസ്റ്റിലെ യാത്രകള്‍

യാത്രാമോഹങ്ങള്‍ ഒരുപാടുണ്ട് ഗായത്രിക്ക്. അതില്‍ മകള്‍ക്കൊപ്പം മാത്രമായൊരു യാത്രയാണ് ഗായത്രി ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. ലൈഫ് സ്റ്റോറീസ് വിത്ത് ഗായത്രി അരുണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ മകള്‍ കല്യാണിയും ജനപ്രിയയാണ്. ഏത് സാഹചര്യത്തിലും വളരെ അധികം സഹകരിക്കുന്ന കുഞ്ഞാണ് കല്യാണി.

Gayathri-Arun-trip1

അതുകൊണ്ടുതന്നെ കല്യാണിയെ യാത്രകൊണ്ടുപോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മാത്രമല്ല അല്‍പം അഡ്വഞ്ചറസുമാണ് കല്യാണി. പാരഗ്ലൈഡിംഗ് പോലെയുളള കാര്യങ്ങളിലെല്ലാം വലിയ താത്പര്യമാണ് കല്യാണിക്ക്. ഒരിക്കല്‍ സിംഗപൂരിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ പോയപ്പോള്‍ അവിടെയുളള എല്ലാ റൈഡ്‌സിലും ഒരു പേടിയും കൂടാതെ കല്യാണി കയറിയിരുന്നു. മാത്രമല്ല പാമ്പ് പോലുളള ജീവികളെ തൊടാനും എടുക്കാനുമൊന്നും അവള്‍ക്ക് ഒരുപേടിയുമില്ല. മകള്‍ക്കൊപ്പം കൂടുതല്‍ സാഹസിക യാത്രകള്‍ പോണമെന്നാഗ്രഹമുണ്ടെന്നും ഗായത്രി പറയുന്നു.

gayathri-arun

പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊന്ന് മുടങ്ങിപോയ കാശിയാത്രയാണ്. സമയമുണ്ടാക്കി ആ യാത്രയും പൂര്‍ത്തിയാക്കണം. അതുപോലെ സ്വിറ്റ്‌സര്‍ലൻഡിലേക്കും കശ്മീരിലേക്കും യാത്ര പോകാന്‍ ആഗ്രഹമുണ്ടെന്നും ഗായത്രി പറയുന്നു.

കൊടൈക്കനാലിലേക്കൊരു ഹണിമൂണ്‍

ഗായത്രി ഇന്ത്യയ്ക്കു പറുത്തേക്ക് നടത്തിയ യാത്രകള്‍ സിംഗപൂരിലേക്കും ദുബൈയിലേക്കുമാണ്. തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന അങ്ങനെ സൗത്ത് ഇന്ത്യയില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഗായത്രി യാത്രപോയിട്ടുണ്ട്. ഗായത്രിയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞ് ഏതാണ്ട് പതിനാലു വര്‍ഷത്തോളമായി.

Gayathri-Arun-trip3

വിവാഹശേഷം കൊടൈക്കനാലിലേക്ക് ഹണിമൂണ്‍ പോകാനായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ ഇന്ത്യക്കകത്ത് പലയിടത്തും പോയെങ്കിലും കൊടൈക്കനാലിലേക്ക് മാത്രം ഇതുവരെ എത്തിപ്പെട്ടിട്ടില്ല. ഇനിയെങ്കിലും പറ്റിയാല്‍ ആ ഹണിമൂണ്‍ യാത്ര നടത്തണമെന്ന് ഗായത്രി ചിരിയോടെ പറയുന്നു. വയനാടില്‍ ട്രെക്കിങ് ചെയ്തിട്ടുണ്ടെങ്കിലും അല്‍പം അഡ്വഞ്ചറസായ ട്രക്കിങ് നടത്തണമെന്ന ആഗ്രഹവും ഗായത്രി പങ്കുവയ്ക്കുന്നു.

ഇനി ഡയറക്ഷന്‍...

നടിയെന്ന ലേബലില്‍ നിന്ന് എഴുത്തുകാരിയായി, ഇനി സംവിധായിക കൂടി ആവാനുളള ഒരുക്കത്തിലാണ് ഗായത്രി. സ്വന്തമായി എഴുതിയ തിരക്കഥയില്‍ ഒരു മിനിമൂവി സീരീസ് ചെയ്യണമെന്നാണ് ഗായത്രിയുടെ ആഗ്രഹം. അതിന്റെ കഥയെഴുത്ത് നടക്കുകയാണ്. താമസിയാതെ സംവിധാന രംഗത്തും കാണാനാവുമെന്ന പ്രതീക്ഷയും ഗായത്രി പങ്കുവയ്ക്കുന്നു.

English Summary: Memorable Travel Experience by Gayathri Arun 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS