ഭൂട്ടാനിലെ ചരിത്രപാത 60 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തുറന്നു

bhutan
Image Source: https://www.transbhutantrail.com/ official site
SHARE

ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം, പ്രശസ്തമായ ട്രാൻസ് ഭൂട്ടാൻ ട്രയലിന് പുനര്‍ജന്മം. 4,000 കിലോമീറ്ററിലധികം നീളുന്ന ഈ പാത ഹിമാലയൻ രാജ്യത്തിലെ ഒമ്പത് ജില്ലകളിലായി 27 ലധികം ഗ്രാമങ്ങളിലൂടെ കടന്നുപോകുന്നു. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള നാല്‍പതോളം സ്ഥലങ്ങള്‍ ഈ പാതയിലുടനീളമുണ്ട്. ഇവയില്‍ പലതും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

പടിഞ്ഞാറ് ഹാ താഴ്‍‍‍വരയ്ക്കും കിഴക്ക് ട്രാഷിഗാങ് പട്ടണത്തിനും ഇടയിൽ 4033 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ട്രാൻസ് ഭൂട്ടാൻ ട്രയൽ,1962 വരെ ഭൂട്ടാനിലുടനീളം പോകാനുള്ള ഏക ഗതാഗത മാർഗമായിരുന്നു. 1962 ന് ശേഷം ഭൂട്ടാന്‍റെ ആദ്യ ദേശീയ പാതയുടെ നിർമാണത്തോടെ ട്രാൻസ് ഭൂട്ടാൻ ട്രയൽ പ്രധാന ഗതാഗത മാർഗമായി ഉപയോഗിക്കാതായി. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഉപയോഗിക്കാത്തതിനാൽ ഈ പാതയിലെ പാലങ്ങളും നടപ്പാതകളും പടിക്കെട്ടുകളും തകർന്നു.

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് ആണ്  ട്രാൻസ് ഭൂട്ടാൻ പാതയുടെ പുനരുജ്ജീവനത്തിനു പിന്നില്‍. പതിനെട്ടാം നൂറ്റാണ്ടിലെ പാത സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന്‍റെ സവിശേഷമായ ഭൂതകാലവും സംരക്ഷിക്കപ്പെടുമെന്ന് രാജാവ് പ്രതീക്ഷിക്കുന്നു. ട്രാൻസ് ഭൂട്ടാൻ ട്രയൽ ചരിത്രപ്രസിദ്ധമാണ്, ഇത് നിർമിക്കപ്പെട്ട കാലത്ത് ഭരണാധികാരികൾ, വിനോദസഞ്ചാരികൾ, സന്യാസിമാർ, വ്യാപാരികൾ എന്നിവരുടെ ഏക ഗതാഗത മാർഗമായിരുന്നു. സിൽക്ക് റോഡിന്‍റെ ഭാഗമായിരുന്നു ട്രാൻസ് ഭൂട്ടാൻ ട്രയൽ. ഡ്രക് വാംഗ്യാൽ, ട്രാഷി ചോലിംഗ് ക്ഷേത്രങ്ങൾ പോലെയുള്ള പുണ്യസ്ഥലങ്ങളിൽ എത്താൻ ബുദ്ധമതക്കാര്‍ ഈ വഴി ഉപയോഗിച്ചിരുന്നു.

ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ്, വിദേശ സൈനികരുടെ അധിനിവേശത്തെ തടയാൻ ഉപയോഗിച്ചിരുന്ന സോങ്ങുകള്‍ എന്ന പ്രത്യേകതരം കോട്ടകളുടെ ഒരു പരമ്പരയെ ഈ പാത ബന്ധിപ്പിച്ചിരുന്നു. ഗാർപ്‌സ് എന്ന് വിളിക്കപ്പെടുന്ന ട്രയൽ റണ്ണർമാർ, രാജ്യത്തുടനീളമുള്ള സോങ്ങുകള്‍ക്ക് രാഷ്ട്രീയ സന്ദേശങ്ങൾ കൈമാറാനായി ഇതേ പാത ഉപയോഗിച്ചു. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത്, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ട്രാൻസ് ഭൂട്ടാൻ ട്രയൽ ഓർഗനൈസേഷനുമായി ചേർന്ന്, ഗൈഡുകൾ ട്രാൻസ് ഭൂട്ടാൻ ട്രയൽ പാസ്‌പോർട്ട് പ്രോഗ്രാം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഭൂട്ടാനിലുടനീളം 60 ലധികം പാസ്‌പോർട്ട് അംബാസഡർമാരെ നിയമിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

ഇത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ മികച്ച സ്വാധീനം ചെലുത്തുമെന്നും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നതിനും സുസ്ഥിര വരുമാനം നേടുന്നതിനും സ്ത്രീകളെ പ്രാപ്തരാക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രാദേശിക ജനത വിനോദസഞ്ചാരികൾക്ക് അവരുടെ വസതിയിൽ പരമ്പരാഗത ഭക്ഷണവും താമസവും നല്‍കുന്നതിലൂടെ വരുമാനം നേടും. ഇത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഏറെ സഹായകമാകും.

English Summary: Trans Bhutan Trail up and running after 60 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS